ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന സംഭവം: അറബി പത്രങ്ങളിലും വാര്‍ത്തയായി
മനാമ: ഇന്ത്യയില്‍ ക്ഷയ രോഗം ബാധിച്ചു മരിച്ച ഭാര്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാതെ മൃതദേഹം ചുമലിലെടുത്ത് ഭര്‍ത്താവ് കിലോമീറ്ററുകള്‍ നടന്ന സംഭവം അറബി പത്രങ്ങളിലും വാര്‍ത്തയായി. ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതാണെങ്കിലും സംഭവം അറബ് രാഷ്ട്ര തലവന്മാരും ശ്രദ്ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ അക്ബാറുല്‍ ഖലീജ് ദിനപത്രത്തില്‍ ഫോട്ടോ സഹിതം വന്ന വാര്‍ത്തയെ തൂടര്‍ന്ന് ബഹ്‌റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ മരിച്ച യുവതിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ ഭര്‍ത്താവ് ദനാ മജ്ഹിയുടെ ദയനീയത വിവരിച്ചുള്ള റിപ്പോര്‍ട്ട് വായിച്ചതിനെത്തുടര്‍ന്നാണ് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി മുഖേന തന്റെ സഹായമെത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ ഗള്‍ഫ് ഡെയ് ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രസ്തുത സംഭവം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ഖലീഫ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെ ഒഡീഷയിലെ പിന്നാക്ക ജില്ലയായ കലാഹന്തിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ക്ഷയരോഗിയായ ഭാര്യ ആശുപത്രിയില്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം വാഹനത്തില്‍ കൊണ്ടു പേകാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് ദനാ മജ്ഹി എന്ന 42 കാരന്‍ 60 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് 12 വയസ്സുള്ള മകള്‍ക്കൊപ്പം നടന്നു തുടങ്ങിയത്.
കബിളിപ്പുതപ്പില്‍ പൊതിഞ്ഞെടുത്ത മൃതദേഹം തോളിലേറ്റി ഇയാള്‍ പത്തു കിലോ മീറ്ററോളം നടന്നിരുന്നു. ഇതിനിടെ ഒരു പ്രാദേശിക മാദ്ധ്യമ സംഘമാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മാദ്ധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിച്ചതിനെത്തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുകയായിരുന്നു.
താന്‍ ദരിദ്രനാണെന്നും ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍ അവര്‍ക്കു സഹായിക്കാനാകില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും യുവാവ് പറഞ്ഞിരുന്നു. ഇക്കാര്യം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, ആശുപത്രികളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി ഒഡീഷാ സര്‍ക്കാര്‍ മഹാപാരായണ എന്ന പേരില്‍ പ്രത്യേക പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ദനാ മഹ്ജിയുടെ ഈ ദുരനഭവമെന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അറബ് പത്രങ്ങളടക്കം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലും ഈ സംഭവം വീഡിയോ ഉള്‍പടെ പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."