'അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടും ഫലമുണ്ടായില്ല., ഇനി സീറ്റ് നല്‍കും മുമ്പ് രണ്ട് വട്ടം ആലോടചിക്കും' പരാജയത്തില്‍ മുസ്‌ലിംകളെ പഴിച്ച് മായാവതി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതില്‍ മുസ്‌ലിംകളെ പഴിച്ച് ബി.എസ്.പി നേതാവ് മായാവതി. മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കുന്നതിന് മുമ്പ് ഇനി രണ്ടുവട്ടം ആലോചിക്കുമെന്നും മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടും തന്റെ പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടുവെന്നും മായാവതി പറഞ്ഞു. മുസ്‌ലിംകള്‍ ബഹുജന്‍ സമാജ് പാര്‍ട്ടി കുടുംബത്തിന്റെ പ്രധാന ഭാഗമാണ്. പക്ഷേ അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടും അവര്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസിലായില്ല. അതുകൊണ്ട് ഇപ്പോള്‍ ഉണ്ടായതുപോലുള്ള വലിയ നഷ്ടമുണ്ടാവാതിരിക്കാന്‍ ഭാവിയില്‍ മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്നും മായാവതി പറഞ്ഞു.
അതേസമയം, ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ കനത്ത തിരിച്ചടിയില്‍നിന്ന് രക്ഷിച്ചത് ബി.എസ്.പിയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ബി.എസ്.പി മത്സരിച്ചിരുന്നില്ല എങ്കില്‍ ബി.ജെ.പിയുടെ പ്രകടനം ഇതിനെക്കാള്‍ മോശമാവുമായിരുന്നുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമാകാന്‍ ക്ഷണിച്ചെങ്കിലും യു.പിയിലെ മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കുകയാണ് മായാവതിയുടെ ബി.എസ്.പി ചെയ്തത്. എന്നാല്‍ എവിടെയും വിജയിച്ചില്ല. എങ്കിലും യു.പിയിലെ 9.4 ശതമാനം വോട്ടുകള്‍ ഇത്തവണ പാര്‍ട്ടിക്ക് ലഭിച്ചു. 2019ല്‍ പത്ത് എം.പിമാരെയാണ് പാര്‍ട്ടി വിജയിപ്പിച്ചത്. 403 അംഗ യു.പി നിയമസഭയില്‍ പാര്‍ട്ടിക്ക് ഇപ്പോഴുള്ളത് ഒരൊറ്റ എം.എല്‍.എയാണ്.
എന്നാല്‍, ബി.എസ്.പിയുടെ സാന്നിധ്യം ഇന്‍ഡ്യാ മുന്നണിയുടെ 16 സ്ഥാനാര്‍ഥികളുടെ വിജയത്തെയാണ് ബാധിച്ചത്. ഇത്രയും മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ബി.എസ്.പി സ്ഥാനാര്‍ഥികള്‍ നേടിയത്. ഇതില്‍ 14 ഇടത്ത് ബി.ജെ.പിയും ഒരു സീറ്റില്‍ രാഷ്ട്രീയ ലോക്ദളും ഒരിടത്ത് അപ്‌നാദളും (സോണിലാല്‍) വിജയിച്ചു. ഈ മണ്ഡലങ്ങളില്‍ ബി.എസ്.പിയുടെ സ്ഥാനാര്‍ഥികള്‍ ഇല്ലായിരുന്നുവെങ്കില്‍ ബി.ജെ.പിയുടെ നേട്ടം 226 സീറ്റുകളില്‍ ഒതുങ്ങുമായിരുന്നു. ഇവിടെയെല്ലാം ഇന്‍ഡ്യ ജയിച്ചിരുന്നുവെങ്കില്‍ മുന്നണിയുടെ അംഗബലം 250ല്‍ എത്തിയേനെ.
അക്ബര്‍പൂര്‍, അലിഗഡ്, അംറോഹ, ബന്‍സ്ഗാവ്, ഭദോഹി, ബിജ്‌നോര്‍, ദിയോരിയ, ഫറൂഖാബാദ്, ഫതഹ്പൂര്‍ സിക്രി, ഹര്‍ദോയി, മീററ്റ്, മിര്‍സാപൂര്‍, മിസ്രിക്, ഫുല്‍പൂര്‍, ഷാജഹാന്‍പൂര്‍, ഉന്നാവ് മണ്ഡലങ്ങളിലാണ് ബി.എസ്.പി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് പിടിച്ചത്. അക്ബര്‍പൂരില്‍ 44,345 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ വിജയം. ഇവിടെ ബി.എസ്.പി സ്ഥാനാര്‍ഥി നേടിയത് 73,140 വോട്ട്. അലിഗഡില്‍ 15,647 വോട്ടിനാണ് ബി.ജെ.പി ജയിച്ചത്. ഇവിടെ 1.23 ലക്ഷം വോട്ടുകള്‍ ബി.എസ്.പി പിടിച്ചു. ബന്‍സ്ഗാവില്‍ 3,150 വോട്ടിനാണ് കോണ്‍ഗ്രസിന് മണ്ഡലം നഷ്ടമായത്. ഇവിടെ ബി.എസ്.പി 64,750 വോട്ടുകളും നേടി. ദിയോറിയയില്‍ 34,842 വോട്ടിനാണ് കോണ്‍ഗ്രസ് തോറ്റത്. ഇവിടെ ബി.എസ്.പി 45,564 വോട്ടും സ്വന്തമാക്കി. ഫാറൂഖാബാദില്‍ 2,678 വോട്ടിനാണ് ബി.ജെ.പി ജയിച്ചത്. ഇവിടെ ബി.എസ്.പി 45,000 വോട്ടുകള്‍ പിടിച്ചു. ബി.എസ്.പി ഒരുലക്ഷത്തിലധികം വോട്ട് പിടിച്ച ഫതഹ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 43,405 വോട്ടിനും തോറ്റു. ഫുല്‍പൂരില്‍ 4,332 വോട്ടിനാണ് എസ്.പിയുടെ തോല്‍വി. ഇവിടെ മായാവതിയുടെ പാര്‍ട്ടി പിടിച്ചതാകട്ടെ 82,586 വോട്ടുകളും. ഷാജഹാന്‍പൂരില്‍ 55,379 വോട്ടിന് എസ്.പി തോറ്റപ്പോള്‍ ബി.എസ്.പി പിടിച്ചത് 91,710 വോട്ട്. ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉന്നാവില്‍ 35,818 വോട്ടിനാണ് ബി.ജെ.പിയുടെ വിജയം. ഇവിടെ 72,527 വോട്ടും ബി.എസ്.പി പിടിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമായ യു.പിയില്‍ ആകെ 80 മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 33 സീറ്റില്‍ മാത്രമാണ് ബി.ജെ.പി വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."