ഗുളിക കഴിക്കുമ്പോള്‍ ഈ അളവില്‍ വെള്ളം കുടിക്കണം; കാരണം അറിയാം
പലതരം അസുഖങ്ങള്‍ക്കുമുളള മരുന്നുകള്‍ ഗുളികകളുടെ രൂപത്തിലാണ് ഡോക്ടര്‍മാര്‍ നമുക്ക് കുറിച്ചു നല്‍കുന്നത്. അതിനാല്‍ തന്നെ ഗുളിക കഴിക്കുക എന്നത് നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു കാര്യമായി പലപ്പോഴും മാറാറുണ്ട്. പലരും പലരീതികളിലാണ് ഗുളിക കഴിക്കുന്നത്. ചിലര്‍ വെള്ളം ഉപയോഗിക്കാതെയും ചിലര്‍ ഗുളിക വിഴുങ്ങാന്‍ മാത്രം പാകത്തില്‍ വെള്ളമെടുത്തും, മറ്റ് ചിലര്‍ ചായയുടേയോ കാപ്പിയുടേയുമോ കൂടെയുമൊക്കെയായിട്ടാണ് ഗുളിക കഴിക്കുന്നത്. എന്നാല്‍ നമുക്ക് തോന്നുംപടി ഗുളികകള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഗുളിക കഴിക്കുമ്പോള്‍ നിര്‍ബന്ധമായും വെള്ളം ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്. എങ്കില്‍ മാത്രമെ ഗുളിക വേഗത്തില്‍ അലിഞ്ഞ് ശരീരത്തില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കൂ. അത്‌പോലെ തന്നെ ഗുളിക കഴിക്കാന്‍ മാത്രം ആവശ്യമായ രീതിയില്‍ ചെറിയതോതില്‍ മാത്രം വെള്ളം ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കുറഞ്ഞത് മുക്കാല്‍ ഗ്ലാസ് വെള്ളമെങ്കിലും ഗുളിക കഴിക്കാനായി ഉപയോഗിക്കേണ്ടതാണ്. ഡോസ് കൂടിയ ഗുളികയാണ് കഴിക്കുന്നതെങ്കില്‍ ഒരു ഗ്ലാസിന് അല്‍പം കൂടി മുകളില്‍ വെള്ളം ഉപയോഗിക്കണം.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ചെറുചൂടുവെള്ളത്തിലോ അല്ലെങ്കില്‍ സാധാരണ വെള്ളത്തിലോ മാത്രം ഗുളിക കഴിക്കുക എന്നത്.അമിതമായ ചൂടോ,തണുപ്പോ ഉള്ള വെള്ളം ഗുളിക കഴിക്കാനായി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ല.ചിലര്‍ പാല്‍, അല്ലെങ്കില്‍ ജ്യൂസ് എന്നിവയുടെ കൂടെ ഗുളിക കഴിക്കുന്നത് കാണാം. ഇത്തരത്തില്‍ കഴിച്ചാല്‍ ഗുളിക ലയിച്ച് ചേരാനുള്ള സമയം കൂടുന്നതിന് ഇത് കാരണമാകുന്നു.അതുപോലെ തന്നെ, ആഹാരം കഴിച്ച് കഴിഞ്ഞ് കഴിക്കേണ്ട മരുന്നുകള്‍ ആഹാരം കഴിച്ച് അര മണിക്കൂറിനുള്ളില്‍ കഴിക്കുക. അതുപോലെ, ആഹാരത്തിന് മുന്‍പ് കഴിക്കേണ്ടവ, ആഹാരം കഴിക്കാന്‍ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പേ കഴിക്കാം.
Content Highlights:Are You Taking the Right Amount of Water With Your Medicine
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."