അദ്വാനിയും ജോഷിയും അനുഭവിക്കുന്നത്പാപത്തിന്റെ പ്രതിഫലമോ?
സിദ്ധാർത്ഥ് ഭാട്ടിയ
2024 ജനുവരി 22നു നടക്കാനിരിക്കുന്ന അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു ബി.ജെ.പി കുടുംബത്തിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് രാമക്ഷേത്രം ട്രസ്റ്റ്. തൊണ്ണൂറ്റിയാറുകാരനായ അദ്വാനിയുടെയും അടുത്ത മാസം തൊണ്ണൂറു തികയുന്ന ജോഷിയുടെയും പ്രായവും ആരോഗ്യവും പരിഗണിച്ചുകൊണ്ടാണ് ഇങ്ങനെയൊരു ആവശ്യം രാമക്ഷേത്ര ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, ഈ മുതിര്‍ന്ന നേതാക്കളുടെ ആരോഗ്യം സംബന്ധിച്ച് രാമക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികള്‍ക്കുള്ള ആധിയൊന്നും വിശ്വഹിന്ദു പരിഷത്തിന് (വി.എച്ച്.പി) ഇല്ലെന്നുവേണം മനസിലാക്കാന്‍.
കാരണം, ഇരുവരും തീര്‍ച്ചയായും പങ്കെടുക്കണമെന്നാണ് വി.എച്ച്.പിയുടെ പ്രധാന ആവശ്യം. രാമക്ഷേത്ര ട്രസ്റ്റും വി.എച്ച്.പിയും ഇതുസംബന്ധിച്ച് രണ്ടു വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും രാമക്ഷേത്ര ഉദ്ഘാടനത്തില്‍ സന്നിഹിതരാകുമോ എന്നത് വലിയ വാര്‍ത്തയായി തന്നെ അവശേഷിക്കും.
രാഷ്ട്രീയചരിത്രത്തിലെ വലിയൊരു മറവിയുടെ, അല്ലെങ്കില്‍ തകര്‍ച്ചയുടെ ഉദാഹരണമായി ഈ രണ്ടു രാഷ്ട്രീയവ്യക്തിത്വങ്ങളുടെ രാഷ്ട്രീയജീവിതത്തെ കാണാവുന്നതാണ്. അടുത്തമാസം നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ ഹിന്ദുത്വ സ്വപ്നങ്ങള്‍ക്കു വിത്തുപാകിയത് അദ്വാനിയായിരുന്നു. 1990ല്‍ അദ്വാനി നടത്തിയ രഥയാത്രയിലൂടെയാണ് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നത്. ഒരര്‍ഥത്തില്‍ രാമജന്മഭൂമിയുടെ ശില്‍പി എന്നുവേണമെങ്കില്‍ അദ്വാനിയെ വിശേഷിപ്പിക്കാം. ഒരു രഥത്തിന്റെ മാതൃകയിലേക്ക് തന്റെ ടൊയോട്ട വാഹനം രൂപമാറ്റം വരുത്തി ഇന്ത്യ മുഴുവനും സഞ്ചരിച്ച അദ്വാനി, നാന്നൂറു വര്‍ഷത്തോളമായി പള്ളി സ്ഥിതിചെയ്യുന്ന മണ്ണില്‍ ക്ഷേത്രം പണിയണമെന്ന അജന്‍ഡ പ്രചരിപ്പിച്ചു.
തല്‍ഫലമായി രാജ്യത്തെ മുസ്‌ലിംകള്‍ വലിയതോതിലുള്ള ആക്രമണങ്ങള്‍ക്കിരകളായി. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. അവകാശമുറപ്പിക്കാനായി ബാബരി മസ്ജിദിനുള്ളിൽ ശ്രീരാമവിഗ്രഹം സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു എന്ന കള്ളക്കഥ പ്രചരിപ്പിച്ചു. ഈ സമയം സന്തോഷാധിക്യത്താല്‍ ആശ്ലേഷിക്കുന്ന മുരളി മനോഹര്‍ ജോഷിയുടെയും ഉമാ ഭാരതിയുടെയും ചിത്രം ഹിന്ദുത്വ ആശയത്തിന്റെ മറ്റൊരു നേര്‍ചിത്രമാണ്. ഇതേതുടര്‍ന്ന് മുസ്‌ലിംകള്‍ക്കു നേരെ അതിതീവ്രമായ വേട്ടയാടലുകളും ആക്രമണങ്ങളും നടന്നു.
