ഡല്‍ഹി നിശബ്ദപലായനത്തിന്റെ കാലം
കെ.എ സലിം
ഗെറ്റോകളുടെ സുരക്ഷിതത്വത്തിലേക്കുള്ള നിശബ്ദപലായനമാണ് ഡല്‍ഹിയിലെ പുതിയ കാലത്തിന്റെ കാഴ്ച. ഡല്‍ഹി രണ്ടായി പകുക്കപ്പെട്ടിരിക്കുന്നു. അവിടെ ഇപ്പോള്‍ മുസ്‌ലിം ഗല്ലികളും ഹിന്ദു ഗല്ലികളുമുണ്ട്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പലായനവുമുണ്ട്. പുതുതായെത്തുന്നൊരാള്‍ക്ക് ഈ രണ്ടിലൊന്നായേ ഡല്‍ഹിയോടൊപ്പം ചേരാനാകൂ. എം. മുകുന്ദന്റെ ഡല്‍ഹിയിലെ എല്ലാവരുടെയും വിയര്‍പ്പുകള്‍ കൂടിക്കലര്‍ന്ന ആരുടേതുമല്ലാത്ത, എന്നാല്‍ എല്ലാവരുടേതുമായ ഡല്‍ഹി നഗരം ഇപ്പോഴില്ല. കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് ഡല്‍ഹി എത്ര മാറിയെന്ന് അതിശയിക്കാനെ പറ്റൂ. ഇന്ത്യയെന്ന വികാരത്തിലേക്ക് ഓരോ ഇന്ത്യക്കാരനെയും കൂടുതല്‍ വലിച്ചടുപ്പിച്ചിരുന്ന ഇടമായിരുന്നു ഡല്‍ഹി. അവിടെയെത്തുന്ന ഓരോരുത്തര്‍ക്കും മുന്നില്‍ അമ്പരപ്പും അതിശയവുമായി പാഠപുസ്തകങ്ങളില്‍ നിന്നിറങ്ങി കണ്‍മുന്നില്‍ വന്നുനില്‍ക്കുന്ന ഡല്‍ഹി ഇന്ന് പഴങ്കഥയാണ്.
ഒരിക്കല്‍ അധികാര കേന്ദ്രങ്ങളില്‍ മലയാളിത്തനിമ കോറിയിട്ട ശക്തമായ നേതാക്കളുടെ സാന്നിധ്യം ഡല്‍ഹിയില്‍ ഇപ്പോഴില്ല. മലയാളികളായ എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും തലയെടുപ്പുള്ള തലമുറയില്ല. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുപിടിക്കേണ്ടതാണെന്ന് കരുതുന്ന ഭരണകൂടവുമില്ല. അധികാരത്തിലിരിക്കുന്ന ശക്തികളെ ചോദ്യം ചെയ്യാന്‍ ശേഷിയുള്ള വിലക്കെടുക്കപ്പെടാത്ത മാധ്യമങ്ങളില്ല. കുടിയേറ്റ മലയാളികളുടെ ഈ നിസ്സഹായതയ്ക്കിടയിലാണ് മുസ്‌ലിംകളുടെ സുരക്ഷ തേടിയുള്ള പലായനം കൂടി നടക്കുന്നത്. ഡല്‍ഹി കലാപത്തിന് ശേഷം ശിവ്‌വിഹാറിലും കാര്‍വാര്‍ നഗറിലുമുള്ള മുസ്‌ലിംകള്‍ കിട്ടിയവിലയ്ക്ക് വീടുകള്‍ വിറ്റ് മുസ്തഫാബാദിലേക്കും ഒഖ്‌ലയിലേക്കും കുടിയേറി. പ്രദേശത്തെ ഹിന്ദു സമ്പന്നര്‍ ഇവരുടെ വീടുകള്‍ കുറഞ്ഞവിലയ്ക്ക് വാങ്ങി ഉയര്‍ന്നവിലക്ക് മറിച്ചുവിറ്റു. വീടു വില്‍ക്കാനാവാതെ ഇപ്പോഴും പേടിയോടെ അവിടെ താമസിക്കേണ്ടിവരുന്നവര്‍ പിന്നെയും ബാക്കിയുണ്ട്.