തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് വേണ്ടി; കമ്മീഷണറെ ഉപയോഗിച്ച് സി.പി.എം അജണ്ട നടപ്പാക്കി: കെ. മുരളീധരൻ
തൃശൂര്‍: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളിൽ ബി.ജെ.പിയെയും സി.പി.എമ്മിനെയും വിമർശിച്ച് കോൺഗ്രസ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കെ. മുരളീധരൻ. ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ വേണ്ടിയാണ് പൂരം കലക്കിയതെന്ന് കെ മുരളീധരന്‍ പറഞ്ഞു. സി.പി.എമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുരേഷ് ഗോപി പ്രശ്‌നം പരിഹരിച്ചെന്ന് ബി.ജെ.പി സൈബര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. വോട്ട് കച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു. പൊലിസ് കമ്മീഷണറെ തല്‍കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരുമെന്നും മുരളീധരൻ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൊലിസ് കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നൽകിയ പശ്ചാത്തലത്തിലാണ് മുരളീധരന്റെ വിമർശനം.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കമ്മീഷണർ മറ്റ് സമ്മർദങ്ങൾക്ക് വഴങ്ങിയോ എന്നറിയുന്നതിന് അന്വേഷണം ആവശ്യമാണെന്ന് മുരളീധരൻ പറഞ്ഞു. പൂരം കലക്കാൻ കമ്മീഷണർ രാവിലെ മുതൽ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിന് താൻ സാക്ഷിയാണ്. സുരേഷ് ഗോപിയെ പൂര ദിവസം എവിടെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃശൂര്‍ പൊലിസ് കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി.സി.പി സുദര്‍ശനനെയും സ്ഥലം മാറ്റും. പൂരവുമായി ബന്ധപ്പെട്ട പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."