'പതിറ്റാണ്ടുകള്‍ക്കിപ്പുറവും 'ജയ് ഭീമി'ലെ ആ മനുഷ്യര്‍ ജീവിക്കുന്നത് ഇങ്ങിനെയൊക്കെ തന്നെയാണ്'; 75ലെത്തിയ സ്വതന്ത്ര ഇന്ത്യയുടെ കണക്കില്‍ പെടാതെ ജീവിച്ചു മരിക്കുന്നവര്‍
75ലെത്തിയ സ്വതന്ത്ര ഇന്ത്യയിലുണ്ട് ഒരു കണക്കിലും പെടാതെ ജീവിച്ചു മരിക്കുന്ന അനവധി പേര്‍. തല ചായ്ക്കുന്ന മണ്ണ് പോലും സ്വന്തമായില്ലാത്തവര്‍. ജീവിച്ചിരിക്കുന്നു എന്നതിനും ജീവിച്ചിരുന്നു എന്നതിനും ഒരു തെളിവ് പോലുമില്ലാത്തവര്‍. ഒരു കണക്കുകളിലും പെടാതെ ഒരു വോട്ട് ബാങ്കിന്റെയും ലിസ്റ്റില്‍ ഇടം പിടിക്കാതെ. ഒരു രേഖകളുമില്ലാതെ.
അങ്ങിനെ ഒരു വിഭാഗത്തിന്റെ കഥയാണ് ജയ് ഭീം എന്ന സിനിമയില്‍ പറയുന്നത്. കഥയല്ല. പച്ചയായ ജീവിതം. സ്‌ക്രീനില്‍ കാണുന്നതിനേക്കാള്‍ ഇരുണ്ടതും മലിനവുമാണാ അവരുടെ ജീവിതം. കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയ അശ്വനിയും ഈ വിഭാഗത്തിലെ പെട്ടവളായിരുന്നു. ജാതിയുടെ പേരില്‍ അന്നദാനവേദിയില്‍ അടിച്ചോടിക്കപ്പെട്ട അശ്വിനി.
വോട്ടര്‍ ഐ.ഡി ലഭിച്ചത് 2020ല്‍
2020ല്‍ 50 പേര്‍ക്ക് വോട്ടര്‍ ഐഡി ലഭിക്കുന്നതിന് മുമ്പ് അവരില്‍ പെട്ട ഒരാള്‍ പോലും വോട്ടു ചെയ്തിട്ടില്ല. ജ്യഭീം എന്ന സിനിമയില്‍ അവരുടെ ടീച്ചര്‍ അവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ അധികാരികള്‍ ചോദിക്കുന്നുണ്ട്. ഒരു റേഷന്‍ കാര്‍ഡ് പോലും സ്വന്തമായി ഇല്ലാത്ത നിങ്ങളെ എങ്ങിനെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുക എന്ന്. സ്വാതന്ത്ര്യം കിട്ടി എഴുപത്തി അഞ്ചിലെത്തി നില്‍ക്കുന്ന, ജനാധിപത്യ ഇന്ത്യയിലാണിതെന്നോര്‍ക്കുക. സിനിമ പറയുന്നത് 1995-97 കാലത്തെ കഥയാണ്. എന്നാല്‍ ആണ്ടുകള്‍ക്കിപ്പുറെയും അവരിലെ 60കാരനും 20കാരനും വോട്ടവകാശമില്ലാത്തവരായിരുന്നു.
തന്റെ പി.ജി കാലയളവില്‍ പുന്നൈപ്പാക്കം ഗ്രാമത്തില്‍ 2020ല്‍ ഇരുള ആദിവാസി വിഭാഗത്തിനിടയില്‍ നടത്തിയ ഫീല്‍ഡ് വര്‍ക്കിനെ മുന്‍ നിര്‍ത്തി മഞ്ജുഷ തോട്ടുങ്ങല്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് കൂടി ചേര്‍ത്തു വായിക്കുക.
ജയ് ഭീം കണ്ടു കഴിഞ്ഞ് ആദ്യം ചെയ്തത് msw രണ്ടാം സെമെസ്റ്ററില്‍ ചെയ്ത ഫീല്‍ഡ് വര്‍ക്കുകളുടെ റിപ്പോര്‍ട്ട് മെയിലില്‍ പരതുക എന്നതായിരുന്നു. അങ്ങനെ 2020 മാര്‍ച്ച് മൂന്നിലെ റിപ്പോര്‍ട്ടില്‍ ഒബ്‌ജെക്റ്റീവ്‌സ് എന്ന ഹെഡിങ്ങിന് കീഴെ ഇങ്ങനെ എഴുതിക്കണ്ടു : to meet irula community and to build rapport with them.
ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായി പുന്നൈപ്പാക്കം ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പും യൂത്ത് ക്ലബ് initiationum കുട്ടികള്‍ക്കുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് ക്ലാസ്സുകളുമൊക്കെ സംഘടിപ്പിക്കുന്നതിനിടയ്ക്കാണ് സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ജയന്തിയോട് ചോദിച്ചത്, ഞങ്ങള്‍ക്കിതൊന്നുമല്ലാതെ മറ്റെന്തെങ്കിലുമിവിടെ ചെയ്യാനുണ്ടോ
അവര്‍ തന്ന മറുപടി ഇങ്ങനെയായിരുന്നു : പുന്നൈ ഗ്രാമത്തോട ബോര്‍ഡര്‍ ല, ബ്രിഡ്ജ് പക്കം പുറമ്പോക്ക് ഭൂമിയിലെ ഇരുളര്‍കള്‍ വാഴ്രാറ്. ഉങ്കള്‍ക്ക് മുടിഞ്ച അവങ്കള പോയി പാരുങ്ക'.
അങ്ങനെയാണ് പുന്നൈയില്‍ നിന്നും ഏറെമാറി ബ്രിഡ്ജിനോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഇരുള കുടുംബങ്ങളെ കാണുവാന്‍ ഞങ്ങള്‍ പോകുന്നത്. അങ്ങോട്ടുള്ള വഴിയില്‍ മറ്റു വീടോ കുടുംബങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.. തീര്‍ത്തും വിജനം! HOD ലളിത മാം പറഞ്ഞതോര്‍ത്തു : ഇരുളര്‍ പാമ്പിനെയും എലിയെയുമൊക്കെ പിടിച്ചു ജീവിക്കുന്നവരാണ്. പൊതു സമൂഹത്തില്‍ നിന്നും വേര്‍പെട്ടാണ് അവര്‍ ജീവിക്കുന്നത്.. വേര്‍പെട്ടതോ അതോ വേര്‍പെടുത്തിയതോ എന്ന് അന്ന് ഞാന്‍ ആലോചിച്ചിരുന്നില്ല.
ജയ് ഭീം കണ്ടവര്‍ക്കറിയാം സെങ്കേനിയും മണികണ്ഠനുമൊക്കെ താമസിക്കുന്ന ആ കുടില്‍.. പക്ഷെ അതിലും കഷ്ടമായിരുന്നു അവിടെ.
ജയ് ഭീം സിനിമയില്‍ നിന്ന് ഒരു രംഗം[/caption]
പനയോലയും മണ്ണും കൊണ്ടുണ്ടാക്കിയ 4 കുടിലുകളിലായി 10 കുടുംബങ്ങള്‍ താമസിക്കുന്നു. ' അക്കാ കൊഞ്ചം പേശലമാ ' എന്ന് ചോദിച്ചു ഞങ്ങള്‍ ഞങ്ങളെ പരിചയപ്പെടുത്തി. കുടിലുകളില്‍ നിന്നും ഓരോരുത്തരായി പുറത്തേക്ക് വന്നു. ഞങ്ങള്‍ക്കിരിക്കാന്‍ മരത്തണലില്‍ അവര്‍ പാ വിരിച്ചു. പതുക്കെയെങ്കിലും അവര്‍ തുറന്ന് സംസാരിച്ചു തുടങ്ങി.
സിനിമയില്‍ കഥ നടക്കുന്ന കാലം 1995-97 ആണ്. എന്ന് വച്ചാല്‍ ഞാന്‍ ജനിക്കുന്നതിനും മുന്‍പ്... ശെരിക്കു പറഞ്ഞാല്‍ ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. 2020 മാര്‍ച്ചില്‍ അതെ കമ്മ്യൂണിറ്റിയോട് ഞങ്ങള്‍ സംസാരിച്ചപ്പോഴും സിനിമയില്‍ പറഞ്ഞു വച്ച അതെ പ്രശ്‌നങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു. ഞാന്‍ കണ്ട ആ 10 കുടുംബങ്ങളില്‍ ആകെ 10 കുട്ടികളും 10 സ്ത്രീകളും 7 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.. അതില്‍ ആകെ 4 കുട്ടികളാണ് സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നത്.എന്ത് ജോലി ചെയ്യുന്നു എന്ന ചോദ്യത്തിന്,എന്റെ കണക്കുകള്‍ തെറ്റിച്ചു കൊണ്ട് അവര്‍ പറഞ്ഞത് എല്ലാവരും തന്നെ തൊട്ടടുത്ത ൃലറവശഹഹ െൃശരല മിലില്‍ ജോലിക്ക് പോകുന്നു എന്നാണ്.. അതും തുച്ഛമായ തുകക്ക്. ആരും തന്നെ പാമ്പു പിടുത്തതിന് പോകുന്നുണ്ടായിരുന്നില്ല. സ്ത്രീകള്‍ ആകട്ടെ മിക്കപ്പോഴും വീട്ടില്‍ തന്നെ, ചിലര്‍ മാത്രം കൃഷിയും കല്യാണ മണ്ഡപത്തില്‍ വല്ലപ്പോഴും കിട്ടുന്ന ജോലിക്കും പോയി.
