ദാനാ മാഞ്ചിയുടെ അനുഭവം വിരല്‍ചൂണ്ടുന്നത്
ദാനാ മാഞ്ചിയെ അത്രവേഗം നമ്മള് മറക്കില്ല. ഭാര്യയുടെ മൃതദേഹം ചുമലില്ത്താങ്ങി കരയുന്ന മകളെയുംകൂട്ടി കാല്‍നടയായി പന്ത്രണ്ടു കിലോമീറ്ററിലേറെ നടക്കാന്‍ വിധിക്കപ്പെട്ട ദലിത് യുവാവ്. സോഷ്യല്‍ മീഡിയയിലും നൈജീരിയയിലുള്പ്പെടെ വിദേശവാര്ത്താമാധ്യമങ്ങളില്പ്പോലും ദാനാ മാഞ്ചിയുടെ ചിത്രം തെളിഞ്ഞപ്പോഴാണ് ഈ നാട്ടില്‍ ദളിതന് അനുഭവിക്കുന്ന തിക്താനുഭവം നാടും ലോകവും കൂടുതല്‍ മനസിലാക്കുന്നത്.
ദലിതനു നഷ്ടപ്പെടുന്ന ഉറ്റവരുടെ മൃതശരീരത്തോടുപോലും സമൂഹം ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റുകള്‍ പുറത്തുവന്നതും അപ്പോള്‍ മാത്രമാണ്. ഭാര്യയുടെ മൃതദേഹം താങ്ങി കരയുന്ന സ്കൂള്‍ കുട്ടിയായ മകളോടൊപ്പം പോകുന്ന ദാനാ മാഞ്ചിയെ ആണ് നാം വാര്‍ത്തകളില്‍ കണ്ടത്. രോഗംബാധിച്ച ഭാര്യയെ മാഞ്ചി ആശുപത്രിയിലേയ്ക്കു കൊണ്ടുവന്നതെങ്ങനെയെന്ന് ആരെങ്കിലും ആലോചിച്ചുവോ. ഉണ്ടാവില്ല.
മാഞ്ചിയുടെ ദുരനുഭവം കണ്ടു ലോകം ഞെട്ടിയതിനു തൊട്ടുപിറ്റേന്നു വൃദ്ധയുടെ മൃതദേഹം രണ്ടായി ഒടിച്ചുമടക്കി തണ്ടില്ത്തൂക്കി നീങ്ങുന്ന ആശുപത്രി ജീവനക്കാരുടെ ദൃശ്യങ്ങളും നമ്മള് കണ്ടു. മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വന്‍ വ്യവസായികളെ സംസ്ഥാനത്തേയ്ക്ക് ആനയിക്കാന്‍ തത്രപ്പെടുന്ന സമയത്താണ് ഈ ദുരന്തക്കാഴ്ചകള്‍ ജനങ്ങളുടെ കണ്മുന്നിലെത്തുന്നത്. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാതെ എന്തു വ്യവസായം വന്നാലും ഖജനാവ് നിറഞ്ഞാലും ദലിത് പീഡകളുടെ പേരിലാവും ഈ മുഖ്യമന്ത്രി അറിയപ്പെടുക.
വണ്ടിയും വള്ളവും അന്യമായ അപരിഷ്കൃത സമൂഹവും നമ്മുടെ ഇടയില്‍ ജീവിച്ചുപോകുന്നു. ഒരുപക്ഷേ സോമാലിയയേക്കാള്‍ ദയനീയമായി. ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തിന്റെ നേര്ക്കാഴ്ചയുമാണിത്. മൃതദേഹത്തോട് മൃഗത്തിന്റെ വില പോലും സമൂഹം കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ദാനാ മാഞ്ചി ചെയ്തതുപോലെ മൃതദേഹത്തോട് ആദരവ് കാട്ടാന്‍ അവര്‍ക്കാവുന്നില്ല. വെള്ളക്കെട്ടുകളിലോ മറ്റോ വലിച്ചെറിയുകയാ ണ് ഈ ഗ്രാമങ്ങളില്‍ പതിവ്. ചിലര്‍ സൈക്കിളിനു പിന്നില്‍ മൃതദേഹം കെട്ടിവച്ചുകൊണ്ടുപോകുന്നു.
