ഐഫോണ്‍ 13 ഉല്പാദനം വെട്ടിക്കുറച്ച് ആപ്പിള്‍
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലാണ് ഐഫോണ്‍ 13. അടുത്തിടെയാണ് ഐഫോണ്‍ 13 മോഡല്‍ നിര ആപ്പിള്‍ പുറത്തിറക്കിയത്. സിനിമാറ്റിക്ക് വീഡിയോ ഷൂട്ടിങ് അടക്കമുള്ള പ്രത്യേകതകളും ഹാര്ഡ്വെയറുകളില് വലിയ മാറ്റങ്ങളും ഈ മോഡലില്‍ ആപ്പിള്‍ കൊണ്ടുവന്നിരുന്നു. പിന്നാലെ വലിയ സ്വീകാര്യതയാണ് ഐഫോണ്‍ പ്രേമികള്ക്കിടയിലുണ്ടായത്.
ഐഫോണ്‍ 13 ഉല്പാദനം വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ചിപ്പ് ലഭ്യതക്കുറവ് കാരണമാണ് വലിയ തോതില്‍ ഉല്പാദനം കുറയ്ക്കുന്നത്. ഈ വര്‍ഷം ആകെ 90 മില്യണ്‍ യൂനിറ്റ് ഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉല്പാദനത്തില് 10 മില്യണ്‍ യൂനിറ്റിന്റെ കുറവുവരുത്തിയേക്കുമെന്നാണ് ബ്ലൂംബെര്‍ഗ് നല്കുന്ന റിപ്പോര്‍ട്ട്.
ആപ്പിളിന് ചിപ്പ് നല്കുന്ന ബ്രോഡ്കോം ഐ.എന്‍.സി, ടെക്സാസ് ഇന്‍സ്ട്രുമെന്റ്സ് എന്നീ കമ്പനികള്‍ ഉപകരണങ്ങള്‍ നല്കാന് ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആപ്പിളിന്റെ ഷെയര്‍ 1.2 ശതമാനവും ടെക്സാസ് ഇന്സ്ട്രുമെന്റ്സിന്റെയും ബ്രോഡ്കോമിന്റെയും ഷെയറുകള്‍ ഒരു ശതമാനം വീതവും ഇടിഞ്ഞു.
സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. മറ്റു രണ്ടു കമ്പനികളുടെ പ്രതികരണവും ലഭ്യമായിട്ടില്ല.
ചിപ്പുകളുടെ ലഭ്യതക്കുറവ് ഓട്ടോമൊബൈല്‍, ഐ.ടി നിര്‍മാണക്കമ്പനികളില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അടക്കം ഈ പ്രശ്നം ബാധിച്ചിട്ടുണ്ട്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ലഭ്യതക്കുറവ് കാരണം സെപ്റ്റംബറിലെ നിര്‍മാണത്തില്‍ മാരുതി സുസുക്കിക്ക് വന്‍ കുറവാണുണ്ടായത്.
2020 സെപ്റ്റംബര്‍ 1,66,086 കാറുകള്‍ നിര്‍മിച്ചിരുന്ന മാരുതി സുസുക്കി ഇപ്രാവശ്യം സെപ്റ്റംബറില്‍ വെറും 81,278 കാറുകള്‍ മാത്രമാണ് ഉല്പാദിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."