സ്ത്രീകളുടെ കുളിമുറിയില്‍ സി.സി.ടി.വി വെച്ചു; യുപിയില്‍ പൂജാരി ഒളിവില്‍
ഗാസിയാബാദ്: സ്ത്രീകളുടെ കുളിമുറിയില്‍ ക്യാമറ വെച്ച പൂജാരിക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുറാദ് നഗറിലെ ഗംഗാനദിക്കരയിലുള്ള ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് കേസ്.
മെയ് 21ന് മകളോടൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിയാണ് കുളിമുറിക്ക് മുകളില്‍ സിസിടിവി സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയത്. നദിയില്‍ കുളിച്ച് കയറിയ ശേഷമാണ് ആളുകള്‍ പ്രാര്‍ഥനയ്ക്കായി ക്ഷേത്രത്തിലെത്തുക. കുളിച്ച് കയറിയ ശേഷം സ്ത്രീകള്‍ വസ്ത്രം മാറുന്ന ഭാഗത്തേക്ക് ഫോക്കസ് ചെയ്ത നിലയിലായിരുന്നു ക്യാമറ തിരിച്ച് വെച്ചിരുന്നത്. സി.സി.ടി.വിയുടെ ഡിസ്പ്ലേ പൂജാരിയുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി പൊലിസ് കണ്ടെത്തി.
ക്യാമറ ശ്രദ്ധയില്‍പ്പെട്ട യുവതി പൂജാരിയെ അറിയിക്കുകയും ഇതേക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാല്‍ ക്യാമറയെ കുറിച്ച് പുറത്ത് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പൂജാരി യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി നേരിട്ട് മുറാദ്നഗര്‍ സ്റ്റേഷനില്‍ പരാതി നല്കി.
സംഭവത്തില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത പൊലിസ് അറസ്റ്റ് ചെയ്യാന്‍ ക്ഷേത്രത്തിലെത്തിയെങ്കിലും പൂജാരി കടന്നുകളഞ്ഞു. ഇയാള്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൂജാരിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."