പി.എസ്.സി കോഴ പാർട്ടി അന്വേഷണത്തിൽ ഒതുങ്ങേണ്ട വിഷയമല്ല; ഇന്ന് കോഴിക്കോട് യൂത്ത് ലീഗിന്റെ പ്രതിഷേധം
കോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിൽ പ്രത്യക്ഷ സമരവുമായി മുസ്‌ലിം യൂത്ത് ലീഗ്. കോഴയിൽ പൊലിസ് കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ഇന്ന് ജനസദസ് സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ അറിയിച്ചു. വൈകുന്നേരം പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് പ്രതിഷേധം സംഘടിപ്പിക്കുക.
പാർട്ടി അന്വേഷണത്തിൽ ഒതുങ്ങേണ്ടതല്ല പി.എസ്.സി കോഴ ആരോപണമെന്ന് മിസ്അബ് കീഴരിയൂർ പ്രതികരിച്ചു. വിശദമായ അന്വേഷണം വേണമെന്നും മിസ്അബ് പറഞ്ഞു. വൈകീട്ട് 4മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉൽഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ, ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂർ, ആഷിക് ചെലവൂർ, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ തുടങ്ങിയവർ പ്രസംഗിക്കും.
അതേസമയം, കോഴ വിവാദത്തിൽ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും ബി.ജെ.പിയും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വിവാദത്തിൽ കോഴിക്കോട് ജില്ല കോൺഗ്രസ് കമ്മിറ്റി പുതിയ സ്റ്റാൻറ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും. ബി.ജെ.പിയും ഇന്ന് പ്രതിഷേധ പരിപാടി നടത്തും. കോഴയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കലക്ടറേറ്റ് മാർച്ച് നടത്തും. രാവിലെ പത്തിനാണ് മാർച്ച്.
ഇതിനിടെ, പി.എസ്.സി കോഴ വിവാദത്തിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലിസിൽ പരാതി നൽകും. തനിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തി പരാതി നൽകുക.
അതേസമയം, പി.എസ്.സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന് ഏരിയാ കമ്മിറ്റി മുൻ അംഗം പ്രമോദ് കോട്ടൂളിക്കെതിരേ സി.പി.എമ്മിൽ പരാതി നൽകിയിട്ടില്ലെന്ന് പരാതിക്കാരൻ ചേവായൂർ സ്വദേശി ശ്രീജിത്ത് പറഞ്ഞു. പ്രമോദുമായി യാതൊരുവിധ പണമിടപാടും നടത്തിയിട്ടില്ല. വീടിനു മുന്നിൽ സമരം നടത്തിയതിൽ പരാതിയില്ലെന്നും പ്രമോദ് സുഹൃത്താണെന്നും ശ്രീജിത്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."