'ഇനി രാഷ്ട്രീയ ഗോദയില്‍'; വിനേഷ് ഫോഗട്ടും ബജ് രംഗ് പൂനിയയും കോണ്‍ഗ്രസില്‍; സ്വാഗതം ചെയ്ത് കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളും ഒളിമ്പ്യന്മാരുമായ വിനേഷ് ഫോഗട്ടും ബജ്രംഗം പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഇരുവരും ഇനി വരുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇരുവരും എത്തിയിരുന്നു. ഇവിടെവച്ച് ഖാര്‍ഗെ, കെ.സി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.
ഇതിന് ശേഷമാണ് എ.ഐ.സി.സി. ആസ്ഥാനത്തെത്തി ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലാണ് വിനേഷ് ഫോഗട്ടിനേയും ബജ്രംഗ് പുനിയയേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ചശേഷമാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സാമൂഹിക മാധ്യമമായ എക്സിലൂടെ താരം തന്നെയാണ് രാജിവിവരം അറിയിച്ചത്.
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരായ ലൈംഗികാരോപണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ പരിപാടികളില്‍ വിനേഷും ബജ്രംഗും മുന്‍നിരയിലുണ്ടായിരുന്നു. ഗുസ്തിതാരങ്ങള്‍ സമരം നടത്തിയവേളയില്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് സിറ്റിങ് എം.പിയായിരുന്ന ബ്രിജ് ഭൂഷനെ ബി.ജെ.പി തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബ്രിജ് ഭൂഷന്റെ മകന്‍ കരണ്‍ ഭൂഷനാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്.
കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ട വേദികളില്‍ നേരത്തെയും നിറസാന്നിധ്യമായിട്ടുണ്ട് വിനേഷ്. കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തിയും കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കും. കര്‍ഷകരാണ് രാജ്യത്തിന്റെ ശക്തി. അവരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കര്‍ഷകര്‍ തെരുവില്‍ ഇരുന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് ചൂണ്ടിക്കാട്ടി.
പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോ വിഭാഗം വനിതാ ഗുസ്തിയില്‍ ഫൈനല്‍ വരെയെത്തിയ വിനേഷ് ഫോഗട്ടിനെ സ്വര്‍ണ മെഡല്‍ പോരാട്ടത്തിനു തൊട്ടുമുന്‍പ് അയോഗ്യയാക്കിയിരുന്നു. ശരീര ഭാരം 100 ഗ്രാം കൂടിയതിന്റെ പേരിലാണ് താരത്തെ അയോഗ്യയാക്കിയത്. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും താരത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."