10 വര്‍ഷമായി വെള്ളമോ വൈദ്യുതിയോ തുടങ്ങി ഒരടിസ്ഥാന സൗകര്യങ്ങളുമില്ലാതെ അവരവിടെ കഴിയുന്നു.. തല ചായ്ക്കുന്ന മണ്ണ് പോലും സ്വന്തമായില്ലാതെ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവ് പോലുമില്ലാതെ കാലങ്ങളോളം അവരാ മണ്ണില്‍ ജീവിച്ചു മരിക്കുന്നു. ഒരു കണക്കുകളിലും പെടാതെ ഒരു വോട്ട് ബാങ്കിന്റെയും ലിസ്റ്റില്‍ ഇടം പിടിക്കാതെ.
സംസാരത്തിനിടയ്ക്ക് ദീപക് കുടിക്കാന്‍ അല്‍പ്പം വെള്ളം ചോദിച്ചപ്പോള്‍ അവരൊന്നു പതുങ്ങി... ' അയ്യാ... ഇങ്ക തണ്ണി മോശം ' എന്നവര്‍ മടിച്ചു മടിച്ചു പറഞ്ഞു തുടങ്ങിയപ്പോള്‍ ദീപക് ഇടയില്‍ കയറി ' ഇല്ല അണ്ണാ... വെയില്‍ അന്ത അടി അടിക്കുത്.. വേറെ എതവും നിനക്കാമ കൊഞ്ചം തണ്ണി മട്ടും കൊടുങ്ക... പോതും '
അവര്‍ ചിരിച്ചു കൊണ്ട് ഒരു മൊന്തയില്‍ വെള്ളം കൊണ്ടു വന്നു.. തമിഴ് കലാചാരം
പക്ഷെ സമൂഹത്തില്‍ നിന്നും നേരിടുന്ന ഭീകരമായ അവഗണനകളും ചൂഷണങ്ങളും ജാതി വേര്‍തിരിവുകളും തന്നെയാണ് അവരെ പിന്നോട്ട് വലിച്ചതെന്ന് ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ. കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറാകാത്തതിന്.. പുരുഷന്മാര്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടി വരുന്നതിന്... സ്ത്രീകള്‍ പട്ടിണി കിടന്നാലും ജോലിക്ക് പോകാതിരിക്കുന്നതിനു.. ഒക്കെയും ഒരേ ഒരുത്തരമേ ഒള്ളു... ജാതി... !
ഞങ്ങളെക്കൊണ്ട് എന്ത് ചെയ്യാനൊക്കും എന്നായിരുന്നു പിന്നെ ആലോചിച്ചത്.. അങ്ങനെയാണ് ഒരു സെമിനാറില്‍ വച്ച് കണ്ട സ്വര്‍ണലത എന്ന സാമൂഹിക പ്രവര്‍ത്തകയെ നമ്പര്‍ ഒപ്പിച്ച് വിളിക്കുന്നത്. അവര്‍ Adhivasi Social Service Educational Trust ന്റെ മാനേജിങ് ട്രസ്റ്റീയും ഏറെക്കാലം ഇരുള കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരുമാണ്.. അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്, പുന്നൈ നിലകൊള്ളുന്ന തിരുവള്ളൂര്‍ ഉള്‍പ്പടെ വളരെ കുറഞ്ഞ ജില്ലകളില്‍ മാത്രമാണ് ഇരുളര്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നാണ് . അവരുടെ പൂര്‍ണമായ കണക്കുകളോ വിവരങ്ങളോ ഒന്നും ലഭ്യമല്ല . യാതൊരു വിധ തിരിച്ചറിയല്‍ രേഖകളുമില്ലാത്ത അവരുടെ പ്രശ്‌നങ്ങളെ പുറത്തേക്ക് കൊണ്ടു വരുന്നതും എളുപ്പമല്ല. എങ്കിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലക്ക് നിങ്ങള്‍ക്ക് ഒരു പവര്‍ ഉണ്ടെന്നും.. അവരുടെ പേരും ഫോട്ടോയുമെല്ലാം ആയി ആധാര്‍ കാര്‍ഡിന് വേണ്ടിയുള്ള ഒരു അപേക്ഷ തയ്യാറാക്കി തിരുവള്ളൂര്‍ കളക്ടറേറ്റില്‍ നല്‍കാനാണ് അവര്‍ നിര്‍ദ്ദേശിച്ചത്... പക്ഷെ ഒരിക്കല്‍ കൂടെ ഞങ്ങള്‍ക്കവിടേക്ക് ചെല്ലാനായില്ല... അപ്പോഴേക്കും കോവിഡ് അവതരിക്കുകയും ക്യാമ്പസ് അടച്ചു പൂട്ടുകയും ഞങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങേണ്ടിയും വന്നു...വാഗ്ദാനങ്ങള്‍ മാത്രം നല്‍കി അവരെ കടന്നു പോയവരുടെ ലിസ്റ്റില്‍ അങ്ങനെ ഞങ്ങളും
ഒരുപാട് കാര്യങ്ങള്‍ ബാക്കിയാക്കിയാണ് പുന്നൈയില്‍ നിന്നും തിരിച്ചു വരേണ്ടി വന്നത്... ഇന്നോര്‍ക്കുമ്പോള്‍ ഏറ്റവും വലിയ ലേണിംഗ് ഉണ്ടായിട്ടുള്ളത് അവിടെ നിന്നൊക്കെയാണ്...
