നീലഗിരി വസന്തോത്സവം: വിനോദസഞ്ചാരികള്‍ക്ക് തിരിച്ചടിയായി ഇ-പാസും പ്രവേശന നിരക്ക് വര്‍ധനവും
ഗൂഡല്ലൂര്‍: ഇ-പാസിന് പുറമേ, വിനോദസഞ്ചാരികള്‍ക്ക് തിരിച്ചടിയായി ഊട്ടി ഫ്‌ളവര്‍ ഷോയുടെ ടിക്കറ്റ് നിരക്കിലും വര്‍ധനവ്. നേരത്തെ 50 രൂപയായിരുന്ന നിരക്ക് 150 രൂപയായാണ് വര്‍ധിപ്പിച്ചത്. കുട്ടികള്‍ക്കുള്ള ടിക്കറ്റിന് 30 രൂപയില്‍ നിന്ന് 75 രൂപയായും വര്‍ധിപ്പിച്ചു. ഫ് ളവര്‍ഷോ കൂടാതെ നീലഗിരി വസന്തോത്സവത്തിന്റ ഭാഗമായുള്ള റോസ് ഗാര്‍ഡനിലെ റോസ് ഷോ, കൂനൂരില്‍ നടക്കുന്ന പഴവര്‍ഗ പ്രദര്‍ശനം എന്നിവയുടെ ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പുതുക്കിയ നിരക്ക്. ഫല്‍വര്‍ ഷോ ആരംഭിക്കുന്ന മെയ് 10 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ എം. അരുണ അറിയിച്ചു.
ലക്ഷക്കണക്കിന് സഞ്ചാരികളാണ് വസന്തോത്സവ സമയത്ത് നീലഗിരിയിലേക്കെത്താറുള്ളത്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ മെയ് ഏഴുമുതല്‍ ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് വിനോദസഞ്ചാരികള്‍ ഇ-പാസ് എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിനിതിരേ പ്രതിഷേധമുയരുന്നതിനിടെയാണ് പ്രവേശനപാസുകളുടെ നിരക്ക് വര്‍ധിപ്പിച്ചത്.
സീസണ്‍ ആരംഭിച്ചതോടെ തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍, മേട്ടുപ്പാളയം ഭാഗങ്ങളില്‍ നിന്ന് 20 സര്‍വീസുകളും മധുര, തേനി, ഈറോഡ്, സേലം, തിരുച്ചി എന്നിവിടങ്ങളില്‍ നിന്നായി 30 സര്‍വീസുകളുമാണ് അധികമായി നടത്തുന്നത്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ടി.എന്‍.എസ്.ടി.സി, കെ.എസ്.ആര്‍.ടി.സികളുടെ അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. അതേസമയം ഇ-പാസ് ഏര്‍പ്പെടുത്തിയതും പ്രവേശന നിരക്ക് വര്‍ധിപ്പിച്ചതും നീലഗിരിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."