മുല്ലപ്പെരിയാറിലെ സംയുക്ത പരിശോധന സഭയിൽ തിരുത്തി സർക്കാർ
കോടതിയിൽ പൊളിയുമെന്ന് പ്രതിപക്ഷം, സബ്മിഷനിൽ ഇറങ്ങിപ്പോക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ലെന്ന് നേരത്ത പറഞ്ഞ മറുപടി സർക്കാർ നിയമസഭയിൽ തിരുത്തി.
ജലവിഭവ മന്ത്രിക്കു വേണ്ടി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയാണ് തിരുത്തൽ സഭയെ അറിയിച്ചത്. മരം മുറിക്കാനുള്ള അനുവാദം വേഗത്തിൽ ആക്കണം എന്നു മാത്രമാണ് ജലവിഭവ സെക്രട്ടറി പറഞ്ഞതെന്നും ഉത്തരവ് ഇടാൻ പറഞ്ഞിട്ടില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. എന്നാൽ സംയുക്ത പരിശോധന സർക്കാരിന് എതിരേ ഉന്നയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ മറുനീക്കം. എന്താണ് തിരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. സഭയിൽ ഒന്ന് പറയുകയും എ.കെ.ജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനംമന്ത്രിയെന്ന് സതീശൻ പറഞ്ഞു. നിയമസഭ സമ്മേളിക്കുമ്പോൾ ഇത്തരം നടപടികൾ ശരിയല്ല. ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണെന്നും രണ്ട് മന്ത്രിമാർ വ്യത്യസ്ത മറുപടി നൽകി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.മരംമുറി ഉത്തരവ് മരവിപ്പിച്ചെന്ന് മന്ത്രി കൃഷ്ണൻകുട്ടി മറുപടി നൽകിയതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റു. ഭരണപക്ഷാംഗങ്ങളും എഴുന്നേറ്റതോടെ സഭ ബഹളത്തിൽ മുങ്ങി. തുടർന്ന് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."