ജയ് ഭീം പോലുള്ള സിനിമകള്‍ ശക്തമായ രാഷ്ട്രീയം പറഞ്ഞു നിര്‍ത്തുമ്പോള്‍ രോമാഞ്ചവും നെഞ്ച് കലങ്ങുന്ന വേദനയും മാത്രമല്ല...ദശകങ്ങള്‍ക്കിപ്പുറവും കാര്യങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ലെന്ന തിരിച്ചറിവ് കൂടെയുണ്ടാകണം നമുക്ക് ... നാട്ടിലേക്ക് വന്നാല്‍ നിങ്ങള്‍ കാടുകളിലും മലകളിലുമല്ലേ ജീവിക്കേണ്ടതെന്ന് പറഞ്ഞു അവരെ ആട്ടിയോടിക്കുന്ന ഒരു വിഭാഗം..ഇനി കാടുകളില്‍ താമസിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നീയൊക്കെ കാട് കയ്യേറുമെന്നും പശ്ചിമഘട്ടം നശിപ്പിക്കുമെന്നും പറഞ്ഞു പുറം പൊളിക്കാന്‍ അപ്പുറത് കുറെ ഹിപ്പോക്രറ്റുകള്‍... ഇതിനിടയില്‍ നിന്ന് വട്ടം കറങ്ങുമ്പോള്‍ കൊന്ന് ചോര കുടിക്കാന്‍ നില്‍ക്കുന്ന കോര്‍പ്പറേറ്റ്കളും മേലാളന്മാരും ഭരണകൂടവും.. സെങ്കേനിയെ പോലുള്ള നൂറു കണക്കിന് മനുഷ്യര്‍ക്ക് ഇന്നും ഇതാണ് യഥാര്‍ഥ്യം.. ഇതാണ് ജീവിതം
ജയ് ഭീമ് കണ്ടപ്പോള്‍ എനിക്ക് പറയാനുണ്ടായിരുന്നത് ഇതൊക്കെയാണ്. രണ്ട് ദിവസമായി നമ്മുടെയൊക്കെ സ്റ്റാറ്റസ് ഭരിക്കുന്ന ആ രംഗമില്ലേ... അങ്ങനെയൊന്നു നടക്കണമെങ്കില്‍ ഇനിയും ഒരു നൂറു കൊല്ലങ്ങള്‍കൂടി കഴിയേണ്ടി വരും...ചിലപ്പോള്‍ അതിനുമപ്പുറം....
നിങ്ങള്‍ ഓരോരുത്തരും ജയ് ഭീം കാണുക...മരിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടം തന്നെയാണ് അത് ..നമ്മള്‍ ചരിത്ര പുസ്തകത്തില്‍ പഠിച്ചതിനുമപ്പുറത്തേക്ക് ആ മനുഷ്യര്‍ ഇന്നും ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിയുക..സെങ്കേനിയോടും മണികണ്ഠനോടും സഹതാപമല്ല സഹജീവി സ്‌നേഹമാണ് വേണ്ടതെന്നു മനസിലാക്കുക... ചന്ദ്രു അവരെ സഹായിക്കുകയല്ല... അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂടെ നില്‍ക്കുകയാണ് ചെയ്തതെന്ന് തിരിച്ചറിയുക... നാളെ അങ്ങനെ ആരുടേയുമെങ്കിലുമൊക്കെ ശബ്ദമാകാന്‍ നമുക്കൊരോരുത്തര്‍ക്കും സാധിക്കട്ടെ എന്ന് നമ്മോട് തന്നെ പറയുക ...
- മഞ്ജുഷ തോട്ടുങ്ങല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."