ഒരാളെങ്കിലും ചേര്‍ത്ത് പിടിച്ചെങ്കില്‍ കുടുംബത്തോടൊപ്പം അയാള്‍ ഇന്നുമുണ്ടാകുമായിരുന്നു, ആ പത്തുവയസുകാരി അനാഥയാകില്ലായിരുന്നു, സമൂഹം കുറ്റവാളികളാകുമ്പോള്‍
വിദ്യാസമ്പന്നര്‍ കൂടുതലുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് മനസാക്ഷിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നത്. പീഡനത്തിനിരയായ പത്തു വയസുകാരിയുടെ അച്ഛന്‍ നാട്ടുകാരുടെ ആരോപണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ സംഭവമാണ് അവസാനത്തേത്.
ഒന്നും തിരിച്ചറിയാനാവാത്ത പ്രായമാണ് അവളുടേത്. അച്ഛന്റെ മരണശേഷവും കാര്യങ്ങളൊന്നും വ്യക്തമാവാതെ ആ വീട്ടിനുള്ളിലുണ്ടാവും ആ പത്തുവയസുകാരി.
അവള്‍ ജനിച്ചുവീണ അന്ന് മുതല്‍ അയാള്‍ എത്ര സ്വപ്‌നം കണ്ടിട്ടുണ്ടാവും ഓരോ നിമിഷവും സുരക്ഷിതമാക്കിയിട്ടുണ്ടാകും ഒടുവില്‍ ചതിയുടെ കൈകളില്‍ അവള്‍ ഞെരുങ്ങിയപ്പോള്‍ ആ അച്ഛന്‍ എല്ലാം മനസിലാക്കാന്‍ വൈകിയിരുന്നു.
എന്നിട്ടും തന്റെ മകള്‍ക്കുവേണ്ടി കുടുംബത്തിന് വേണ്ടി തളരാതെ പിടിച്ചുനിന്നു. പ്രതിയെ നിയമപരമായി നേരിട്ടു.
പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെയുണ്ടെന്ന വാക്കും ചേര്‍ത്ത് പിടിക്കലും ധൈര്യം തന്നെയാണ്. അതിക്രൂരമായിട്ടാണ് സമൂഹം ഈ കുടുംബത്തോട് പ്രതികരിച്ചത്. പ്രതിയായ 74കാരന്റെ ബന്ധുക്കളില്‍ നിന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം വാങ്ങിയെന്ന് ചിലര്‍ ആരോപിച്ചു. പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ ഒറ്റപ്പെടുത്തി. ആളുകളുടെ പരിഹാസത്തിലും ആരോപണത്തിലും മനംനൊന്താണ് അയാള്‍ ആത്മഹത്യ ചെയ്തത്.
'ഞങ്ങളെക്കുറിച്ച് വളരെ മോശമായി പറഞ്ഞുപരത്തി. ഞങ്ങള്‍ മോള്‍ടെ പേരില്‍ പൈസ വാങ്ങി എന്ന് വരെ പറഞ്ഞു. ഞങ്ങള്‍ക്ക് അങ്ങനെ കഴിയുമോ? ആരും വീട്ടീന്ന് പുറത്തിറങ്ങാതെ ഇരിക്കുകയാരുന്നു. ഇന്നലെയാണ് അവന്‍ ഒന്ന് പുറത്ത് പോയത്. അപ്പോളേക്കും അവിടെ നിന്നും പലതും കേട്ടു. സങ്കടം സഹിക്കാന്‍ വയ്യാതെ പോയതാണ്.' ബന്ധുക്കള്‍ പറഞ്ഞു.
ഒരു പ്രധാനപാര്‍ട്ടിയുടെ പ്രാദേശിക നേതാവിന്റെ പിതാവാണ് ആണ് 74 കാരനായ പ്രതി. ആ പാര്‍ട്ടിക്കാരാണ് കേസ് ആട്ടിമറിക്കാന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സാമ്പത്തികമായ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു ഇയാളുടേത്. കൂലിപ്പണിക്കാരനായിരുന്ന യുവാവിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോയിരുന്നത്.അടച്ചുറപ്പില്ലാത്ത വീട്ടില്‍ അമ്മയും രണ്ട് പെണ്‍മക്കളും ഇനി തനിച്ചാണ്.
കോട്ടയം കുറിച്ചിയിലാണ് പത്ത് വയസുകാരി പീഡനത്തിന് ഇരയായത്. കുട്ടിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസുള്ള യോഗിദാസന്‍ ആണ് പിടിയിലായത്.
പലചരക്ക് കട നടത്തുന്ന യോഗി ദക്ഷന്‍ സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. വിവരം പുറത്തു പറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും മറ്റും നല്‍കി.
കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."