പിന്നീടുണ്ടായത് ഹിന്ദുത്വ രാഷ്ട്രീയനേട്ടങ്ങളുടെ കാലഘട്ടം. ശിവസേന- ബി.
ജെ.പി സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനായി. 1996ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി മുന്നണി ഡല്‍ഹിയില്‍ അധികാരമേറ്റു. 2004 വരെ വാജ്‌പേയി അധികാരത്തില്‍ തുടര്‍ന്നു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നരേന്ദ്ര മോദിയും ഇന്ദ്രപ്രസ്ഥത്തിലെത്തി. ഈ സമയത്താണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഒരുകൂട്ടം വ്യക്തികള്‍ക്കും മസ്ജിദ് തകര്‍ത്ത രാഷ്ട്രീയസംഘങ്ങളുമായി ബന്ധമുള്ള ചില സംഘടനകള്‍ക്കുമായി സുപ്രിംകോടതി വിട്ടുനല്‍കുന്നത്. അഥവാ, പള്ളി പൊളിച്ചവര്‍ എന്താണോ ഉദ്ദേശിച്ചത് അതിനു നിയമപരമായ സാധുത നല്‍കുകയാണ് സുപ്രിംകോടതി ചെയ്തത്. ഇന്നിപ്പോള്‍ ഈ സ്ഥലം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ഒരുങ്ങുകയും ചെയ്യുന്നു
ഒരേസമയം രാമക്ഷേത്രത്തിന്റെയും നരേന്ദ്ര മോദിയുടെയും വളര്‍ച്ചയ്ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിച്ചത് എല്‍.കെ അദ്വാനിയാണെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് അദ്വാനിയെ ക്ഷണിക്കാതിരിക്കുക എന്നത് ആ രാഷ്ട്രീയക്കാരനെ നിന്ദിക്കൽ കൂടിയാണ്. അദ്വാനി മോദിയ്ക്കു ചെയ്ത 'രാഷ്ട്രീയസഹായങ്ങള്‍' ഇതിലവസാനിക്കുന്നില്ല. 2002ല്‍ മോദിഭരണത്തിനു കീഴില്‍ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ അതിക്രൂരമായ ആക്രമണങ്ങള്‍ നടക്കുന്ന ഘട്ടം. ബി.ജെ.പി നേതൃത്വം മോദിയെ നീക്കംചെയ്യാന്‍ തുനിഞ്ഞപ്പോള്‍ മോദിയ്‌ക്കൊപ്പംനിന്ന് പിന്തുണ നല്‍കിയത് അദ്വാനിയായിരുന്നു.
എന്നാല്‍, മോദി പ്രധാനമന്ത്രിയായപ്പോള്‍ അദ്വാനിയോടുള്ള കടപ്പാട് വീട്ടിയില്ലെന്നു മാത്രമല്ല, അത് ഓര്‍ക്കാന്‍പോലും തയാറായില്ലെന്നു തന്നെ പറയാം. പകരം അദ്വാനിയെയും മറ്റുചില മുതിര്‍ന്ന നേതാക്കന്മാരെയും മാര്‍ഗദര്‍ശക് മണ്ഡല്‍ എന്ന പേരിനൊരു സമിതിയുണ്ടാക്കി അതിലിരുത്തി.
പാര്‍ട്ടിയ്ക്കു മാര്‍ഗനിര്‍ദേശം നല്‍കാനുള്ള മുതിര്‍ന്നവരുടെ സമിതി എന്നാണു പേരെങ്കിലും അത്തരമൊരു സമിതിയുടെ നിര്‍ദേശങ്ങളോ പ്രവര്‍ത്തനങ്ങളോ പിന്നെ കണ്ടിട്ടില്ല.
