ആദ്യ സ്കൂൾ ദിനം അപകട രഹിതമാക്കാൻ ദുബൈ പൊലിസ്
ദുബൈ: വേനലവധിക്ക് ശേഷം യു.എ.ഇയിൽ സ്‌കൂളുകൾ നാളെ തുറക്കുമ്പോൾ ആദ്യ സ്കൂൾ ദിനം അപകട രഹിതമായിരിക്കണമെന്ന നിബന്ധന ദുബൈ പൊലിസ് മുന്നോട്ടു വക്കുന്നു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ദുബൈ പൊലിസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശങ്ങൾക്കനുസൃതമായി തിങ്കളാഴ്ച ഫീൽഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കും. 'അപകടങ്ങളില്ലാത്ത ഒരു ദിനം' എന്ന പേരിൽ കാംപയിൻ നടത്താനാണ് പൊലിസ് ഉദ്ദേശിക്കുന്നത്.
'വലിയ പ്രതിബദ്ധത, വലിയ സുരക്ഷ' എന്ന മുദ്രാവാക്യം ആധാരമാക്കി 'അപകടങ്ങളില്ലാത്ത ഒരു ദിനം' കാംപയിൻ പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ ദിവസം ഗതാഗത അപകടങ്ങളിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തിൽ നിയമ പാലന ബോധമുള്ള ഡ്രൈവർമാർക്ക് സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് നൽകും. കൂടാതെ, അവരുടെ ഡ്രൈവിങ് ലൈസൻസിൽ നിന്ന് നാല് ട്രാഫിക് പോയിൻ്റുകൾ നീക്കുകയും ചെയ്യും.
ഈ കാംപയിൻ ഡ്രൈവർമാരുടെ പെരുമാറ്റം വിലയിരുത്താനും കൂടുതൽ ഉത്തരവാദിത്ത ബോധവും സാമൂഹിക പങ്കാളിത്തവും വളർത്താൻ മുൻകൈയെടുക്കുന്ന ശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ട്രാഫിക് നിയമ പാലനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, അധ്യയന വർഷത്തിൻ്റെ ആദ്യ ദിവസം തന്നെ ഏറ്റവും ഉയർന്ന റോഡ് സുരക്ഷ, ജീവനും സ്വത്തിനും സംരക്ഷണം, സീറോ ട്രാഫിക് എന്നിവ നടപ്പാക്കാനാകും.
റോഡുകൾ സുരക്ഷിതമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ തന്ത്രമാണ് അപകട രഹിത ദിനം കാംപയിൻ ഉൾക്കൊള്ളുന്നതെന്ന് ജനറൽ ഡിപാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയരക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ അഭിപ്രായപ്പെട്ടു.
എല്ലാ റോഡ് ഉപയോക്താക്കൾക്കും ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കാനും നിർദേശങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും ജാഗ്രതയോടെ പാലിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബോധവത്കരണ കാംപയിനുകളും ട്രാഫിക് സംരംഭങ്ങളും മുഖേന സുരക്ഷിത നഗരത്തിനായുള്ള ദുബൈ പൊലിസിന്റെ കാഴ്ചപ്പാട് സാര്ഥകമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കാംപയിൻ പൊതുജനങ്ങൾക്കിടയിൽ ട്രാഫിക് അവബോധം വർധിപ്പിക്കാനും അധ്യയന വർഷത്തിൻ്റെ ആദ്യ ദിവസം ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതിന് ബിൻ സുവൈദാൻ സൂചിപ്പിച്ചു. ഈ സംരംഭത്തിൻ്റെ പ്രതിജ്ഞയിൽ ഒപ്പിടുന്നതിലൂടെ, പങ്കെടുക്കുന്നവർ സ്‌കൂളിലെ ആദ്യ ദിവസം ട്രാഫിക് ലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കില്ലെന്ന് പ്രതിജ്ഞ എടുക്കുന്നു. അപകടങ്ങളില്ലാത്ത ദിവസം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ട്രാഫിക് സർട്ടിഫിക്കറ്റും അവരുടെ നാല് ബ്ലാക്ക് പോയിൻ്റുകൾ നീക്കം ചെയ്യാനുള്ള അവസരവും ലഭിക്കാനായി അവർക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://portal.moi.gov.ae/eservices/direct?scode=716&c=1) വഴി രജിസ്റ്റർ ചെയ്ത് കാംപയിനിൽ പങ്കെടുക്കാം.
സീറ്റ് ബെൽറ്റ് ധരിക്കുക, കാൽനടയാത്രക്കാർക്ക് വഴിയൊരുക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കാതിരിക്കുക, പെട്ടെന്ന് ലെയിൻ മാറ്റാതിരിക്കുക എന്നീ നാല് പ്രധാന സന്ദേശങ്ങളിലാണ് കാംപയിൻ ഊന്നുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വാഹനമോടിക്കുന്നവരെയും എല്ലാ റോഡ് ഉപയോക്താക്കളെയും ലക്ഷ്യമിട്ട് ദുബൈ പൊലിസ് വർഷം മുഴുവനും ട്രാഫിക് ബോധവത്കരണ കാംപയിനുകൾ പതിവായി നടത്തുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.
വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക, റോഡ് മുറിച്ചു കടക്കുന്ന കാൽനടക്കാർക്ക് മുൻഗണന നൽകൽ, സ്‌കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ വേഗപരിധി പാലിക്കൽ ഉൾപ്പെടെയുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ബിൻ സുവൈദാൻ ഡ്രൈവർമാരോടും റോഡ് ഉപയോക്താക്കളോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."