അവയവ മാഫിയ ലക്ഷ്യമിടുന്നത് സ്ത്രീകളെ; പണവും, വീടും വാഗ്ദാനം നല്‍കി ചൂഷണവും
കൊച്ചി: സംസ്ഥാനത്ത് അവയവ മാഫിയ പ്രവര്‍ത്തിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൂടുംബങ്ങളിലെ സ്ത്രീകളെ ലക്ഷ്യമിട്ട്. വിവിധ സ്ഥാപനങ്ങളില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന നിരവധി വനിതകളെയാണ് ഇപ്രകാരം സംഘം വലയിലാക്കിയിരിക്കുന്നത്. എട്ടു മുതല്‍ പത്ത് ലക്ഷം വരെ വാഗ്ദാനം നല്‍കി പലരുടെയും വൃക്ക 'വാങ്ങിയ' ഇവര്‍ പറഞ്ഞുറപ്പിച്ച സംഖ്യയുടെ നാലിലൊന്ന് പോലും നല്‍കാതെ മുങ്ങുകയാണ് പതിവ്.
എറണാകുളത്തെ പ്രമുഖ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായ ആലപ്പുഴക്കാരിയായ വനിതയും ഇക്കൂട്ടത്തില്‍പെടും. എട്ടരലക്ഷം രൂപയാണ് ഇവര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ പലപ്പോഴായി മൂന്നരലക്ഷം രൂപ മാത്രമാണ് ഇവര്‍ക്ക് നല്‍കിയത്. ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞുതാമസിച്ചിരുന്ന ഇവര്‍ വൃക്ക ഏജന്റിന്റെ വലയില്‍ വീഴുകയായിരുന്നു. വൃക്ക നല്‍കിയതിനുശേഷം ബാക്കി പണം ആവശ്യപ്പെട്ടപ്പോള്‍ വീടുവച്ച് നല്‍കാമെന്ന് വരെ വാഗ്ദാനം നല്‍കി ഇവരെ ലൈംഗികമായും ചൂഷണം ചെയ്തു. തുടര്‍ന്ന് ഇവരുടെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. അവയവങ്ങള്‍ വിറ്റ് പണം വാങ്ങുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ ഇത്തരക്കാര്‍ക്ക് പൊലിസിനെയും സമീപിക്കാന്‍ കഴിയില്ല. ഇവര്‍ ആശുപത്രിയിലെത്തി വൃക്ക നല്‍കുന്നതിനുമുമ്പ് ഒപ്പിട്ടുനല്‍കുന്ന രേഖകളില്‍ സ്വമേധയാ നല്‍കുന്നു എന്നതുള്‍പ്പെടെയുള്ള സമ്മതപത്രവും ഉണ്ട്.
അതേസമയം, തങ്ങളെ ഉപയോഗിച്ച് തന്നെ സംഘം കൂടുതല്‍ വനിതകളെ കണ്ണികളാക്കിയെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. വൃക്ക തട്ടിപ്പിനിരയായി ഒരുലക്ഷം രൂപ പോലും ലഭിക്കാത്തവരുമുണ്ട്. പൊലിസില്‍ പലരും പരാതിയുമായി എത്തുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. പണം നല്‍കി വൃക്ക നല്‍കുന്നത് തെറ്റാണെന്ന് പൊലിസുകാരില്‍ നിന്ന് മനസിലാക്കുന്ന ഇവര്‍ പിന്നീട് തങ്ങള്‍ നേരിട്ട ലൈഗിംക ചൂഷണത്തിന് പരാതി നല്‍കി മടങ്ങുകയാണ് പതിവ്. വൃക്കതട്ടിപ്പിന് ഇരയായ ആലപ്പുഴസ്വദേശിനി പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ ഷാജി എന്ന ഏജന്റിനെതിരേ ഇക്കഴിഞ്ഞ ഡിസംബറില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."