തലനരച്ച കുറച്ചുപേരെ മാറ്റിനിര്‍ത്തിയതോടെ ഇവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നുപോലും അപ്രസക്തരായി പോവുകയായിരുന്നു. അദ്വാനിയോ ജോഷിയോ ആരാണെന്നുപോലും യാതൊരു ധാരണയുമില്ലാത്ത ഒരു തലമുറയാണിന്ന് ബി.ജെ.പിയിലുള്ളത്. അവരെ സംബന്ധിച്ച് പൊടുന്നനെ ഒരുദിവസം എല്ലാവരെയും കവച്ചുവച്ച് നരേന്ദ്ര മോദി അധികാരത്തിലെത്തിയെന്നും തോന്നുന്നതെല്ലാം പ്രവര്‍ത്തിക്കുന്നുവെന്നുമാണ്.
ഇവിടെ ഉയര്‍ന്നുവരുന്ന പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും അവഗണിക്കുമ്പോള്‍, അവഹേളിക്കുമ്പോള്‍ ഇതിനോട് നാം എങ്ങനെയാണ് പ്രതികരിക്കേണ്ടത്? ഇന്ന് അവഗണിക്കപ്പെടുന്നവര്‍ സഹതാപത്തിന് അര്‍ഹരാണോ? അവരുടെ പരിശ്രമങ്ങളുടെ പൂര്‍ത്തീകരണം കാണാനുള്ള അവസരം അവര്‍ക്കു നല്‍കേണ്ടതില്ലേ? അതോ, ക്ഷേത്രം ട്രസ്റ്റ് ഈ നേതാക്കളുടെ ആരോഗ്യത്തില്‍ ഇത്രയേറെ ശ്രദ്ധാലുക്കളാണോ? അദ്വാനിയെ നേരില്‍ക്കണ്ട് ഇടപഴകിയ പല പത്രപ്രവര്‍ത്തകരും പ്രമുഖരും പറയുന്നത്, വളരെ മാന്യനും സൗമ്യനുമായ വ്യക്തിയാണ് അദ്ദേഹമെന്നാണ്. എന്നാൽ അതാണോ യാഥാർഥ്യം.
രഥയാത്ര നടന്ന രാഷ്ട്രീയ ഇന്ത്യയില്‍ ജീവിച്ചിരുന്നവര്‍ക്ക് ഒരുപക്ഷേ, ആ കാലഘട്ടം ഓര്‍മയുണ്ടായിരിക്കും. രഥയാത്രയാല്‍ ഇളക്കിമറിക്കപ്പെട്ട് സമൂഹത്തിലെ എല്ലാ വര്‍ഗീയതയും പുറത്തുചാടിയ ഘട്ടം. രാജ്യത്തിന്റെ എല്ലാ മതേതരമൂല്യങ്ങളും വ്യര്‍ഥമായൊരു കാലം. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ഭീകരമായ പതിപ്പുകള്‍ സാധാരണ മനുഷ്യജീവിതങ്ങള്‍ക്കിടയിലും നുഴഞ്ഞിറങ്ങി തുടങ്ങുന്നത് അക്കാലഘട്ടത്തിലാണ്. ഇതു തെരുവുകളിലെ ആക്രമണങ്ങളില്‍ ഒതുങ്ങിയില്ല. നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നര്‍പോലും പെട്ടെന്നൊരു സുപ്രഭാതത്തില്‍ തങ്ങളുടെ വിശിഷ്ടമായ ഹിന്ദു വേരുകളെപ്പറ്റി കൂടുതല്‍ ബോധവാന്മാരായി തുടങ്ങി.
ബഹുമാന്യമായ ഇടങ്ങളില്‍പോലും എന്തുകൊണ്ട് നാം ഹിന്ദുക്കള്‍, നമ്മുടെ ഈ രാജ്യത്ത് സ്ഥാനം നിലനിര്‍ത്തണം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നിരന്തരം, അവിശ്രമം നടന്നു. സ്വതന്ത്രമായി ന്യൂനപക്ഷവിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ആരംഭിച്ചു. ഇന്നു പല കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും കാണുന്ന വര്‍ഗീയതയും അപരമത വിദ്വേഷവും തലപൊക്കുന്നത് ഈ രഥയാത്രയോടെയാണെന്ന് കൃത്യതയോടെയും വ്യക്തതയോടെയും പറയാം.
