മട്ടാഞ്ചേരി ബസാറിലെ തൊഴിലാളികള്‍ പ്രതിസന്ധിയില്‍
മട്ടാഞ്ചേരി: ഒരു കാലത്ത് കൊച്ചിയിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്ന മട്ടാഞ്ചേരി ബസാര്‍ നാശത്തിന്റെ വക്കില്‍.
പ്രൗഢിയോടെ നിന്നിരുന്ന ബസാറിലെ പാണ്ടികശാലകളെല്ലാം ഇപ്പോള്‍ ടൂറിസത്തിനു വഴി മാറുകയാണ്. മട്ടാഞ്ചേരി ബസാര്‍ കേന്ദ്രീകരിച്ചായിരുന്നു പണ്ട് കാലത്ത് കൊച്ചിയുടെ തൊഴില്‍ മേഖല നില നിന്നിരുന്നത്.
കച്ചവടം നഗരത്തിലേക്ക് കേന്ദ്രീകരിച്ചതോടെയാണു മട്ടാഞ്ചേരി ബസാറിന്റെ ശനിദശ ആരംഭിച്ചത്.ബി.ഒ.ടി പാലത്തിന്റെ വരവോടെ നഗരത്തിലേക്കുള്ള പോക്കിന് ആക്കം കൂടി. ബസാറിലേക്കു ചരക്കുമായി വരുന്ന വാഹനങ്ങളില്‍ നിന്ന് അമിതമായ ടോള്‍ നിരക്ക് ഈടാക്കിയതാണ് ഇതിന് കാരണമായത്. എങ്കിലും കുറേ വ്യാപാരികള്‍ ബസാറില്‍ തന്നെ കച്ചവടം തുടര്‍ന്നു.
നൂറ് കണക്കിനു തൊഴിലാളികളാണു ബസാര്‍ കേന്ദ്രീകരിച്ച് തങ്ങളുടെ ഉപജീവനം കണ്ടെത്തിയിരുന്നത്.എന്നാല്‍ കാലക്രമേണ ബസാറിലെ വലിയ പാണ്ടികശാലകളില്‍ പലതും ഹോട്ടലുകളായും കരകൗശല വില്‍പ്പന ശാലകളായും മാറി.
പൈതൃക കെട്ടിടങ്ങള്‍ നിലനിര്‍ത്തണമെന്ന നിയമം നിലനില്‍ക്കെ കെട്ടിടത്തിന്റെ അകത്ത് രൂപം മാറ്റം വരുത്തിയാണ് ഹോട്ടലുകളായി മാറ്റുന്നത്.അനധികൃത നിര്‍മാണം വ്യാപകമായിട്ടും കായല്‍ വരെ കൈയേറിയിട്ടും അധികൃതര്‍ മൗനാനുവാദം തുടര്‍ന്നതോടെ തൊഴിലാളികള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.തങ്ങളുടെ ഉപജീവനം ഇല്ലാതാക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിരോധം തൊഴിലാളികള്‍ തീര്‍ത്തെങ്കിലും ഇപ്പോഴും അനധികൃത നിര്‍മാണം തുടരുകയാണെന്നാണ് ആക്ഷേപം.
ഒരു കാലത്ത് ബസാറിലൂടെ നടന്ന് പോകുവാന്‍ പോലും കഴിയാത്ത രീതിയില്‍ അത്രയും ചരക്ക് വാഹനങ്ങള്‍ നിറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആളൊഴിഞ്ഞ ഉത്സവ പറമ്പിന്റെ പ്രതീതിയാണു ബസാറില്‍. തൊഴിലാളികളുടെ പരാതിയെ തുടര്‍ന്നു ചില നിര്‍മാണ പ്രവര്‍ത്തികള്‍ പൊളിച്ച് നീക്കാന്‍ റവന്യൂ അധികൃതര്‍ ഉത്തരവിട്ടെങ്കിലും ഇതിനൊന്നും യാതൊരു വിലയും കല്‍പ്പിക്കാതെ ഭൂ മാഫിയ മുന്നോട്ട് പോകുകയാണ്.
ബസാറിന്റെ പോയ കാല പ്രൗഢി തിരികെ കൊണ്ട് വരാനുള്ള ശ്രമത്തിലാണു തൊഴിലാളികളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."