'കസേര സംരക്ഷണ ബജറ്റ്'; പാർലമെന്റിൽ ഇന്ന് ഇൻഡ്യാ മുന്നണിയുടെ പ്രതിഷേധം, നീതി ആയോഗ് യോഗം ബഹിഷ്കരിക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ഇൻഡ്യാ മുന്നണി ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. ബജറ്റ് പ്രഖ്യാപിച്ചപ്പോൾ ഇൻഡ്യ മുന്നണിയിലെ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. പാർലമെന്റിന്റെ പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. എന്നാൽ സഭ ബഹിഷ്കരിക്കില്ല. സഭയിൽ പങ്കെടുത്ത് പ്രതിഷേധം അറിയിക്കും.
ബജറ്റ് വിവേചനത്തിന്റെ പശ്ചാത്തലത്തിൽ നിതി ആയോഗ് യോഗവും ബഹിഷ്കരിക്കും. നീതി ആയോഗ് യോഗത്തിൽനിന്നും ഇൻഡ്യ സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. യോഗത്തിൽനിന്നും വിട്ടുനിൽക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ, മറ്റു മുഖ്യമന്ത്രിമാരും ഈ മാതൃക സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിക്ക് പാർലമെന്റ് കവാടത്തിൽ ഇൻഡ്യാ മുന്നണിയിലെ എം.പിമാർ പ്രതിഷേധ ധർണ നടത്തും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ഇത് കേന്ദ്ര ബജറ്റ് അല്ലെന്നും ആന്ധ്രാ - ബീഹാർ ബജറ്റ് ആണെന്നാണ് ആരോപണം.
ധനമന്ത്രി പ്രഖ്യാപിച്ച ബജറ്റിനെ 'കസേര സംരക്ഷണ ബജറ്റ്' എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. ഭരണം നിലനിർത്തുന്നതിനായി ആന്ധ്ര പ്രദേശിനും ബിഹാറിനും ബജറ്റിൽ വാരിക്കോരി നൽകിയപ്പോൾ, മറ്റു സംസ്ഥാനങ്ങളെ പാടെ അവഗണിച്ചെന്നു ഇൻഡ്യാ മുന്നണിയും കുറ്റപ്പെടുത്തുന്നു.
അതേസമയം, പാർലമെന്റ് സെഷൻ തുടങ്ങുമ്പോൾ ലോക്സഭയിലും രാജ്യസഭയിലും ഇൻഡ്യ മുന്നണി പ്രതിഷേധം നടത്തും. വാക്കൗട്ട് തീരുമാനിച്ചിട്ടുണ്ടെങ്കിലും പൂർണമായി ഇറങ്ങിപ്പോകാതെ, സംസാരിക്കാൻ അവസരം ലഭിക്കുന്ന എം.പിമാർ സഭയിൽ അവസരം വിനിയോഗിക്കണം എന്നാണ് തീരുമാനം. വാക്കൗട്ട് നടത്തി പൂർണമായി ഒഴിഞ്ഞുപോയാൽ ഈ സമയത്ത് കേന്ദ്ര സർക്കാർ ബില്ലുകൾ ചർച്ച കൂടാതെ പാസാക്കും. ഇത് ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പൂർണമായി വാക്കൗട്ട് നടത്താത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."