അറിയാനുള്ള അവകാശം കവരുന്ന പാർലമെന്റ്
നിയമനിർമാണ സഭയായ പാർലമെന്റിനും ജനങ്ങൾക്കും ഇടയിലുള്ള സ്വതന്ത്രവും സുതാര്യവുമായ സംവിധാനമാണ് മാധ്യമങ്ങൾ. പാർലമെന്റിൽ എന്താണോ നടക്കുന്നത് അതു യഥാസമയം ജനതയെ കൃത്യമായ രീതിയിൽ അറിയിക്കുന്നത് മാധ്യമങ്ങളാണ്. ജനതയുടെ അറിയാനുള്ള അവകാശത്തിന്റെ നെടുംതൂണായി നിലകൊള്ളുന്നതിനാലും കൂടിയാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്റ നാലാംതൂണായി വിശേഷിപ്പിക്കപ്പെടുന്നത്. മാധ്യമ സ്വാതന്ത്ര്യമെന്ന ഒരു പ്രത്യേകാവകാശം മാധ്യമങ്ങൾക്കില്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ജ്വലിക്കുന്ന പ്രതീകമെന്ന നിലയിൽ ഭരണഘടനാസഭ മൗലികാവകാശത്തിൽ മഹനീയമായ സ്ഥാനമാണ് മാധ്യമങ്ങൾക്കു നൽകിയത്. മാധ്യമസ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിച്ഛേദമാണെന്ന് സുപ്രിംകോടതിയും പറഞ്ഞിട്ടുണ്ട്.
മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാൻ മോദി സർക്കാർ തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല. ഒന്നാം മോദി ഭരണകൂടം തുടങ്ങിവച്ചതിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസവും ആവർത്തിച്ചത്. ഇപ്പോൾ പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഏതാനും മാധ്യമങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. മറ്റു മാധ്യമങ്ങളുടെ പ്രതിനിധികൾക്ക് ആകെ രണ്ടു ദിവസം മാത്രം പാർലമെൻ്റ് വളപ്പിലും സഭയുടെ പ്രസ് ഗാലറിയിലും പ്രവേശിക്കാം. ഏതൊക്കെ ദിവസമാണെന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക.
ദേശീയമാധ്യമങ്ങളിൽ പലതിനെയും കേന്ദ്ര സർക്കാർ വിലക്കെടുത്തിട്ടുണ്ടെങ്കിലും വഴങ്ങാതെ നടുനിവർത്തിനിൽക്കുന്ന പ്രാദേശിക മാധ്യമങ്ങൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ മാധ്യമങ്ങൾ
സർക്കാരിന്റെ ജനാധിപത്യവിരുദ്ധ, മതനിരപേക്ഷവിരുദ്ധ തീരുമാനങ്ങൾ യഥാസമയം പൊതുസമൂഹത്തെ പാർലമെന്റ് റിപ്പോർട്ടിങ്ങിലൂടെ അറിയിച്ചുകൊണ്ടിരുന്നതിനാൽ പൗരത്വനിയമ ഭേദഗഗതി ബില്ലിനെതിരേയും കർഷകവിരുദ്ധ ബില്ലിനെതിരേയും രാജ്യവ്യാപക പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. ഈ ജനാധിപത്യവിരുദ്ധ നിയമങ്ങൾക്കെതിരേ പൊതുവികാരം ഉണർത്താൻ ഇത്തരം മാധ്യമങ്ങൾക്കു കഴിഞ്ഞിരുന്നു. കർഷകവിരുദ്ധ നിയമം പിൻവലിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത് ജനാധിപത്യവിരുദ്ധ നിയമത്തെ പൊളിച്ചടുക്കാൻ കർഷകർക്കൊപ്പം ഉറച്ചുനിന്ന പ്രാദേശിക, ചുരുക്കം ചില ദേശീയ മാധ്യമങ്ങളുമാണ്. കർഷകദ്രോഹ നിയമത്തിനെതിരേ പൊതുസമൂഹത്തിൽ അഭിപ്രായ രൂപീകരണം ഉണ്ടാക്കുവാനും ദേശീയമാധ്യമങ്ങൾ സ്വയം വാമൂടിക്കെട്ടിയിട്ടും പ്രാദേശിക മാധ്യമങ്ങൾക്ക് കഴിഞ്ഞു.
ഇതു തിരിച്ചറിഞ്ഞാണ് പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു കേന്ദ്ര സർക്കാർ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ദക്ഷിണേന്ത്യൻ പ്രാദേശിക മാധ്യമങ്ങളാണ് നിയന്ത്രണത്തിന് ഇരയായത്. ആറു വർഷത്തിലധികം ഇന്ത്യ ഭരിച്ചിട്ടും ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കാലുറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. ബി.ജെ.പി സർക്കാരിന്റെ സഹയാത്രികരായി മാറിയ ചില മാധ്യമങ്ങൾക്ക് പാർലമെന്റ് റിപ്പോർട്ട് ഗ്യാലറിയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും കാണാതിരുന്നുകൂടാ.
