'വെള്ളാര്‍മലയിലെ കുട്ടികളോട് സ്‌കൂള്‍ മാഗസിനിലെ കഥയില്‍ ഒരു കിളി പറഞ്ഞു..വന്‍ ദുരന്തം വരുന്നൂ..മാറിക്കോ'
മേപ്പാടി: 'വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ച് അരുവിക്കരയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞുങ്ങളുടേ അരികിലേക്ക് ഒരു കിളി പറന്നു വന്നു. സംസാരിക്കുന്ന അദ്ഭുതക്കിളി. അത് അവരോട് പറഞ്ഞു. നിങ്ങള്‍ ഇവിടെ നിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളേ...ഇവിടെ വിലയൊരു ആപത്ത് വരാനിരിക്കുന്നു. നിങ്ങള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വേഗം ഇവിടെ നിന്ന് ഓടിപ്പൊയ്‌ക്കോളൂ' കിളി പറഞ്ഞത് കേട്ട് കഥയിലെ കുഞ്ഞുങ്ങള്‍ ഓടിയ. അവര്‍ക്കാവുന്ന ശക്തയില്‍. കിതച്ചിട്ടും തളര്‍ന്നിട്ടും നിര്‍ത്താതെ സുരക്ഷിതമായൊരിടത്ത് എത്തുവോളം...പിന്നെ അവര്‍ കണ്ടു.ദൂരെ ദൂരെ അങ്ങ് മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന പെരുമഴയെ'
വെള്ളാര്‍മല സ്‌കൂളിലെ 'ലിറ്റില്‍ കൈറ്റ്‌സ്' കുട്ടികള്‍ തയാറാക്കിയ ഡിജിറ്റല്‍ മാഗസിനിലെ കഥയാണിത്. അവസാനത്തെ പേജിലെ കഥ. നാടിന്റെ സൗന്ദര്യവും നന്മയും വിവരിക്കുന്ന പുസ്തകത്തിന്റെ പേര് 'വെള്ളാരങ്കല്ലുകള്‍'.
ലയ എന്ന കുഞ്ഞു പെണ്‍കുട്ടി ഈ കഥയെഴുതിക്കഴിഞ്ഞ് അവരുടെ ഡിജിറ്റല്‍ മാഗസിനില്‍ ആ കഥ പ്രസിദ്ധീകരിച്ച് ഏറെ നാള്‍ കഴിയും മുമ്പേ അവരുടെ കഥകളുടെ മുകളിലേക്ക് പെരുമഴ പെയ്തു. മലയും പുഴയും ആര്‍ത്തലച്ചു വന്ന മഴ. കൂറ്റന്‍ പാറക്കല്ലുകളുടെ ഭൂമി പിളര്‍ത്തി കൊണ്ടുവന്ന കൊടുംമഴ. മരവും ഉരുളന്‍ കല്ലുകളും അവരുടെ വീടുകളും അവര്‍ക്കു മുകളില്‍ മരണമായി ആഞ്ഞു പെയ്ത മഴ. ആ മഴക്കു മുന്‍പ് പക്ഷേ അവര്‍ക്ക് മുന്നറിയിപ്പുമായി കിളി വന്നില്ല. കാലങ്ങളായി അവര്‍ കളിച്ചു നടന്ന മണ്ണില്‍ അവരുടെ അഭയമായ വീട്ടില്‍ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടാസ്വദിച്ച അവരുടെ പ്രിയപ്പെട്ട അരുവുകള്‍ക്കും പുഴക്കുമരികില്‍ സാധാരണ പോലൊരു ഉറക്കത്തിലേക്കാഴ്ന്ന അവര്‍ക്കു മേല്‍ അന്ന് മരണം ഉരുളായി പെയ്തിറങ്ങി.
ഉരുള്‍പൊട്ടലില്‍ രണ്ട് ഗ്രാമങ്ങള്‍ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായപ്പോള്‍ മേഖലയിലെ പ്രധാന സ്‌കൂളായ വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് പാതി തകര്‍ന്നൊരു സ്മാരകമായി. സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ഇനിയും ബന്ധപ്പെടാനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
'കൈറ്റ്' സി.ഇ.ഒ കെ. അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
കെ. അന്‍വര്‍ സാദത്തിന്റെ കുറിപ്പ്
വയനാട്ടിലെ വെള്ളാര്‍മല സ്‌കൂളിലെ 'ലിറ്റില്‍ കൈറ്റ്‌സ്' കുട്ടികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്റെ പേരാണ് 'വെള്ളാരങ്കല്ലുകള്‍'.
എന്റെ പുഴയെന്നും, ഈ കുളിരരുവിയുടെ തീരത്ത് എന്നും മറ്റും നാടിന്റെ സൗഭാഗ്യങ്ങളെ കുറിച്ച് നിറയെ എഴുതിയിട്ടുണ്ട് അവര്‍. തന്റെ നാടിന്റെ മനോഹാരിതയും പ്രകൃതിഭംഗിയും എല്ലാമാണ് അധികം പേജുകളിലും..
മാഗസിന്റെ അവസാനം ഒരു കഥയാണ്. കഥയുടെ അവസാന ഭാഗത്ത് 'ഇവിടം വിട്ടു പോയ്‌ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വന്‍ദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചില്‍ നിന്ന് ഉടന്‍ രക്ഷപ്പെട്ടോ' എന്ന് ഒരു കിളി കുട്ടികളെ ഓര്‍മിപ്പിക്കുകയാണ്.
കണ്ണീര്‍പ്പൂക്കള്‍...
തോട്ടംതൊഴിലാളികളും സാധാരണക്കാരുമായവരുടെ മക്കളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. 497 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം കുട്ടികളും ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."