ഞായറാഴ്ചയും ജനകീയ തിരച്ചില്‍; തിരച്ചില്‍ ദുരന്തബാധിതര്‍ പറയുന്നിടങ്ങളില്‍, ജനങ്ങളുടെ നിര്‍ദ്ദേശം കണക്കിലെടുക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്
മുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഞായറാഴ്ചയും ജനകീയ തിരച്ചില്‍ നടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരച്ചില്‍ ദുരന്തബാധിതര്‍ പറയുന്നിടങ്ങളിലും ജനങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചുമായിരിക്കും ഞായറാഴ്ചയും തിരച്ചില്‍ തുടരുകയെന്നും മന്ത്രി വ്യക്തമാക്കി.
'ജനങ്ങളുടെ നിര്‍ദേശം വളരെ പ്രധാനപ്പെട്ടതാണ്. അതെല്ലാം സ്വീകരിക്കും. അത് കണക്കിലെടുത്താണ് തിരച്ചില്‍ നടത്തുന്നത്. നിലവിലുള്ള തിരച്ചില്‍ അതുപോലെ തുടരും. ചാലിയാറില്‍ പൊലീസ് തലവന്‍മാരുടെയും പുഴയുടെ സ്വഭാവം അറിയുന്ന നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരിച്ചില്‍ അതുപോലെ തുടരും. അതൊരു ജനകീയ സംവിധാനമായി തുടരും..'.മന്ത്രി പറഞ്ഞു.
ഇന്ന് വരുന്ന കേന്ദ്രസംഘത്തെ കാണുകയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യവും അവരെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാല്‍ ഇന്ന് ജനകീയ തിരച്ചില്‍ 11 മണിയോടെ അവസാനിപ്പിക്കും. ഇന്ന് നടക്കുന്ന തിരച്ചിലില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ദുരനന്തത്തിന് ഇരയായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെയാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍.
131 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.ഇതില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
അതേസമയം, പ്രധാനമന്ത്രി നാളെ 11.55 ന് വയനാട് എത്തും. മുഖ്യമന്ത്രിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."