ഇതും മാലിന്യക്കൂമ്പാരത്തിന്റെ അത്ര ദൂരം മാത്രമാവും. വിട്ടുപോകുന്ന ഉറ്റവര്‍ക്ക് ഉചിതമായ യാത്ര നല്കാന് പോലും ഈ ഗ്രാമജനതയ്ക്കു കഴിയുന്നില്ലെന്ന ഭീകരചിത്രമാണ് നാം കാണുന്നത്. ഗംഗാ തീരത്തെ പൊലിസ് സ്റ്റേഷനുകളില്‍ തിരക്കിയാലറിയാം പ്രതിദിനം അവര്‍ കണ്ടെത്തുന്ന അജ്ഞാത മൃതദേഹങ്ങളെപ്പറ്റി. എല്ലാം ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നത്.
വര്‍ണ വിവേചനം
ഗ്രാമീണ ഇന്ത്യയില്‍ വര്‍ണവിവേചനം ഇന്നും കൊടികുത്തിവാഴുന്നതിന്റെ ഉദാഹരണം കൂടിയാണ് മാഞ്ചിയുടെ ചിത്രം ചൂണ്ടിക്കാട്ടുന്നത്. സവര്ണന് മറവു ചെയ്യുന്നിടത്തോ അതിനുസമീപത്തോ അവര്‍ണന്റെ മൃതദേഹം സംസ്കരിക്കാന്‍ കഴിയില്ല. അവര്‍ണന്റെ മൃതദേഹത്തിന്റെ സ്ഥാനം ചവറ്റുകുഴിയാണ്. മാത്രമല്ല നീതിപൂര്‍ണമായ സംസ്കാരത്തിനുള്ള ചെലവ് താങ്ങാന്‍ ഗ്രാമീണനു സാധിക്കില്ല. അതിനു സഹായം ലഭ്യവുമല്ല. അപ്പോള്‍ ഉപേക്ഷിക്കുകയല്ലാതെ എന്തു ചെയ്യും? ദാനാ മാഞ്ചി അതു ചെയ്തില്ല. ഇവിടെയാണ് ഇയാള്‍ മഹത്വവല്‍ക്കരിക്കപ്പെടുന്നത്.
പാവങ്ങളാണോ ഒഡീഷക്കാര്‍
ഒഡീഷ എന്ന സംസ്കാര സമ്പന്നമായ സംസ്ഥാനത്തെ ഇന്നത്തെ നിലയിലെത്തിച്ചത് അവിടെ കാലാകാലങ്ങളായി ഭരണം നിര്‍വഹിച്ചവര്‍ തന്നെയാണ്. അങ്ങനെ ജനങ്ങള്‍ പാവങ്ങളില്‍ പാവങ്ങളായി. രാജ്യത്തെ ഏറ്റവും ദരിദ്ര ജനത ഒരുപക്ഷേ ഒഡീഷക്കാരായിരിക്കും.
ജനങ്ങള്‍ അഷ്ടിക്കു വകയില്ലാത്തവരാണെങ്കിലും ധനാഢ്യമാണ് സംസ്ഥാനം. ഇന്ത്യയിലെ ഇരുമ്പയിരിന്റെ 33 ശതമാനവും ഈ സംസ്ഥാനത്താണ്. രാജ്യത്തെ 25 ശതമാനം കല്‍ക്കരി പാടങ്ങളും ഇവിടെയാണ്. ഇന്ത്യയിലെ 60 ശതമാനം അലൂമിനിയം അയിരും, 98 ശതമാനം ക്രോമിയം അയിരും 67 ശതമാനം മാംഗനീസ് അയിരും 30 ശതമാനം ധാതുമണലും ഒഡീഷയിലാണ്. ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളും സമ്പന്നമായ വനമേഖലയും ലോകത്തെ പ്രമുഖ ബീച്ചുകളോടു കിടപിടിക്കത്തക്ക മനോഹാരിതയുള്ള ബീച്ചുകളും ഒഡീഷയുടെ പ്രത്യേകതയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ഈ സമ്പത്തും അതിന്റെ ഗുണഫലങ്ങളും അനുഭവിക്കാന്‍ ഇവിടുത്തെ ജനതയ്ക്കാവുന്നില്ലെന്നതാണ് വിരോധാഭാസം. രാജ്യത്തെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനം ഏതെന്നു കണ്ടുപിടിക്കാന്‍ 2013ല്‍ കേന്ദ്ര നിര്‍ദേശപ്രകാരം രഘുറാം രാജന് പാനല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ സംസ്ഥാനവും ഒഡിഷയാണ്.
