സമ്മേളന സ്ഥലത്ത് 'അര്‍ജ്ജുനും മനാഫും', മതേതരത്വത്തിന്റെ അടയാളങ്ങളെന്ന് അന്‍വര്‍; പാര്‍ട്ടി പ്രഖ്യാപനം ഇന്ന്
മലപ്പുറം: പി.വി. അന്‍വറിന്റെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. പുതിയ പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന് തന്നെയാണെന്നാണ് സൂചന. ഇന്ന് വൈകീട്ട് മഞ്ചേരിയില്‍ നടക്കുന്ന സമ്മേളനത്തിലാണ് പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും നയനിലപാടുകളും സമ്മേളനത്തില്‍ വ്യക്തമാക്കും.
തമിഴ്‌നാട് ഡി.എം.കെയുടെ സഖ്യകക്ഷിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ഇന്ന് വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അന്‍വര്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍, ലോറി ഉടമ മനാഫ് തുടങ്ങിയവരും നവോത്ഥാന നായകരും മഞ്ചേരിയിലെ യോഗ സ്ഥലത്ത് സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളിലുണ്ട്.
പുതിയ പാര്‍ട്ടി മതേതര സ്വഭാവമുള്ളതാകുമെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡി.എം.കെയിലെ സെന്തില്‍ ബാലാജിയടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള അന്‍വറിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടൊപ്പം തമിഴ്‌നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടതായാണ് വിവരം. നേരത്തെ, മുഖ്യമന്ത്രിക്കെതിരെ വാര്‍ത്തസമ്മേളനം നടത്തിയതിന് പിന്നാലെ കേരള ഡി.എം.കെ നേതാക്കളും അന്‍വറിനെ കണ്ടിരുന്നു.
നിയമസഭയില്‍ അന്‍വറിന്റെ സ്ഥാനം കഴിഞ്ഞ ദിവസം പ്രതിപക്ഷ സ്ഥാനത്തേക്ക് മാറ്റിയിരുന്നു. അതേസമയം, മുഖ്യമന്ത്രിയേയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്ന പി.വി അന്‍വറിന്റെ പിറകെ പോകേണ്ടതില്ലെന്നാണ് സി.പി.എം സംസ്ഥാന സമിതിയുടെ തീരുമാനം. എന്നാല്‍, അന്‍വര്‍ ഡി.എം.കെക്കൊപ്പം നിലയുറപ്പിച്ചാല്‍ അത് കേരളത്തില്‍ വേരുറപ്പിക്കാനുള്ള ഡി.എം.കെയുടെ ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."