എനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണമാകരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി
തിരുവനന്തപുരം: രമേശ് നാരായണ്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങള്‍ തരുന്ന പിന്തുണ മറ്റൊരാള്‍ക്കെതിരായ വിദ്വേഷ പ്രചാരണമാകരുതെന്ന് ആസിഫ് അലി പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ആസിഫിന്റെ പ്രതികരണം.
ഇന്നലെ മുതല്‍ നിങ്ങള്‍ തന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രമേശ് നാരായണ്‍ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. അദ്ദേഹം മനപൂര്‍വ്വം അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ല.സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്‌നേഹം അനുഭവിക്കാന്‍ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.
എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങള്‍' ആന്തോളജി സീരിസിന്റെ ട്രെയിലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി ആയിരുന്നു പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രമേശ് നാരായണന്‍ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തില്‍നിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയില്‍ ഇല്ലാതിരുന്ന സംവിധായകന്‍ ജയരാജിനെ സദസ്സില്‍ നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നല്‍കുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചു കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."