എന്നാല്‍ ഒഡിഷ സര്‍ക്കാര്‍ മാത്രം ഇതു സമ്മതിക്കുന്നില്ല. 2014-2015 കാലത്തെ സാമ്പത്തിക സര്‍വേയില്‍ സംസ്ഥാനം അവകാശപ്പെട്ടത് തങ്ങളാണ് രാജ്യത്ത് ഫലവത്തായി ദാരിദ്ര്യത്തെ നേരിട്ട സംസ്ഥാനമെന്നാണ്. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ പൊള്ളയാണ് ഈ വാദമെന്ന് കണ്ടെത്തി. ഇന്നും 32.6 ശതമാനം പേരും ദാരിദ്ര്യത്തിലാണ്. ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ പാവങ്ങളുള്ളത് ഒഡിഷയിലാണ്. സ്വഛസുന്ദര സംസ്ഥാനം. നാലുപതിറ്റാണ്ടായി രാഷ്ട്രീയ അസ്ഥിരത നേരിട്ടിട്ടേയില്ല. പ്രതിഛായയില്‍ വിശ്വസിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. വിദ്യാസമ്പന്നരും സഹായസന്നദ്ധരുമാണ്. എന്നിട്ടെന്തേ ഇങ്ങനെ പാവപ്പെട്ടവരുടെ സംസ്ഥാനമായി.?
നാഗരിക ജനതയോട് ചോദിച്ചാല്‍ അവര്‍ പറയും മടി ജാസ്തിയാണ്, ആഗ്രഹങ്ങളും കുറവ്. ഈ ഉത്തരത്തിന് ചരിത്രപരവും സാംസ്കാരികപരവുമായ കാരണങ്ങളുമുണ്ട്. ഭാര്യയുടെ മൃതദേഹം പേറി നടക്കുന്ന ദാനാ മാഞ്ചിയും വയലേലകളില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് പണിയെടുത്ത് അന്നം തേടുന്ന തൊഴിലാളിയും ഈ ഉത്തരത്തിന്റെ ഭിന്ന ഉദാഹരണങ്ങളാണ്.
വികസന മുരടിപ്പും തൊട്ടുകൂടായ്മയും
സംസ്ഥാനത്തെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്കു കാരണം വികസനം മുരടിച്ചതു തന്നെയാണ്. പുറം സംസ്ഥാനങ്ങള്‍ ഇനിയും കണ്ടിട്ടില്ലാത്ത ഗ്രാമീണ ജനത വികസനത്തില്‍ അജ്ഞരാണ്. കോളനി വാഴ്ചക്കാലത്തെ ദുര്‍ഭൂതത്തില്‍ നിന്നും ഇന്നും സംസ്ഥാനത്തിന് വിടുതല്‍ ലഭിച്ചിട്ടുമില്ല. രാഷ്ട്രീയം ശുദ്ധമാണെങ്കിലും വളരെ ദുര്‍ബലം. കാലാകാലങ്ങളിലെ കേന്ദ്രസര്‍ക്കാരുകളെ സ്വാധീനിക്കാനോ നേട്ടമുണ്ടാക്കാനോ രാഷ്ട്രീയ നേതൃത്വങ്ങള്ക്കായിട്ടുമില്ല. സമൂഹത്തില്‍ ഇന്നും നടമാടുന്ന ജാതിവിവേചനം സമൂഹങ്ങള്‍ക്കിടയില്‍ ശക്തരെയും ദുര്‍ബലരേയും വളര്‍ത്തി. സമത്വം പ്രസംഗത്തില്‍ മാത്രം. സ്വാതന്ത്ര്യാനന്തരം തുടര്‍ന്ന വര്‍ഗ വിവേചനം രാഷ്ട്രീയത്തിലുള്‍പ്പെടെ സകല മേഖലകളിലും തുടരുകയാണ്.
