ബി.ജെ.പിയില്‍ സുരേന്ദ്രനെതിരെ പടനീക്കം ? : വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി നേതാക്കള്‍
തിരുവനന്തപുരം: പുന:സംഘടനയിലൂടെ പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കാനുള്ള കെ.സുരേന്ദ്രന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. ദേശീയ നേതൃത്വത്തിന്റെ അനുഗ്രാശിസുകളോടെ എതിരാളികളെ ഒതുക്കിയെന്ന് കരുതിയപ്പോഴാണ് ശക്തമായ നീക്കങ്ങളുമായി പി.കെ കൃഷ്ണദാസ് വിഭാഗം രംഗത്ത് വന്നത്.
ചാനല്‍ ചര്‍ച്ചകള്‍ക്കായുള്ള ബി.ജെ.പി സംസ്ഥാന ഘടകം വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങിപ്പോക്ക് നടത്തിയാണ് എതിര്‍ വിഭാഗം ആദ്യവെടി പൊട്ടിച്ചത്.പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഇന്ന് പുറത്തുപോയത്. കെ .സുരേന്ദ്രന്‍ അഡ്മിനായ ഗ്രൂപ്പില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത് വ്യക്തമായ സന്ദേശം നല്‍കി കൊണ്ടാണ്. കൃഷ്ണദാസ് പക്ഷത്തെ പി.ആര്‍ ശിവശങ്കരനെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കളുടെ വിട്ടുപോകലിന് പെട്ടെന്നുണ്ടായ പ്രകോപനം ഇതാണെങ്കിലും പുന:സംഘടനെ ചൊല്ലിയുയര്‍ന്ന അസ്വാരസ്യങ്ങളാണ് മുഖ്യകാരണമെന്ന് വ്യക്തമാണ്.ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നൊഴിവാക്കപ്പെട്ട ശോഭാ സുരേന്ദ്രന്‍ കെ.സുരേന്ദ്രനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്.
ഇതിനിടെ പുതിയ ജില്ലാ പ്രസിഡന്റിനെ നിയോഗിച്ചതിനെ ചൊല്ലി വയനാട്ടില്‍ ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര കലഹം രൂക്ഷമായി . അഴിമതിയാരോപണം നേരിടുന്ന കെ.പി മധുവിനെ പ്രസിഡന്റാക്കിയതിനെതിരെയുള്ള അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിക്കുകയാണ് നേതാക്കള്‍ . മധുവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഒരു വിഭാഗം വിട്ടു നിന്നിരുന്നു.
കൂട്ടരാജിക്കും പരസ്യപ്രതിഷേധത്തിലും ഒതുങ്ങാതെ വയനാട് ജില്ലയില്‍ ബി.ജെ.പിക്കുള്ളിലെ ഭിന്നത രൂക്ഷമാകുകയാണ്. കെ.സുരേന്ദ്രന്‍ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി മധുവിനെ അംഗീകരിക്കാനാകില്ലെന്ന നിലപാട് കടുപ്പിക്കുകയാണ് നേതാക്കള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി നിയോജക മണ്ഡലത്തിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കെ.പി മധുവിനെതിരെ ആരോപണങ്ങളുയര്‍ന്നിരിക്കുകയാണ്. സ്ഥാനാരോഹണ ചടങ്ങില്‍ വിയോജിപ്പ് പരസ്യമാക്കി മുന്‍ അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു.
തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ യഥാര്‍ഥത്തില്‍ ലക്ഷ്യം വയ്ക്കുന്നത് സംസ്ഥാന അധ്യക്ഷനെയാണെന്നാണ് പുതിയ പ്രസിഡന്റ് കെ.പി മധു പ്രതികരിച്ചത്. കെ.പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് പോഷക സംഘടനകളായ യുവമോര്‍ച്ചയുടെയും മഹിളമോര്‍ച്ചയിലെയും ഭൂരിഭാഗം നേതാക്കളും വിട്ടു നിന്നിരുന്നു. പുന:സംഘടനയില്‍ പ്രതിഷേധിച്ച് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച കെ.ബി മദന്‍ലാലിനെ സസ്‌പെന്റ് ചെയ്തു കൊണ്ടാണ് ഔദ്യോഗിക നേതൃത്വം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."