മെഡിക്കള്‍ കോളജിലെ നഴ്സുമാരുടെ വേതന പ്രതിസന്ധി രൂക്ഷം
മഞ്ചേരി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്കാലിക വേതനാടിസ്ഥാനത്തില്‍ നിയമിതരായ നഴ്സുമാരുടെ വേതന പ്രതിസന്ധി രൂക്ഷം. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികള്‍ക്കു ലഭിക്കുന്ന വേതനം പോലും ഇവര്‍ക്കു ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിതരായ ശുചീകരണ തൊഴിലാളികള്‍ക്ക് 600 രൂപവരെ ദിവസം നല്കിവരുമ്പോഴാണ് നഴ്സുമാര്‍ക്ക് 450 രൂപ മാത്രമാണ് ലഭിക്കുന്നത്. 68 നഴ്സുമാരാണ് ഇത്തരത്തില്‍ നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്.
ആശുപത്രി വികസന സമിതിയുടെ ഫണ്ടില്‍ നിന്നാണ് നഴ്സുമാര്‍ക്ക് വേതനം നല്‍കുന്നത്.
നഴ്സുമാര്‍ക്ക് പ്രതിദിനം 960 രൂപയോ അല്ലങ്കില്‍ മാസം 27,600 രൂപയോ നല്‍കണമെന്ന് നേരത്തേ സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. കോഴിക്കോട്, തിരുവന്തപുരം മെഡി.കോളജുകളിലും ജില്ലയിലെ ഇതര സര്‍ക്കാര്‍ ആശുപത്രികളിലും ഈ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് വേതനം നല്‍കിവരുന്നുണ്ട്. ഉത്തരവ് മഞ്ചേരി മെഡിക്കല്‍ കോളജിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എച്ച്.ഡി.എസില്‍ ഫണ്ടില്ലന്നായിരുന്നു അധികൃതരുടെ വിശദീകരണം. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും പലപ്പോഴും അധികൃതര്‍ തയ്യാറാകുന്നില്ലന്നു നഴ്സിങ് ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."