ആദിവാസി സമൂഹം
രാജ്യത്ത് ആദിവാസികള്‍ ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാങ്ങളിലൊന്നാണ് ഒഡിഷ. ആകെ ജനസംഖ്യയുടെ 23 ശതമാനം വരുമിത്. ദലിത് ജനസംഖ്യ 17 ശതമാനം. ഇതുരണ്ടും കൂടിയാവുമ്പോള്‍ 40 ശതമാനം ജനങ്ങളും പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുന്നതായി കാണാം. 62 ആദിവാസി സമൂഹങ്ങളും 93 ദലിത് വിഭാഗങ്ങളും ഇവിടെയുണ്ട്. സവര്‍ണ മേധാവിത്വം രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോഴും ഭരണവര്‍ഗമായി വിരാജിക്കുമ്പോഴും പകുതിയോളം വരുന്ന പിന്നോക്ക ജനവിഭാഗത്തിന് രാഷ്ട്രീയമായി ശബ്ദമുയര്‍ത്താന്‍ കഴിയുന്നില്ല. അഥവാ സവര്‍ണരുടെ കൊടിക്കീഴില്‍ അവരിന്നും വിവിധ ഗ്രൂപ്പുകളായി അണിനിരക്കുന്നു.
പിന്നോക്ക വിഭാഗത്തില്‍ 200റോളം വിവിധ ജാതികളാണുള്ളത്. ബിഹാറിലും ഉത്തര്‍പ്രദേശിലും യാദവരും കുര്‍മികളും കൊയറികളും രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമ്പോള്‍ ഒഡിഷയില്‍ ഖണ്ഡായത് എന്ന ബഹുഭൂരിപക്ഷ പിന്നോക്ക സമൂഹത്തിന് രാഷ്ട്രീയത്തില്‍ ഏറെയൊന്നും ചെയ്യാനാകുന്നില്ല. കാരണം നിരവധി ഭിന്ന ജാതികളായി ഇവര്‍ പിളര്‍ന്നിരിക്കുന്നു. ഇതില്‍ തന്നെ ചിലര്‍ സവര്‍ണരാണെന്ന് സ്വയം നടിക്കുന്നു.
ഇങ്ങനെ ഛിന്നഭിന്നമായ സമൂഹത്തെ കൈകാര്യം ചെയ്യാന്‍ വരേണ്യവിഭാഗത്തിന് എളുപ്പമായി. അതുകൊണ്ടുതന്നെ ഈ ജനതയ്ക്ക് അര്‍ഹതപ്പെടുന്ന വികസനം, അഥവാ അന്‍പതുശതമാനത്തോളം വികസനം സംസ്ഥാനത്തിന് അന്യമായി. ഫലഭൂയിഷ്ടമായ കാര്‍ഷിക മേഖലയെ അധികൃതര്‍ അവഗണിച്ചതും പിന്നോക്കക്കാര്‍ക്കിടയില്‍ ഒത്തൊരുമ ഇല്ലാത്തതുകൊണ്ടുതന്നെ. ദാരിദ്ര്യവും തൊഴിലില്ലായ്മയും സംസ്ഥാനത്ത് രൂക്ഷമായതോടെ സമീപ സംസ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ ചേക്കേറുകയാണ്. കേരളത്തില്‍ പോലും ഒഡിഷക്കാര്‍ സ്വര്‍ഗം തേടിയെത്തുന്നതും നമുക്ക് കാണാനാകും.
