കാന്‍സര്‍ പ്രതിരോധ ചികിത്സക്ക് വിധേയനായ ഡോക്ടറുടെ രോഗം ഭേദമായി; ലോകത്ത് ആദ്യം, കാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവ്
സിഡ്‌നി: ഗ്ലിയോബ്ലാസ്‌റ്റോമ എന്ന പുതിയ വാക്‌സിന്‍ പ്രതിരോധ ചികിത്സയ്ക്ക് ലോകത്ത് ആദ്യമായി വിധേയനായ ആസ്‌ത്രേലിയന്‍ ഡോക്ടര്‍ കാന്‍സര്‍ വിമുക്തനായി. ഒരുവര്‍ഷം നീണ്ട ചികിത്സയ്ക്കാണ് 57കാരനായ ആസ്‌ത്രേലിയന്‍ ഡോക്ടര്‍ പ്രൊഫ. റിച്ചാര്‍ഡ് സ്‌കോളിയേഴ്‌സ് വിധേയനായത്. കാന്‍സര്‍ ചികിത്സയില്‍ പാത്തോളജിസ്റ്റുകള്‍ വികസിപ്പിച്ച പരീക്ഷണ ചികിത്സയാണ് ഗ്ലിയോബ്ലാസ്‌റ്റോമ തെറാപ്പി.
ചികിത്സയ്ക്ക് വിധേയനായ റിച്ചാര്‍ഡ് സ്‌കോളിയേഴ്‌സിന്റെ ഏറ്റവും പുതിയ എം.ആര്‍.ഐ സ്‌കാനിങ്ങില്‍ അര്‍ബുദം അപ്രത്യക്ഷമായി. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിച്ച് കാന്‍സറിനെ ശരീരം തന്നെ പ്രതിരോധിക്കുന്ന ഇമ്മ്യൂണോ തെറാപ്പിയാണ് വികസിപ്പിച്ചത്. പതിറ്റാണ്ടുകളായി ആസ്‌ത്രേലിയ മെലനോമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ ഗവേഷണം നടക്കുന്നുണ്ട്. മെഡിക്കല്‍ ഓങ്കോളജിസ്റ്റായ പ്രൊഫ.ജിയോര്‍ജിന ലോങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ വര്‍ഷമാണ് റിച്ചാര്‍ഡ് സ്‌കോളിയേഴ്‌സിന് മസ്തിഷ്‌ക അര്‍ബുദം പിടിപെട്ടത്. തുടര്‍ന്ന് പ്രതിരോധ ചികിത്സ തുടങ്ങി. മാസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കുറഞ്ഞുതുടങ്ങി. താന്‍ ആരോഗ്യവാനാകുന്നതായി അനുഭവപ്പെട്ടുവെന്നു ഡോക്ടര്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് ശേഷം 15കിലോമീറ്റര്‍ വരെ ജോഗിങ് ചെയ്യാനുള്ള ആരോഗ്യം വീണ്ടെടുത്തു. തന്റെ അസുഖം ഇത്രവേഗം ഭേദമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പ്രതിവര്‍ഷം മൂന്നു ലക്ഷം പേര്‍ക്കാണ് മസ്തിഷ്‌ക അര്‍ബുദം പിടിപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."