ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ പണിമുടക്കി 'ട്രേഡ് യൂനിയനുകള്‍'
ആലപ്പുഴ: വികസന മുരടിപ്പിന് ചുക്കാന്‍ പിടിക്കുന്ന ട്രേഡ് യൂനിയനുകളുടെ പതിവ് ശൈലിക്ക് മാറ്റമില്ല. തൊഴില്‍തര്‍ക്കങ്ങള്‍ കാരണം നിരവധി വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്ന സംസ്ഥാനത്ത് ഇത്തവണ ട്രേഡ് യൂനിയനുകളുടെ ഇരയായിരിക്കുന്നത് ആലപ്പുഴ മെഡിക്കല്‍ കോളജാണ്. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി ആക്കുന്നതിന് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം തുടങ്ങിയപ്പോഴാണ് 'തൊഴില്‍ തര്‍ക്ക'മെന്ന പതിവ് കീറാമുട്ടിയുമായി വിവിധ ട്രേഡ് യൂനിയനുകള്‍ സമരരംഗത്തുള്ളത്.
സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ കരാറുകാരായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി വിദ്ഗ്ധ തൊഴിലാളികളുമായി എത്തിയപ്പോള്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞു. പണി വേഗത്തില്‍ തീര്‍ക്കാന്‍ കൊണ്ടുവന്ന ആധുനിക യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ അനുവദിച്ചില്ല. സിമന്റ്, മെറ്റല്‍,ചരല്‍ എന്നിവ വേഗത്തില്‍ കുഴച്ചെടുക്കുന്ന ആധുനിക യന്ത്രമായ ബാച്ചിങ് പ്ലാന്റ് ഉപയോഗിക്കുന്നത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നുവെന്ന മുടന്തന്‍ ന്യായമാണ് തൊഴിലാളി സംഘടനനേതാക്കള്‍ ഉന്നയിക്കുന്നത്. അതിനാല്‍ യന്ത്രം മാറ്റി പതിവുപോലെ ട്രേഡ് യൂനിയന്‍ തൊഴിലാളികള്‍ക്ക് കോണ്‍ക്രീറ്റ് ജോലികള്‍ നല്‍കണമെന്നാണ് നേതാക്കളുടെ ആവശ്യം.
എന്നാല്‍ വര്‍ക്ക് എസ്റ്റിമേറ്റില്‍ ബാച്ചിങ് പ്ലാന്റ് സ്ഥാപിക്കുമെന്ന വ്യവസ്ഥയുളളതിനാല്‍ അതില്‍ മാറ്റംവരുത്താനാകില്ലെന്ന് കരാറെടുത്ത കമ്പനി അധികൃതര്‍ വ്യക്തമാക്കിയെങ്കിലും അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. ഇതോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആക്കുന്നതിന് കെ.സി വേണുഗോപാല്‍ എം.പി കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന ഗുലാംനബി ആസാദ് മുന്‍പാകെ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനൊപ്പം ആലപ്പുഴ മെഡിക്കല്‍ കോളജും പരിഗണിക്കാന്‍ അന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 2014ല്‍ ഇതിനായുള്ള പദ്ധതിരേഖ എം.പി സമര്‍പ്പിച്ചു.
പിന്നോക്ക ജില്ലയായ ആലപ്പുഴയിലെ സാധാരണക്കാരായ ജനങ്ങള്‍ ഏറെയും ആശ്രയിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനം അനിവാര്യമാണെന്നും നിരവധി പരാധീനതകള്‍ ആശുപത്രിയില്‍ ഉണ്ടെന്നും രേഖയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, രാഷ്ട്രീയമാറ്റം മൂലം രേഖ കുരുക്കില്‍ കിടക്കുകയായിരുന്നു. വീണ്ടും കെ.സി വേണുഗോപാല്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ സ്വസ്ത് യോജന പദ്ധതിയില്‍പ്പെടുത്തി പദ്ധതി കേന്ദ്രം അംഗീകരിച്ചത്.
എന്നാല്‍ ട്രേഡ് യൂനിയനുകളുടെ കടുംപിടുത്തം കാരണം സൂപ്പര്‍ സ്‌പെഷ്യാലിറ്റി പദ്ധതി മുടങ്ങിയിട്ടും പരിഹരിക്കാന്‍ ആരും ഇടപെടുന്നില്ല. ഇടതുപക്ഷത്തിന്റെ ഭാഗമായ വിവിധ തൊഴിലാളി സംഘടനകളും സമരവുമായി രംഗത്തുള്ളതിനാല്‍ നിലവില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."