പട്നായിക്ക് ഭരണം
വ്യവസായ വിപ്ളവമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അറുപതുകളില്‍ ബിജുപട്നായിക്കും 80കളില്‍ ജെ.ബി പട്നായിക്കും സംസ്ഥാനഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ പത്തുപതിനഞ്ചുവര്‍ഷമായി നവീന്‍ പട്നായിക്കും പൊള്ളയായ വാഗ്ദാനങ്ങളുടെ ഗരിമയില്‍ ഭരണം കൈയ്യാളുന്നു. മുന്‍ പറഞ്ഞതുപോലെ പ്രതിഛായയും ജനപ്രിയ പദ്ധതികളുമാണ് പട്നായിക്കുമാരെ അധികാരത്തില്‍ നില നിര്‍ത്തുന്നത്. എന്നാല്‍ ഗ്രാമീണതലത്തില്‍ ദാരിദ്ര്യം തുടച്ചുനീക്കാന്‍ ചെറുവിരല്‍ അനക്കാന്‍ പോലും ഇവര്‍ തയാറായില്ല. വികസനമുരടിപ്പും അതിന്റെ സംഭാവനതന്നെ.
സാമൂഹ്യ വിപ്ലവം ആവശ്യം
രാജ്യമെങ്ങും സാമൂഹ്യ വിപ്ലവം ആണ് വികസനത്തിലേക്ക് നയിച്ചത്. നിയമത്തിനും അധികാരവര്ഗത്തിനുമെതിരേയല്ല, മറിച്ച് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഇത്തരം സമരങ്ങള്‍ക്ക് പല സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചു. അവിടങ്ങളിലൊക്കെ നേട്ടങ്ങളുണ്ടാവുകയും ചെയ്തു. സവര്‍ണരുടെ അധികാരവലയത്തില്‍ നിന്നും പുറത്തുചാടി തന്റെ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ദലിതനെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഇന്നത്തെ ഒഡിഷ പഴങ്കഥയാകും. വെളുത്തു തുടുത്ത പട്നായിക്കുമാര്‍ പലായനം ചെയ്യപ്പെടും. വികസനം സാര്വത്രികമാകും. ഇതിന് പിന്നോക്ക സമുദായ നേതാക്കള്‍ സവര്‍ണ മേധാവിത്വത്തെ കുടഞ്ഞുകളയേണ്ടതുണ്ട്. വരും തലമുറയ്ക്കുവേണ്ടി അവര്‍ ഈ മാറ്റത്തിനുതയാറായില്ലെങ്കില് രാജ്യത്തിനൊപ്പം മുന്നേറാന്‍ ഒഡിഷയ്ക്കാവില്ല. ഗ്രാമതലത്തില്‍ റോഡുകളോ വാഹനങ്ങളോ ആശുപത്രികളോ കച്ചവട സ്ഥാപനങ്ങളോ വ്യവസായങ്ങളോ ഇല്ലാത്ത അവസ്ഥ തുടരും. ദാനാ മാഞ്ചിമാര്‍ ഇനിയും ഇനിയും ഉണ്ടാവുകയും ചെയ്യും. മഹാത്മാ ഗാന്ധി എന്തിനെതിരേ നിലകൊണ്ടോ അതൊക്കെ ഇന്നും സമൂഹത്തില്‍ വാഴുന്നു എന്നറിയുന്നതില്‍ ലജ്ജിക്കുക തന്നെവേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months agoഎം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months agoഎല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months agoയു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months agoജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months agoനിപ ബാധിച്ച് മരിച്ച 24 കാരന് ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• 3 months agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months agoകെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months agoഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 3 months agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 3 months agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 3 months agoനിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്ക് കാറ്റഗറിയില്‍ 104 പേര്; പത്ത് പേര് ചികിത്സയില്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 3 months agoഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
159 ദുരിതാശ്വാസ വിമാനങ്ങളിൽ 10,000 ടൺ ഭക്ഷണവും മെഡിക്കൽ വസ്തുക്കളും ഉൾപ്പെടെ 230 മില്യൺ ഡോളർ സഹായമെത്തിച്ചു