പ്രവാചകത്വത്തിന്റെ തെളിവ് മുഅജിസത് (സത്യദൂതർ. ഭാഗം 26)
പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ ഇരുപത്തിയാറാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും suprabhaathamonline ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
പ്രവാചകത്വം വാദിക്കുന്ന വ്യക്തിയിൽ നിന്നും അത് തെളിയിക്കാനായി പ്രകടിപ്പിക്കപ്പെടുന്ന, പതിവിനു വിപരീതമായ, അനുകരിക്കാൻ ശ്രമിക്കുന്ന എതിരാളികളെ അശക്തമാക്കുന്ന സംഭവങ്ങളാണ് മുഅജിസത്തുകൾ. വാദിയാണ് തെളിവ് സമർപ്പിക്കേണ്ടത്. സമർപ്പിക്കപ്പെട്ട തെളിവിനെ ഖണ്ഡിക്കലാണ് നിഷേധിയുടെ ബാധ്യത. അതിനാൽ പ്രവാചകത്വ വാദം തെളിവുകളാൽ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. അതാണ് മുഅജിസത്തുകളുടെ ധർമ്മം. മുഅജിസത്ത് എന്നാൽ പതിവിന് വിപരീതമായത് സംഭവിക്കലാണ്. അഥവാ പ്രപഞ്ച നിയമത്തെ ലംഘിക്കൽ. പ്രപഞ്ചനിയം ലംഘിക്കാൻ അത് സംവിധാനിച്ചവന് മാത്രമേ സാധ്യമാകൂ. അതായത് അല്ലാഹുവിന് മാത്രം. അപ്പോൾ പ്രപഞ്ച നിയമം ലംഘിക്കപ്പെട്ടാൽ അതിനർത്ഥം അല്ലാഹുവിന്റെ പ്രത്യേകമായ ഇടപെടൽ ഉണ്ടായി എന്നാണ്. താൻ നിയോഗിച്ച വ്യക്തികളുടെ വാദങ്ങളെ ജനങ്ങൾ മുഖവിലയ്ക്കെടുക്കാൻ ഇത് ആവശ്യമായി വന്നാൽ സംഭവ്യമായ എന്തിനും കഴിവുള്ള അള്ളാഹു അതും സാധിപ്പിക്കും എന്നതാണ് പ്രവാചകത്വത്തിന്റെ ബുദ്ധിപരമായ സാധുത.
പ്രപഞ്ച നിയമം ലംഘിക്കൽ
അസംഭവ്യമായ കാര്യങ്ങൾ മുഅജിസത്തിന്റെ ഭാഗമായും സംഭവിക്കില്ല. സംഭവ്യമായ കാര്യങ്ങൾ ആകുമ്പോൾ മുഅജിസത്തിന്റെ ഭാഗമായി മാത്രമേ സംഭവിക്കൂ എന്നു പറയാനുമാകില്ല. മുഅജിസത്തിന്റെ ഭാഗമായി നടന്ന സംഭവങ്ങൾ പോലും ശാസ്ത്രസാങ്കേതിക വിദ്യകൾ കൊണ്ടും സാധ്യമാക്കാം. എന്നാൽ പ്രസ്തുത സങ്കേതങ്ങളോ വിദ്യകളോ ഇല്ലാതെ സംഭവിക്കൽ പ്രപഞ്ച നിയമത്തെ ലംഘിക്കലാണ്. മുകളിൽ നിന്നു ചാടിയാൽ താഴെ വീഴൽ ആണ് പ്രപഞ്ചനിയമം. മുകളിൽ നിന്ന് ചാടിയാൽ മുകളിലേക്ക് തന്നെ പറക്കൽ പ്രപഞ്ച നിയമത്തിന് എതിരാണ്. എന്നാൽ പറക്കാനുള്ള ഒരു യന്ത്രം ഉപയോഗിക്കുന്നുവെങ്കിൽ പറക്കലാണ് പ്രപഞ്ച നിയമം.
പ്രപഞ്ചനിയമം ലംഘിക്കപ്പെട്ടു എന്ന് നമുക്ക് തോന്നാൻ ഇടയുള്ള കാര്യങ്ങളെ അപഗ്രഥിക്കാം.