ഭാഗികമായി ഇപ്പോൾ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഭാവിയിൽ പൂർണതോതിലുള്ള വിലക്കിലേക്കുള്ള തുടക്കമാണ്. അതുവഴി ജനാധിപത്യവിരുദ്ധമായി പാർലമെന്റ് പാസാക്കുന്ന കരിനിയമങ്ങളും കോർപറേറ്റ് പ്രീണന നിയമങ്ങളും പൊതുസമൂഹത്തിൽനിന്ന് മറച്ചുപിടിക്കാനും കരിനിയമങ്ങൾക്കെതിരേ മാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന അഭിപ്രായ രൂപീകരണങ്ങളെ തടയാനും കഴിയുമെന്നായിരിക്കും സർക്കാർ കരുതുന്നത്.
പ്രതിബന്ധങ്ങളെ സാധ്യതകളാക്കുക എന്ന തത്ത്വമാണ് ബി.ജെ.പി സർക്കാർ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്ന് പാർലമെൻ്റിൽ പ്രവേശിക്കുന്നതിൽ മാധ്യമപ്രവർത്തകർക്ക് കഴിഞ്ഞ വർഷം തൊട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വർഷം കൊവിഡ് നിയന്ത്രണങ്ങളിൽ തെരുവുകളിൽപ്പോലും ഇളവുകളുണ്ടായിട്ടും മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചില്ല എന്നതിൽനിന്നു തന്നെ കൊവിഡ് കേന്ദ്ര സർക്കാർ അവരുടെ അജൻഡ നടപ്പാക്കാൻ സമർഥമായി ഉപയോഗിക്കുകയായിരുന്നുവെന്ന് മനസിലാക്കാനാകും.
ടെസ്റ്റ്ഡോസ് എന്ന നിലയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രവേശിക്കുന്നതിൽ മാധ്യമങ്ങൾക്ക് ആദ്യം വിലക്ക് ഏർപ്പെടുത്തി. അന്നു കാര്യമായ എതിർപ്പ് ഉണ്ടായില്ല. സെൻട്രൽ ഹാളിൽ പ്രവേശിക്കുന്നതിൽ മുതിർന്ന മാധ്യമപ്രവർത്തകർക്കും വിലക്ക് വന്നു. അപ്പോഴും പ്രതിപക്ഷത്തുനിന്നു പോലും കാര്യമായ പ്രതിഷേധസ്വരങ്ങൾ ഉയർന്നില്ല. അത്തരം മൗനങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കണം മാധ്യമങ്ങൾക്ക് പാർലമെന്റിന്റെ വാതിലുകൾ കൊട്ടിയടക്കാൻ ഇപ്പോൾ ഭരണകൂടത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
അന്തർദേശീയ മാധ്യമ സ്വാതന്ത്ര്യത്തിലെ സൂചികയിൽ ഒരോ വർഷം കഴിയുന്തോറും ഇന്ത്യയുടെ സ്ഥാനം പിറകോട്ട് പൊയിക്കൊണ്ടിരിക്കുകയാണെന്ന ചിന്തയൊന്നും കേന്ദ്ര സർക്കാരിനെ അലട്ടുന്നില്ല. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നുമില്ല. കഴിഞ്ഞ വർഷത്തെ സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം 142 ആണെങ്കിൽ ഈ വർഷത്തെ സൂചിക അതിലുമേറെ പരിതാപകരമായിരിക്കുമെന്നതിൽ സംശയമില്ല. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്ഥിരംസമിതി നൽകിയ റിപ്പോർട്ട് മാധ്യമ മാരണത്തിനു സർക്കാരിന് ഊർജം പകരുന്നതാണ്. കാലം മാറുന്നതിനനുസരിച്ച് മാധ്യമങ്ങൾക്ക് നിയന്ത്രണം നൽകണമെന്നതാണ് റിപ്പോർട്ടിന്റെ കാതൽ.
ഇന്ത്യൻ ജനാധിപത്യമാണ് വികസനത്തിനു തടസമെന്ന് വാദിക്കുന്ന നീതി ആ യോഗ് ചെയർമാൻമാർ ജനാധിപത്യവിരുദ്ധ ഭരണകൂടത്തിനു സ്തുതിഗീതം പാടുമ്പോൾ ജനാധിപത്യത്തിനെതിരേ നിരന്തരം വിമർശനം നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന് അതു പഥ്യമായിത്തീരുന്നതിൽ അത്ഭുതമില്ല. ജനാധിപത്യത്തിനെതിരേ പൊതുവികാരം സൃഷ്ടിക്കുക എന്നത് ഭരണകൂട ഗൂഢാലോചനയാണ്. അതിന്റെ ഭാഗമായിട്ടാണ് ജനാധിപത്യത്തിന്റെ നാവായ മാധ്യമങ്ങളെ അരിഞ്ഞുകളയുവാൻ സർക്കാർ പലവിധ വഴികൾ തേടുന്നത്. പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചില മാധ്യമങ്ങൾക്ക് ഇപ്പോൾ താൽക്കാലിക വിലക്കേർപ്പെടുത്തിയത് അതിന്റെ ഭാഗമായിട്ടുവേണം കാണാൻ. നാളെയത് മുഴുവൻ മാധ്യമങ്ങളെയും സമ്പൂർണമായും പാർലമെന്റിൽ നിന്ന് ഒഴിവാക്കുന്ന നടപടികളിലേക്ക് നീണ്ടേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."