'ഗസ്സയിലെ കുഞ്ഞുമക്കളുടെ രക്തത്തേക്കാള്‍ വലുതല്ല എന്റെ ഉപ്പയുടെ രക്തം, ഞങ്ങളെ തളര്‍ത്താമെന്ന് ധരിച്ചെങ്കില്‍ ഇസ്‌റാഈലിന് തെറ്റി' ഹനിയ്യയുടെ മകന്‍
'ഗസ്സയില്‍ എരിഞ്ഞു തീര്‍ന്ന പതിനായിരക്കണക്കായ മനുഷ്യരുടെ രക്തത്തേക്കാള്‍ വലുതല്ല ഞങ്ങളുടെ ഉപ്പയുടെ രക്തം. ഇതുകൊണ്ട് ഞങ്ങളെ തളര്‍ത്താമെന്നാണ് സയണിസ്റ്റുകള്‍ കരുതിയതെങ്കില്‍ അവര്‍ക്ക് തെറ്റി. ഓരോ രക്തസാക്ഷത്വവും ഞങ്ങള്‍ക്ക് നല്‍കുന്നത് പുതു ഊര്‍ജ്ജമാണ്' ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയ്യുടെ മരണവാര്‍ത്തയറിഞ്ഞ മകന്‍ അബ്ദുസ്സലാം ഹനിയ്യയുടെ പ്രതികരണമാണിത്. ധീരനായ പിതാവിന്റെ ധീരനായ പുത്രന്റെ വാക്കുകള്‍.
'ഞങ്ങളുടെ പിതാവ് അവസാനം അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചിരിക്കുന്നു. രക്തസാക്ഷ്യം വരിച്ച ഫലസ്തീനിലെ നേതാക്കളുടെയും ജനങ്ങളുടെയും പാതയില്‍ അദ്ദേഹവും പ്രവേശിച്ചിരിക്കുകയാണ്. പിതാവിന്റെ മരണ വാര്‍ത്ത അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടും അവന് നന്ദി പറഞ്ഞുകൊണ്ടുമാണ് ഞങ്ങള്‍ എതിരേറ്റത്. അദ്ദേഹത്തിന്റെ ശഹാദത്ത് അല്ലാഹു സ്വീകരിക്കുകയും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ' അദ്ദേഹം പ്രാര്‍ഥനാ നിരതനായി.
ശത്രുക്കള്‍ക്കു മുന്നില്‍ തന്റെ ശിരസ്സ് താഴ്ത്താന്‍ ഒരിക്കലും അദ്ദേഹം സന്നദ്ധമായിരുന്നില്ല. നാം ഒരിക്കലും ഇസ്‌റാഈലിനെ അംഗീകരിക്കില്ലന്ന് ആര്‍ജ്ജവത്തോടു കൂടി അധിനിവേശ ശക്തിയോട് അദ്ദേഹം എക്കാലവും വിളിച്ചു പറഞ്ഞു. പോരാട്ടമുഖത്ത് പതാകയുമേന്തി നിരന്തരം അദ്ദേഹം നിലയുറപ്പിച്ചു. അദ്ദേഹം ആ പതാക ഇന്ന് വിപ്ലവ പോരാളികളിലേക്ക് കൈമാറിയിരിക്കുകയാണ് അബ്ദുസ്സലാം പറഞ്ഞു.
ഞങ്ങള്‍ ഞങ്ങളുടെ നാടിനെ അനുശോചനം അറിയിക്കുന്നു. സ്വാതന്ത്ര്യത്തില്‍ വാഴുന്ന ലോകത്തേയും പിന്നെ എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ പാതയില്‍ ജീവിക്കുന്ന ഫലസ്തീന്‍ ജനതക്കും അനുശോചനം അറിയിക്കുന്നു. ഈ വഴി ജയത്തിലോ രക്തസാക്ഷഇത്വത്തിലോ മാത്രമേ അവസാനിക്കൂ എന്നും ഞാന്‍ ഉറപ്പു തരുന്നു. അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ പിതാവ് ഫലസ്തീന് വേണ്ടി ശഹാദത്ത് വരിക്കുന്ന ആദ്യത്തെ നേതാവല്ല- അദ്ദേഹം തുടര്‍ന്നു. എഴുപത്തി അഞ്ച് വര്‍ഷമായി തുടര്‍ന്ന് പോരുന്ന പോരാട്ടത്തില്‍ ഒരുപാട് നേതാക്കള്‍ രക്ത സാക്ഷ്യം വരിച്ചിട്ടുണ്ട്. ഹമാസിന്റെ സ്ഥാപക നേതാവായ അഹ്‌മദ് യാസീന്‍ ഉള്‍പ്പെടെ ശത്രുക്കളാല്‍ കൊല്ലപ്പെടുകയാണുണ്ടായത്. അബൂ അമ്മാര്‍, ഫത്ഹി ശഖാഖി, അബൂ അലി മുസ്തഫ, തുടങ്ങിയ ശുഹദാക്കളെയെല്ലാം ഞാന്‍ ഇവിടെ സ്മരിക്കുന്നു. അവരെല്ലാവരും അല്ലാഹുവിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച് ശുഹദാക്കളുടെ അണിയിലേക്ക് മുന്നേറിയവരാണ്.