ഹോളി, ദസറ, ദീപാവലി പോലുള്ള ഹിന്ദു ആഘോഷക്കാലത്ത് അവര്‍ക്ക് അവിടെ നിന്ന് താല്‍ക്കാലികമായെങ്കിലും മറ്റൊരിടത്ത് ബന്ധു വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നു. ഒരോ കലാപവും ഇത്തരത്തിലുളള പലായനങ്ങളുണ്ടാക്കും. എന്നാല്‍, ജാമിഅ നഗറും ബട്‌ലാ ഹൗസും പോലുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്കുള്ള പലായനം ഒരു കലാപാനന്തര വാര്‍ത്തയല്ല. 2016ന് ശേഷം തന്നെ പലായനം വ്യാപകമായിട്ടുണ്ട്. കലാപമുണ്ടായ സ്ഥലങ്ങളില്‍നിന്ന് മാത്രമല്ല കുടിയേറ്റം നടക്കുന്നത്. വീടുകള്‍ വിറ്റും അല്ലാതെയും മുസ്‌ലിംകള്‍ സ്വന്തം മതക്കാര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലേക്ക് പലായനം ചെയ്യുന്നു. മലയാളികളടക്കമുള്ള മുസ്‌ലിംകളായ കുടിയേറ്റക്കാര്‍ ഇന്ന് വീടുകള്‍ തിരയുന്നത് മുസ്‌ലിം പ്രദേശങ്ങളിലാണ്. ഹിന്ദുക്കള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ക്ക് വാടകയ്ക്ക് പോലും വീടു കിട്ടാത്ത ഡല്‍ഹി ഇന്ന് ഒറ്റപ്പെട്ട വാര്‍ത്തയല്ല. വീടുകള്‍ക്കായി ഇടനിലക്കാരെ വിളിക്കുമ്പോള്‍ ഏതു മതമാണെന്നാണ് ആദ്യ ചോദ്യം. മുസ്‌ലിമാണെങ്കില്‍ വീടില്ല.
സിഖുകാര്‍ ഭൂരിപക്ഷമായ ജങ്പുര പോലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും മുസ്‌ലിംകള്‍ക്ക് വീടു കിട്ടാവുന്ന ഇടങ്ങളായി ബാക്കിയുണ്ടെങ്കിലും അതെല്ലാം ചെറിയ തുരുത്തുകളാണ്. ഇന്ത്യയുടെ ബാക്കിഭാഗങ്ങള്‍ക്കൊപ്പം മാറിയ ഡല്‍ഹിയും തിരസ്‌കരണത്തിന്റെയും സാമൂഹിക ഉള്‍ഭയത്തിന്റെയും തലസ്ഥാനമായി മാറുകയാണ്. എന്തെല്ലാം പരിമിതികള്‍ക്കിടയിലും, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള മലയാളികളുടെ കൈത്താങ്ങ് ഡല്‍ഹിയിലുണ്ടായിരുന്നു. പുതിയ കാലത്ത് അതിനുള്ള സാധ്യതകളും കുറഞ്ഞുവരികയാണ്. 1984ലെ സിഖ് വംശഹത്യയ്ക്ക് ശേഷം ഇരുമ്പു ഗ്രില്ലുകളും പടുകൂറ്റന്‍ ഗേറ്റുകളുംകൊണ്ട് സുരക്ഷിതമാക്കിയ വാസസ്ഥലങ്ങള്‍ നിറഞ്ഞതാണ് ഡല്‍ഹി. അക്കാലത്ത് ശാന്തി നഗറും സക്കര്‍പൂരും പോലുള്ള സ്ഥലങ്ങളില്‍ നിന്ന് സിഖുകാര്‍ കൂട്ടത്തോടെ പലായനം ചെയ്തു. അങ്ങനെയാണ് തിലക് നഗറും തിലക് വിഹാറുമെല്ലാം സിഖ് ഗെറ്റോകളായി രൂപപ്പെട്ടത്.
