ഒടുവില്‍ സര്‍ക്കാര്‍ കനിഞ്ഞു; റേഷന്‍ വാതില്‍പ്പടി വിതരണം പുനരാരംഭിച്ചു
കോഴിക്കോട്: ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും റേഷന്‍ വാതില്‍പ്പടി വിതരണം പുനരാരംഭിച്ചു. കരാറുകാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ള പണം നല്‍കിയതോടെയാണ് ഇന്നലെ വിതരണം പുനസ്ഥാപിച്ചത്. ശനിയാഴ്ച്ച വൈകിട്ടോടെ ചില താലൂക്കുകളില്‍ തുക എത്തിയിരുന്നു.
മലബാര്‍ അടക്കമുള്ളയിടങ്ങളിലെ കുടിശ്ശികയും തീര്‍ന്നതോടെയാണ് വാതില്‍പ്പടി വിതരണം പുനരാരംഭിച്ചത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തെ കുടിശ്ശികയില്‍ രണ്ടുമാസത്തെ പണമാണ് ഇപ്രാവശ്യം നല്‍കിയത്. ഇനി ഒരുമാസത്തെ പണം കൂടി നല്‍കാനുണ്ട്. ബില്‍ സമര്‍പ്പിക്കുന്ന തുകയുടെ 90ശതമാനം ആദ്യത്തെ ആഴ്ച്ചയിലും 10 ശതമാനം ഓഡിറ്റ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലും നല്‍കാമെന്നാണ് കരാര്‍. പ്രതിമാസം 25 കോടിയാണ് നല്‍കേണ്ടത്.
എന്നാല്‍ ഇത് കുടിശ്ശികയായതോടെയാണ് സമരം തുടങ്ങിയത്. 80 കോടിയോളം രൂപ കരാറുകാര്‍ക്ക് കിട്ടാനുണ്ടെങ്കില്‍ 32 കോടിയോളം തുക(ഏതാണ്ട് 40ശതമാനം) തൊഴിലാളി ക്ഷേമബോര്‍ഡില്‍ അടക്കേണ്ടതാണ്. അതാത് മാസം തുക കൃത്യമായി അടച്ചില്ലെങ്കില്‍ കരാറുകാര്‍ വലിയ പിഴ അടക്കേണ്ടിയും വരും.
ഇത്തവണ ബില്‍ കുടിശ്ശികയായതോടെ തൊഴിലാളി ക്ഷേമബോര്‍ഡില്‍ പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കടുത്തപ്രയാസത്തിലായിരുന്നു ഇവര്‍. ഇതിനു പുറമെ ലോറി വാടക, ചുമട്ടുതൊഴിലാളികളുടെ കൂലി എന്നിവയും മുടങ്ങി. 78 താലൂക്കുകളിലായി 9000 പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പണം വൈകിയതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാവില്ലെന്നാണ് കരാറുകാരുടെ പ്രതീക്ഷ.
അതേസമയം ബില്‍ തുക കൃത്യമായി ലഭിക്കാത്തതിനാല്‍ ലോറി ഡ്രൈവര്‍മാരെ കിട്ടാനില്ലെന്ന് കേരള ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഫഹദ് ബിന്‍ ഇസ്മയില്‍ പറയുന്നു. ജോലിയും കൂലിയും മുടങ്ങുന്നതിനാല്‍ മിക്കവരും ഒഴിവായിപ്പോയെന്നും ഇത് വാതില്‍പ്പടി വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം. കൂടാതെ പുതിയ ടെന്‍ഡറില്‍ സെക്യൂരിറ്റി തുക ഇരട്ടിയാക്കിയത് പുനപ:രിശോധിക്കുക, കയറ്റിറക്ക് കൂലി ഏകീകരിക്കുക, പുതിയ ടെന്‍ഡറില്‍ സെക്യൂരിറ്റി തുക ഇരട്ടിയാക്കിയത് പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."