1. ഒന്ന് സാങ്കേതികവിദ്യകളുടെ ഉപയോഗമാണ്. സാങ്കേതിക വിദ്യകളുടെ അഭാവത്തിൽ സംഭവിക്കുന്നതിന് എതിരായി സാങ്കേതിക വിദ്യകളുടെ സഹായത്താൽ സംഭവിക്കൽ പ്രപഞ്ച നിയമത്തിന് എതിരല്ല.
2. മറ്റൊന്ന് കൺകെട്ട് (മാജിക്) ആണ്. മുകളിൽ താഴോട്ട് ചാടിയ വ്യക്തിയെ പറപ്പിക്കാൻ കൺകെട്ടുകൊണ്ട് കഴിയും. അതും സാങ്കേതികവിദ്യകൾ ഉപയോഗിച്ചു തന്നെയാണ്. പ്രസ്തുത വിദ്യകളെ നമ്മുടെ കൺമുമ്പിൽ നിന്നും മറക്കുക എന്നതാണ് കൺകെട്ട്.
3. മൂന്നാമത്തെത് ബ്ലാക്ക് മാജിക് (സിഹ്ർ) ആണ്. ഇവിടെയും കാരണങ്ങളുണ്ട്, അഭൗതികമായിരിക്കുമെന്ന് മാത്രം. മാജിക് പോലെ തന്നെ പഠിച്ചെടുക്കാവുന്ന വിദ്യയാണ് ബ്ലാക്ക് മാജിക്കും. മതത്തിൽ വിലക്കപ്പെട്ടതാണെങ്കിലും.
സാങ്കേതിക വിദ്യയോ, കൺകേട്ടോ, മാരണമോ ആകട്ടെ മൂന്നു വഴികളിലൂടെയും നടക്കുന്ന കാര്യങ്ങകൾ സാധാരണവും മാനുഷികവുമാണ്. മൂന്നും പഠിച്ചു പരിശീലിച്ചാൽ ആർക്കും ചെയ്യാനുമാകും. മൂന്നാലൊന്നോ സമാനമായ മറ്റേതെങ്കിലുമോ മാർഗ്ഗത്തിലൂടെയല്ലാതെ പ്രസ്തുത കാര്യം സംഭവിക്കണമെങ്കിൽ പ്രപഞ്ച നിയമം ലംഘിക്കപ്പെടണം. അതിന് പ്രപഞ്ച നിയമം സംവിധാനിച്ച അല്ലാഹുവിന് മാത്രമേ സാധിക്കൂ. താൻ നിയോഗിച്ച പ്രവാചകന്റെ മുന്നറിയിപ്പുകളെ നിഷേധിക്കുന്ന, പ്രവാചകത്വവാദത്തെ ചോദ്യം ചെയ്യുന്നവരുടെ മുൻപിൽ സത്യം തെളിയിക്കാൻ താൻ തന്നെ സംവിധാനിച്ച പ്രപഞ്ച നിയമത്തെ അല്ലാഹു ലംഘിക്കുന്നു.
അമാനുഷിക സംഭവങ്ങൾ ഉണ്ടായി എന്നത് ചരിത്രപരമായി ബോധ്യപ്പെടും. കളവിൽ ഏകോപനം അചിന്തനീയമായ എണ്ണം വിശ്വാസ യോഗ്യരായ ആളുകളാൽ കൈമാറ്റം ചെയ്യപ്പെട്ട വിവരങ്ങൾ യഥാർഥ്യമാവാതെ തരമില്ല. മുഹമ്മദ് നബി(സ) മക്കയിലെ അവിശ്വാസികൾ ആവശ്യപ്പെട്ടത് പ്രകാരം ചന്ദ്രനെ പിളർത്തി കാണിച്ചു എന്നത് അപ്രകാരം ചരിത്രപരമായി സ്ഥാപിക്കപ്പെട്ട കാര്യമാണ്.
വിഡിയോ കാണുന്നതിന്: https://www.youtube.com/watch?v=Iw8Kt3a9vF0
മുൻ ലേഖനങ്ങൾ വായിക്കുന്നതിന്: https://www.suprabhaatham.com/readmore?tag=Sathyadoothar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."