സ്വന്തം മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ ഉപ്പ പറഞ്ഞത് ഇപ്രകാരമായിരുന്നു: ''ഫലസ്തീനില്‍ മരിച്ചു വീഴുന്ന സാധരണകാരായ ജനങ്ങളുടെ രക്തത്തെക്കാള്‍ ഒരു പ്രാധന്യവും എന്റെ കുടുംബത്തിന്റെ രക്തത്തിന് ഞാന്‍ കല്‍പ്പിക്കുന്നില്ല.''
പിതാവിന്റെ രക്തസാക്ഷ്യം ഞങ്ങളില്‍ ഞെട്ടലുണ്ടാക്കുന്നില്ല. കാരണം ഞങ്ങളെപ്പോലെ ഫലസ്തീനിലെ ജനങ്ങളെല്ലാവരും തങ്ങളുടെ വേണ്ടപ്പെട്ടവരെക്കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്ത പ്രതീക്ഷിച്ച് ജീവിക്കുന്നവരാണ്. ഹമാസിന്റെ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ വധിച്ചാല്‍ പ്രതിരോധവും, വിപ്ലവവും, ചെറുത്തു നില്‍പ്പും അവസാനിക്കുമെന്നാണ് ഇസ്‌റാഈല്‍ കരുതുന്നതെങ്കില്‍ അവര്‍ക്കു തെറ്റി. ഈ നേതാക്കളുടെ രക്തം പുതിയ തലമുറക്ക് പോരാടാനുള്ള ഊര്‍ജവും ആവേശവും നല്‍കിക്കൊണ്ടേയിരിക്കും.
ഏകദേശം നാലുതവണ അദ്ദേഹത്തിനു നേരെ വധശ്രമങ്ങളുണ്ടായി. അതിലൊന്ന് ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായ സന്ദര്‍ഭത്തിലാണ് സംഭവിച്ചത്. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോഴൊക്കെ അദ്ദേഹം ഞങ്ങളോട് പറഞ്ഞിരുന്നത് ഏതു നിമിഷവും തന്റെ മരണം നിങ്ങള്‍ കരുതിയിരിക്കണമെന്നാണ്. ഒരോ ദിവസവും താന്‍ ശഹാദത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
അല്ലയോ പിതാവേ... താങ്കളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. താങ്കള്‍ കാരണം ഞങ്ങളുടെ ശിരസ്സ് വാനോളമുയരുകയാണ്. നമ്മുടെ പതാക താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുകയും ശത്രുക്കളെ നാണം കെടുത്തുന്ന രീതിയില്‍ ആക്രമിക്കുകയും, അതിനുവേണ്ടി രക്തം നല്‍കുകയും ചെയ്തു. ഫലസ്തീന്‍ ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇസ്‌റാഈലിനെതിരെ ഈ രക്തസാക്ഷ്യത്തിലൂടെ നമുക്ക് ഒരുമിക്കാം. ഇന്നല്ലെങ്കില്‍ നാളെ ശത്രുക്കള്‍ പരാജയപ്പെടുക തന്നെ ചെയ്യും. സമീപ ഭാവിയില്‍ അവരുടെ തകര്‍ച്ച നാം കാണും. അല്ലാഹുവില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ വിശ്വാസമുണ്ട്. അതുപോലെ ഞങ്ങളുടെ പോരാളികളിലും. അല്ലാഹുവിന്റെ ആശീര്‍വാദത്തോടെ വിജയം നമ്മളിലേക്കെത്തും തീര്‍ച്ച.അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."