അര്‍ജ്ജുനായി അവസാന ശ്രമങ്ങള്‍; തെരച്ചിലിനായി മണ്ണില്‍ ആഴത്തില്‍ മെറ്റല്‍ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാര്‍ സംവിധാനം; രക്ഷാദൗത്യത്തില്‍ കര, നാവിക, ദുരന്ത നിവാരണ സേനകള്‍
ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഏഴാം ദിവസവും ഊര്ജ്ജിതമായി തുടരുന്നു. റഡാര്‍ സിഗ്‌നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. മണ്ണില്‍ 15 മീറ്റര്‍ ആഴത്തില്‍ മെറ്റല്‍ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്. മണ്ണ് നീക്കം ചെയ്യാത്ത കൂടുതല്‍ സ്ഥലങ്ങളിലേക്ക് റഡാറിന്റെ സഹായത്തോടെ തെരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം.
അതേസമയം ലോറി പുഴയിലേക്ക് പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഡി.ആര്‍.എഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം, പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്ത് കടുത്ത വെല്ലുവിളിയാണ്. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയില്‍ വലിയ തോതില്‍ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ലായിരുന്നു.
ദേശീയപാതയിലെ 98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ലെന്ന് ഞായറാഴ്ച കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ഭാഗത്ത് ലോറി ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ വാദം. തുടര്‍ന്നാണ് തെരച്ചില്‍ മണ്ണ് ഒഴുകി പോകുന്ന സമീപത്തെ പുഴയിലേക്ക് മാറ്റിയത്. കരയില്‍ ശേഷിക്കുന്ന മണ്‍കൂന നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് കാരണമാകുമെന്നതിനാല്‍ അവിടെ തിരയേണ്ടതില്ല എന്നായിരുന്നു തീരുമാനമെങ്കിലും ഇന്ന് അവിടെ കൂടി പരിശോധിക്കാനാണ് നീക്കം.
ഷിരൂരിലെ രക്ഷാദൗത്യത്തിന് ഇന്നലെയാണ് സൈന്യമെത്തിയത്. ആറാം ദിവസത്തിലാണ് മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സംഘം ഷിരൂരിലെത്തിയത്.പിന്നാലെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."