ലോറിക്ക് മുകളില്‍ മരശിഖരം ഒടിഞ്ഞു വീണു; ഒഴിവായത് വന്‍ ദുരന്തം
കുണിയ: പാതയോരത്തെ മരശിഖരം ലോറിയുടെ മുകള്‍ ഭാഗം തട്ടിയതിനെ തുടര്‍ന്ന് എതിരേ വരുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിക്ക് മുകളിലേക്ക് വീണു. ഇതിനിടയില്‍ കടന്നു വന്ന മറ്റൊരു ലോറി ഈ ശിഖരത്തിന് മുകളിലൂടെ കടന്നു പോയെങ്കിലും അപകടം ഒഴിവായി.
കഴിഞ്ഞ ദിവസം രാത്രി 12.30.ഓടെ കുണിയ സ്‌കൂള്‍ പരിസരത്ത് ദേശീയ പാതയിലാണ് സംഭവം. തെക്ക് ഭാഗത്ത് നിന്നും വന്ന കൂറ്റന്‍ കണ്ടയിനര്‍ ലോറിയുടെ മുകള്‍ ഭാഗം പാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരശിഖരത്തില്‍ ഇടിച്ചതോടെയാണ് നല്ല വലിപ്പമുള്ള ശിഖരം പൊട്ടിവീണത്.
എതിര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ മുകളിലാണ് ശിഖരം പതിച്ചത്. ശിഖരത്തിന്റെ ഒരു തല ലോറിക്ക് മുകളിലും മറുതല പാതയിലും കിടക്കുന്നതിനിടെ ഇതിന് മുകളിലൂടെ മറ്റൊരു ലോറിയും കടന്നു പോകുകയായിരുന്നു. വന്‍ അപകടമാണ് ഒഴിവായത്. വീണു കിടക്കുന്ന ശിഖരത്തിന് മുകളിലൂടെ വാഹനം കയറുമ്പോള്‍ ഉണ്ടാകുമായിരുന്നു അപകടവും തലനാരിഴക്ക് ഒഴിവാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അല്‍പനേരം ഇവിടെ ഗതാഗത തടസം ഉണ്ടാവുകയും ചെയ്തു. പ്രദേശവാസികള്‍ എത്തിയാണ് മരശിഖരം പാതയില്‍ നിന്നും മാറ്റി ഗതാഗത തടസം ഒഴിവാക്കിയത്.
ഹൈവേ പൊലിസിനെ വിവരം അറിയിച്ചെങ്കിലും ഇന്നലെ ഉച്ചവരെ ഈ വഴിക്ക് അവര്‍ വന്നില്ലെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. പാതയോരത്ത് വാഹനങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന ഈ മരങ്ങളെ സംബന്ധിച്ച് രണ്ടു തവണ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
പാതയിലേക്ക് വളരെയധികം താഴ്ന്ന് നില്‍ക്കുന്ന രീതിയിലാണ് ഈ മരക്കൂട്ടങ്ങളുടെ ശിഖരങ്ങള്‍ ഉള്ളത്. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പാതയോരത്ത് നിന്നും വെട്ടിമാറ്റുമെന്നു ജില്ലാഭരണകൂടവും,മറ്റും പറയുന്നുണ്ടെങ്കിലും ഇതൊക്കെയും പാഴ്വാക്കുകളാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."