അദ്വാനിയുടെ രഥയാത്രയ്ക്കു 33 വര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പി ഇന്ന് അധികാരത്തിന്റെ അഹങ്കാരത്തില്‍ കാണുന്നതെല്ലാം നടപ്പില്‍ വരുത്തുന്നു. നമ്മളിന്ന് ജീവിക്കുന്ന സാഹചര്യവും ഭാവിയില്‍ ഈ രാജ്യം എന്താകുമെന്നും ഓര്‍ക്കുമ്പോള്‍ പതിയിരിക്കുന്ന മറ്റൊരു ചതിയുണ്ട്. അന്നത്തെ രാഷ്ട്രീയം ലളിതവും ഇന്നത്തേക്കാള്‍ നിഷ്‌കളങ്കവുമായിരുന്നെന്നൊരു മിഥ്യാബോധം നമ്മെ പിടിച്ചടക്കും. എന്നാല്‍, അങ്ങനെയല്ല എന്നതാണ് വാസ്തവം. മതത്തെ മുന്നില്‍നിര്‍ത്തി അധികാരം പിടിച്ചെടുക്കാനുള്ള അടവായിരുന്നു അദ്വാനിയുടെ രഥയാത്ര. അന്നതിന് ഒരു പരിധിവരെ മാത്രമേ വിജയിക്കാനായുള്ളൂ. അന്ന് വാജ്‌പേയി സര്‍ക്കാര്‍ സഖ്യഭരണകൂടം ആയിരുന്നതിനാല്‍ ബി.ജെ.പിയുടെ പല പദ്ധതികളും അതിരുകടക്കുമ്പോള്‍ മറ്റു സഖ്യകക്ഷികള്‍ നിയന്ത്രിക്കാൻ മുന്നോട്ടു വന്നിരുന്നു.
ചില മേഖലകളിലെല്ലാം അവര്‍ അതിക്രമിച്ചു കടന്നെങ്കിലും മാധ്യമങ്ങള്‍ക്ക് ഇത്രമേല്‍ വിധേയത്വമുണ്ടായിരുന്നില്ല. നീതിന്യായ വ്യവസ്ഥ സ്വതന്ത്രമായിരുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങളും ഉയരുമായിരുന്നു. എന്നാല്‍ മിന്നും വാഗ്ദാനങ്ങളുണ്ടായിട്ടുപോലും 2004ല്‍ വാജ്‌പേയി സര്‍ക്കാരിനെ ഇന്ത്യന്‍ പൊതുസമൂഹം താഴെയിറക്കി.
ഇന്നിപ്പോള്‍ പരിശോധിക്കാനോ നിയന്ത്രിക്കാനോ ആരുമില്ല. മാധ്യമങ്ങള്‍ ഭരണകൂടത്തിനു മുന്നില്‍ മുട്ടുകുത്തിക്കഴിഞ്ഞു. കോടതിയും പാര്‍ലമെന്റിലെ പ്രതിപക്ഷം പോലും നിശബ്ദരാക്കപ്പെടുന്ന സാഹചര്യം. ഏറ്റവും അപകടകരം, തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു ക്ഷതമേറ്റാല്‍ പോലും നരേന്ദ്ര മോദിയും ഭരണകൂടവും എന്തു ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന ഭക്തരായി ഇന്ത്യന്‍ പൊതുസമൂഹം മാറിയിരിക്കുന്നു എന്നതാണ്. ആത്യന്തികമായി ചിന്തിക്കുമ്പോള്‍ ഇതെല്ലാം അദ്വാനിയുടെ രഥയാത്രയുടെ ഫലമാണുതാനും. അതിനാല്‍ ഇന്നത്തെ ഇന്ത്യയിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് തന്റെ പിന്‍ഗാമികളാല്‍ അവഗണിക്കപ്പെട്ടാല്‍ സഹതാപം തോന്നേണ്ട കാര്യമില്ലെന്നു സാരം. ചെയ്തതിന്‍ ഫലം തിരിച്ചുകിട്ടുന്നുവെന്നു മാത്രം.
(മാധ്യമപ്രവർത്തകനായ ലേഖകൻ
ദി വയറിൽ എഴുതിയതിന്റെ സംക്ഷിപ്തം)
Content Highlights:What Advani and Joshi are experiencing is the reward of sin?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."