രാംദേവിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രിം കോടതി; പതഞ്‌ജലി പരസ്യങ്ങളുടെ ഫോണ്ടിലും സൈസിലുമാണോ ക്ഷമാപണം നൽകിയതെന്ന് കോടതി
ന്യൂഡൽഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ പതഞ്‌ജലി ആയുർവേദയുടെ സ്ഥാപകൻ രാംദേവിനെയും ബാലകൃഷ്ണയ്ക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ച് സുപ്രിം കോടതി. പതഞ്‌ജലി പത്രങ്ങളിൽ നൽകിയ മാപ്പിന്റെ വലിപ്പത്തിലാണ് സുപ്രിം കോടതി വിമർശനമുന്നയിച്ചത്. ഇന്ന് പത്രങ്ങളിൽ നൽകിയ മാപ്പിന്റെ വലുപ്പം പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യങ്ങൾക്ക് സമാനമാണോ എന്ന് കോടതി ചോദിച്ചു. കോടതിയിൽ പരസ്യത്തിന്റെ കോപ്പി ഹാജരാക്കുമ്പോൾ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്നാവരുത് സ്ഥിതിയെന്നും കോടതി വ്യക്തമാക്കി.
സുപ്രിംകോടതിയിൽ ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പതഞ്‌ജലി ദേശീയ ദിനപത്രങ്ങളിൽ ക്ഷമാപണം നടത്തിയത്. കോടതിയോട് തങ്ങൾക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തങ്ങളുടെ തെറ്റുകൾ ആവർത്തിക്കില്ലെന്നുമാണ് മാപ്പപേക്ഷയില്‍ പറയുന്നത്. എന്നാൽ എന്തിനാണ് ഇപ്പോൾ മാപ്പ് പറഞ്ഞതെന്നും അത് നേരത്തേ ചെയ്യേണ്ടതായിരുന്നില്ലേ എന്നും കേസ് പരിഗണിച്ച ബെഞ്ച് ചോദിച്ചു. ഇതിന് പ്രതിഭാഗം അഭിഭാഷകൻ നൽകിയ മറുപടിയാണ് കോടതിയെ ചൊടിപ്പിച്ചത്.
67 പത്രങ്ങളിൽ 10 ലക്ഷം രൂപ ചെലവിലാണ് മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതെന്ന് രാംദേവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയെ അറിയിച്ചു. എന്നാൽ അത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നറിയിച്ച കോടതി മാപ്പപേക്ഷ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. നിങ്ങൾ നൽകിയിരുന്ന പരസ്യങ്ങളുടെ അതേ ഫോണ്ടിലും വലിപ്പത്തിലുമാണോ മാപ്പ് പരസ്യം നൽകിയതെന്നും ജസ്റ്റിസ് ഹിമ കോലി ചോദിച്ചു.
പത്രത്തിൽ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ രേഖകൾ സമർപ്പിക്കണമെന്നും അത് വലുതാക്കിയാകരുത് സമർപ്പിക്കുന്നത് എന്നും കോടതി നിർദേശിച്ചു. പരസ്യത്തിന്റെ യഥാർഥ വലിപ്പം ഞങ്ങൾക്ക് കാണണം. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതിയാകരുതെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, പതഞ്ജലിക്കെതിരായ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) 1000 കോടി രൂപ പിഴയീടാക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്രങ്ങളിൽ മാപ്പ് പറയുമെന്ന് രാംദേവ് പറഞ്ഞതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഒരാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."