ഒരുകാലത്ത് നിരവധി മുസ്‌ലിം കുടുംബങ്ങള്‍ താമസിച്ചിരുന്ന സ്ഥലങ്ങളായിരുന്നു കരോള്‍ബാഗും പഹാര്‍ഗഞ്ചും സബ്ജി മണ്ഡിയുമെല്ലാം. വര്‍ഗീയ കലാപമുണ്ടായിട്ടില്ലെങ്കില്‍പ്പോലും ഇവിടെ മുസ്‌ലിംകള്‍ ഇന്നില്ല. പഴയ ഡല്‍ഹിയിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഇടകലര്‍ന്ന് താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്നുപോലും പലായനമുണ്ടായി. ഗെറ്റോവല്‍ക്കരണം നാസി ജര്‍മനിയില്‍ ജൂതകൂട്ടക്കൊലയുടെ ആദ്യ ചുവടാണ്. 1920കളില്‍ ജര്‍മന്‍ ജനത എത്തിപ്പെട്ട സാമ്പത്തിക പരാധീനതകള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യവുമായി ബന്ധമുണ്ട്. ഒന്നാം ലോകയുദ്ധത്തിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക പരാധീനതയിലായിരുന്നു. മധ്യവര്‍ഗം കടത്തിലായി. വിലക്കയറ്റമുണ്ടായി. കറന്‍സിയുടെ വിലയിടിഞ്ഞു. 1929 ആയപ്പോഴേക്കും സാമ്പത്തിക നില മെച്ചപ്പെട്ടെങ്കിലും ഗ്രേറ്റ് ഡിപ്രഷന്‍ ജര്‍മനിയെയും ബാധിച്ചു. ബാങ്കുകള്‍ തകര്‍ന്നു. തൊഴിലില്ലായ്മ 22 ശതമാനമായി.നഗരങ്ങളില്‍ പലതട്ടിലുള്ള സമൂഹങ്ങള്‍ രൂപംകൊണ്ടു. സാമൂഹിക ഉള്‍ഭയം വര്‍ധിച്ചു. കുറ്റകൃത്യങ്ങള്‍ കൂടി. 1930 ആയപ്പോഴേക്കും രാഷ്ട്രീയത്തില്‍ സജീവമായ ഹിറ്റ്‌ലര്‍ ഈ ദുരന്തങ്ങള്‍ക്കെല്ലാം കുറ്റപ്പെടുത്തിയത് ന്യൂനപക്ഷങ്ങളെയാണ്. ഒരു വിഭാഗം അന്യായമായി രാജ്യത്തെ വിഭവങ്ങള്‍ കൈയാളുന്നുവെന്നായിരുന്നു നാസി പ്രചാരണം. നാസികള്‍ക്ക് അധികാരം കിട്ടിയപ്പോള്‍ ഹിറ്റ്‌ലര്‍ ആദ്യം നേരിട്ടത് രാഷ്ട്രീയ എതിരാളികളെയാണ്. അവരില്‍ പലരും ഹിറ്റ്‌ലര്‍ക്കൊപ്പമാകുകയോ ജയിലടക്കപ്പെടുകയോ ചെയ്തു. പിന്നാലെയാണ് ഹോളോകോസ്റ്റുണ്ടാകുന്നത്. 30 വര്‍ഷം മുമ്പ് താനും ഭാര്യയും എത്തിച്ചേര്‍ന്ന ഡല്‍ഹിയല്ല ഇതെന്നും ഇവിടം പൊടുന്നനെ അന്യദേശമായി മാറിപ്പോയെന്നും കവി സച്ചിദാനന്ദന്‍ പറഞ്ഞത് ഡല്‍ഹിയിലെ അന്യവല്‍ക്കരണം നേരിട്ടറിഞ്ഞിട്ടാണ്. മറ്റൊരു നാസി ജര്‍മനിയിലേക്ക് അതിവേഗം സഞ്ചരിക്കുകയാണ് രാജ്യം. ഡല്‍ഹിക്ക് മാത്രം അതില്‍നിന്ന് മാറിനില്‍ക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."