മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന പോഷകാഹാരമില്ല;10 ലക്ഷം അഫ്ഗാൻ കുട്ടികൾ മരിച്ചേക്കും
ജനീവ
ഈ വർഷം അവസാനത്തോടെ അഫ്ഗാനിലെ 32 ലക്ഷം കുട്ടികൾ പോഷകാഹാരമില്ലാതെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുമെന്ന് ലോകാരോഗ്യ സംഘടന. അതിശൈത്യമെത്തുന്നതോടെ ഇതിൽ 10 ലക്ഷം പേർ മരിക്കാൻ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പു നൽകി.
കൊടും വരൾച്ച നേരിടുന്ന രാജ്യം പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക സഹായം നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിദേശ ബാങ്കുകളിലെ ആസ്തി അമേരിക്ക മരവിപ്പിച്ചത് ഇരട്ടി ആഘാതമായി. മരുന്നുകളും മറ്റുപകരണങ്ങളും ഇല്ലാതാവുകയും ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ലഭിക്കാതാവുകയും ചെയ്തതോടെ ആരോഗ്യരംഗം പൂർണമായി തകർന്നിരിക്കുകയാണ്. പട്ടിണി രാജ്യത്തെ പിടികൂടിയതായി ഡബ്ല്യു.എച്ച്.ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
രാജ്യത്തെ രാത്രികാല ഊഷ്മാവ് പൂജ്യത്തിനു താഴെയെത്തിയിരിക്കുകയാണ്. ഇത് പ്രായമായവരെയും കുട്ടികളെയും സാരമായി ബാധിക്കും. ആശുപത്രി വാർഡുകൾ ശിശുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പോഷകാഹാരമില്ലാത്തതിനാൽ ഏഴുമാസം പ്രായമായ ഒരു കുഞ്ഞിന് നവജാതശിശുവിൻ്റെ വലുപ്പം പോലുമില്ലെന്നും അവർ പറഞ്ഞു.
കുട്ടികളിൽ അഞ്ചാംപനി വർധിക്കുന്നുമുണ്ട്. 24,000 പേർക്ക് ഇതിനകം രോഗം ബാധിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികൾ ഈ രോഗം ബാധിച്ചാൽ മരിക്കാൻ സാധ്യതയേറെയാണ്. ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ കൂടുതൽ മരണമുണ്ടാകുമെന്നും മാർഗരറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."