കോപ്ടർ അപകടം നിർമാതാക്കളുടെ സഹായം തേടും; തമിഴ്‌നാട് പൊലിസും അന്വേഷിക്കുന്നു
കൂനൂർ
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്ക് ദാരുണാന്ത്യം നേരിട്ട അപകടത്തെ കുറിച്ച് സൈന്യത്തിനൊപ്പം തമിഴ്‌നാട് പൊലിസും അന്വേഷിക്കുന്നു. വ്യോമസേനയുടെ നേതൃത്വത്തിൽ നടക്കുന്ന വകുപ്പുതല അന്വേഷണത്തിൽ ഹെലികോപ്ടർ നിർമാതാക്കളായ കാസൻ ഹെലികോപ്‌ടേഴ്‌സിൻ്റെ പ്രതിനിധികളുടെ സഹായം തേടും. കഴിഞ്ഞ ദിവസം കണ്ടെടുത്ത ഫ്‌ളൈറ്റ് ഡാറ്റാ റെക്കോർഡറും കോക്പിറ്റ് വോയ്‌സ് റെക്കോർഡറും ബംഗളൂരുവിലെ വ്യോമസേനാ കേന്ദ്രത്തിലെത്തിച്ചു.
ഇവ കേടാണെങ്കിൽ അതിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ഹെലികോപ്ടർ നിർമാതാക്കളുടെ പ്രതിനിധികൾ സഹായം നൽകും. തമിഴ്‌നാട് പൊലിസ് അപകടസ്ഥലത്ത് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ 26 പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി. ഇവരെ തമിഴ്‌നാട് ഡി.ജി.പി സി. ശൈലന്ദ്ര ബാബു അഭിനന്ദിച്ചു. പൊലിസ് അന്വേഷണത്തിന് ഡി.ജി.പി കൂനൂരിൽ ക്യാംപ് ചെയ്ത് മേൽനോട്ടം വഹിക്കുന്നുണ്ട്. ഡ്രോൺ ഉപയോഗിച്ചും ഹെലികോപ്ടറിൻ്റെ ഭാഗങ്ങൾ എവിടെയെല്ലാം വീണിട്ടുണ്ട് എന്ന് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."