പ്രോജക്ട് മോഡ് പ്രോഗ്രാമുകളില്‍ അധ്യാപക നിയമനം: കാലിക്കറ്റില്‍ വീണ്ടും സംവരണ അട്ടിമറി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അധ്യാപക നിയമനത്തില്‍ സംവരണ അട്ടിമറി തുടര്‍ക്കഥയാവുന്നു. സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലര്‍ ഏറ്റവും ഒടുവില്‍ അഭിമുഖം നടത്തിയ പ്രോജക്ട് മോഡ് പ്രോഗ്രാമുകളിലേക്ക് തയാറാക്കിയ റാങ്ക് ലിസ്റ്റിലാണ് സാമുദായിക, ഭിന്നശേഷി സംവരണ അട്ടിമറി നടത്തിയിരിക്കുന്നത്. ഓരോ പ്രോഗ്രാമിനും മൂന്ന് വീതം മൊത്തം 9 ഒഴിവുകളാണ് 2023 സെപ്റ്റംബറില്‍ വിജ്ഞാപനം ചെയ്തത്. കംപ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പിലെ ഡാറ്റ സയന്‍സിന് 3, ഇ.എം.എം.ആര്‍.സി യിലെ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ 3 , ബോട്ടണിയിലെ ടിഷ്യൂകള്‍ച്ചര്‍ 3 എന്നിങ്ങനെയാണ് അധ്യാപക ഒഴിവുകള്‍. അഞ്ചെണ്ണം ജനറലും നാലെണ്ണം റിസര്‍വേഷനും.
യോഗ്യരായ ഒട്ടേറെ അപേക്ഷകര്‍ ഉണ്ടായിട്ടും കുറച്ച് പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. സ്ഥിര നിയമനത്തിന് പോലും അഭിമുഖത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മാര്‍ക്ക് നല്‍കുകയും റാങ്ക് ചെയ്യുകയുമാണ് രീതി. കഴിഞ്ഞ സ്ഥിരം നിയമനത്തിലും ഇങ്ങനെ തന്നെയായിരുന്നു ചെയ്തത്. എന്നാല്‍ ഇത്തവണ അഭിമുഖത്തിന് വന്നവരെ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത് സംവരണ സീറ്റുകള്‍ നികത്തുന്നതിന് തടസമാകും.
ഡിജിറ്റല്‍ മീഡിയ വിഭാഗത്തില്‍ മൂന്ന് ഒഴിവിന് രണ്ട് പേരെയാണ് റാങ്ക് ചെയ്തത്. യാഥാര്‍ഥത്തില്‍ വിവിധ സംവരണ വിഭാഗത്തില്‍ പെട്ട പതിനഞ്ചോളം പേര്‍ അപേക്ഷകരുണ്ടായിരുന്നു. എന്നാല്‍, ഈ വിഭാഗത്തിലെ സംവരണ റൊട്ടേഷനില്‍ വരേണ്ടയാളെ ഒഴിവാക്കി. മൂന്ന് ഒഴിവുണ്ടായിട്ടും രണ്ട് പേരെയാണ് റാങ്ക് ചെയ്തത്. ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ അഭിമുഖത്തോടൊപ്പം പ്രായോഗിക പരീക്ഷ നടത്തിയെങ്കിലും അതിന്റെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫലം പ്രസിദ്ധീകരിക്കാതെയും പ്രസ്തുത മാര്‍ക്ക് പരിഗണിക്കാതെയും എങ്ങനെ അന്തിമ ലിസ്റ്റ് തയാറാക്കി എന്നതും ദുരൂഹമായി തുടരുന്നു. പ്രോജക്ട് മോഡ് പ്രോഗ്രാമുകളിലെ നിയമനങ്ങള്‍ ഭാവിയില്‍ സ്ഥിരപ്പെടാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ഈ സാഹചര്യത്തിലാണ് സംവരണ അട്ടിമറി ശ്രമം വിവാദമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."