നാളെ മുതല്‍ ഇന്ത്യയിൽ പുതിയ ക്രിമിനല്‍ നിയമങ്ങള്‍
ന്യൂ ഡൽഹി: ഇന്ന് അർധരാത്രി മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഇതോടെ 1860 ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1898 ലെ ക്രിമിനല്‍ നടപടിച്ചട്ടം ( സിആര്‍പിസി ), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവ അസാധുവാകും. ഭാരതീയ ന്യായ് സംഹിത ( ബിഎന്‍എസ് ), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ( ബിഎന്‍എസ്എസ് ), ഭാരതീയ സാക്ഷ്യ ( ബിഎസ് ) എന്നിവയാണ് പുതിയ നിയമങ്ങള്‍.
358 സെക്ഷനുകളുള്ള ബിഎന്‍എസ് നിലവില്‍ വരുന്നത് 511 സെക്ഷനുകളുള്ള ഐപിസിക്കു പകരമായാണ്. നിയമപ്രകാരം 15 ദിവസത്തെ പൊലിസ് കസ്റ്റഡിയുടെ ദൈര്‍ഘ്യം 90 ദിവസമാകും. 20 കുറ്റകൃത്യങ്ങള്‍ പുതുതായി ചേര്‍ക്കുകയും 33 എണ്ണത്തില്‍ ശിക്ഷാകാലാവധി വര്‍ധിപ്പിക്കുകയും 83 എണ്ണത്തില്‍ പിഴ വര്‍ധിപ്പിക്കുകയും 23 കുറ്റങ്ങളില്‍ നിര്‍ബന്ധിത ശിക്ഷാകാലാവധി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ സിആര്‍പിസിയിലെ 484 സെക്ഷനുകള്‍ക്ക് പകരം 531 സെക്ഷനുകളുണ്ടാകും. പഴയ നിയമത്തിലെ 177 വകുപ്പുകളാണ് മാറ്റിയത്. 9 പുതിയ വകുപ്പുകളും 39 ഉപവകുപ്പുകളും ചേര്‍ത്തു. 2023 ഓഗസ്റ്റ് 12-നാണ് പാർലമെന്റിൽ അമിത് ഷാ ക്രിമിനല്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ച നിയമത്തിന് ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.
ഇന്ന് അർധരാത്രിക്ക് ശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതും പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനുമുൻപുള്ള കുറ്റകൃത്യങ്ങളിൽ നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. നിലവിൽ രജിസ്റ്റർചെയ്ത കേസുകളിലെ നടപടിക്രമം പൂർത്തിയാക്കേണ്ടത് പഴയ നിയമപ്രകാരം തന്നെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."