യുഎഇയ്ക്ക് പുതിയ ഒരു ആഘോഷദിനം കൂടി; ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനം
അബുദാബി: ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി ആചരിക്കുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. ഈ സുപ്രധാന തീയതി യുഎഇയുടെ സ്ഥാപക പിതാവും അദ്ദേഹത്തിൻ്റെ സഹ ഭരണാധികാരികളും യൂണിയൻ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ചരിത്ര നിമിഷത്തെ അനുസ്മരിക്കുന്നതിന് വേണ്ടിയുള്ളതാണ്. 1971 ജൂലൈ 18-ന് നടന്ന ഈ സുപ്രധാന സംഭവത്തിന് പിന്നാലെയാണ് 1971 ഡിസംബർ 2-ന് രാഷ്ട്രം ഔദ്യോഗികമായി സ്ഥാപിതമായത്.
“1971 ലെ ഈ ദിവസം, സ്ഥാപക പിതാവും അദ്ദേഹത്തിൻ്റെ സഹോദരന്മാരായ ഭരണാധികാരികളും യൂണിയൻ്റെയും യുഎഇ ഭരണഘടനയുടെയും പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. പിന്നീട് നമ്മുടെ രാജ്യത്തിൻ്റെ പേര് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന് പ്രഖ്യാപിച്ചു. ഡിസംബർ 2 ന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി, അടിത്തറയിട്ട ചരിത്രപരമായ ദിവസമായിരുന്നു അത്. അതിനാൽ ഇന്ന്, ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി നമ്മൾ പ്രഖ്യാപിക്കുന്നു. നമ്മുടെ രാജ്യത്തിൻ്റെ ചരിത്രവും യൂണിയൻ സ്ഥാപിക്കുന്നതിനുള്ള അനുഗ്രഹീതമായ വഴിവെപ്പും ആഘോഷിക്കുന്നതിനുള്ള അവസരമാണിത്, ”യുഎഇ പ്രസിഡൻ്റ് പറഞ്ഞു.
രാജ്യത്തിൻ്റെ ഐക്യത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും യാത്രയുടെ തുടക്കം കുറിക്കുന്ന ചരിത്രപരമായ നാഴികക്കല്ലാണ് യൂണിയൻ പ്രതിജ്ഞ ദിനമെന്ന് വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ജൂലൈ 18 വർഷം തോറും "യൂണിയൻ പ്രതിജ്ഞാ ദിനം" ആയി ആഘോഷിക്കുമെന്നാണ് പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."