നന്നായി കാണാം; നേത്രരോഗങ്ങള്‍ അറിഞ്ഞിരിക്കാം
സാധാരണയായി കണ്ടുവരുന്ന ചില നേത്രരോഗങ്ങളെക്കുറിച്ച് നമുക്ക് അറിഞ്ഞിരിക്കാം. തുടക്കത്തില്‍ തന്നെ ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിച്ച് കൃത്യമായ ചികിത്സ തേടിയാല്‍ ഇവകൊണ്ട് ഉണ്ടാകുന്ന പല സങ്കീര്‍ണതകളും തടയാവുന്നതാണ്.
റിഫ്രാക്ടീവ് ഇറേഴ്‌സ്
കണ്ണിലെ റിഫ്രാക്ടീവ് പ്രതലങ്ങളായ കോര്‍ണിയയുടെയോ ലെന്‍സിന്റെയോ വക്രതയിലുള്ള വ്യത്യാസം മൂലം റെറ്റിനയില്‍ പ്രകാശം കൃത്യമായി കേന്ദ്രീകരിക്കാതിരിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളെയാണ് റിഫ്രാക്ടീവ് ഇറേഴ്‌സ് എന്ന് വിളിക്കുന്നത്.
ഹ്രസ്വദൃഷ്ടിയും ദീര്‍ഘദൃഷ്ടിയും
കണ്ണിന്റെ നീളം കൂടിയാലും കോര്‍ണിയയുടെയും മറ്റും വക്രത കൂടിയാലും ഹ്രസ്വദൃഷ്ടി ഉണ്ടാകും. അതുപോലെ കണ്ണിന്റെ നീളം കുറയുകയോ വക്രത കുറയുകയോ ചെയ്താല്‍ ദീര്‍ഘദൃഷ്ടി ഉണ്ടാകും.
അസ്റ്റിഗ്മാറ്റിസം
പല മെറിഡിയനുകളില്‍ വക്രത വ്യത്യാസപ്പെടുന്നതുകൊണ്ടാണ് അസ്റ്റിഗ്മാറ്റിസം ഉണ്ടാകുന്നത്.
റിഫ്രാക്ടീവ് ഇറേഴ്‌സ് ഉണ്ടാകുമ്പോള്‍ കാഴ്ച മങ്ങല്‍, ഇരട്ട കാഴ്ച, തലവേദന, കണ്ണിന് ക്ഷീണം എന്നിവ അനുഭവപ്പെടാം. കാഴ്ച ശക്തി പരിശോധനയിലൂടെ നമുക്ക് ഇത് കണ്ടുപിടിക്കാം. കണ്ണട, കോണ്‍ടാക്ട് ലന്‍സ്, റിഫ്രാക്ടീവ് സര്‍ജറി എന്നിവയാണ് ഇതിന്റെ ചികിത്സകള്‍.
പ്രായം കൂടിവരുന്നതിനനുസരിച്ച് മനുഷ്യ നേത്രത്തിലെ ലെന്‍സിന്റെയും ലെന്‍സ് ക്യാപ്‌സ്യൂളിന്റെയും ഇലാസ്റ്റികത നഷ്ടപ്പെടുന്നതും കണ്ണിലെ മസിലുകള്‍ക്ക് ക്ഷീണം വരുന്നത് കാരണം അടുത്ത് കാണാനുള്ള കണ്ണിന്റെ കഴിവ് കുറഞ്ഞുവരുന്ന അവസ്ഥയാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ.
കണ്ണടകള്‍ ഉപയോഗിക്കുന്നതാണ് ഇതിന് പരിഹാരം. ബൈഫോക്കല്‍, പ്രോഗ്രസീവ് എന്നിങ്ങനെയുള്ള കണ്ണടകള്‍ ഇപ്പോള്‍ ലഭ്യമാണ്.
ചെങ്കണ്ണ്
കണ്ണിലെ കണ്‍ജങ്‌ടൈവയില്‍ ഉണ്ടാകുന്ന അണുബാധയാണ് ഇത്. വൈറസുകള്‍, ബാക്ടീരിയകള്‍, അലര്‍ജികള്‍ എന്നിവയൊക്കെ ഇതിന് കാരണമാകാം. ഇങ്ങനെയുണ്ടാകാവുകയാണെങ്കില്‍ നേത്രരോഗ വിദഗ്ദ്ധനെ കണ്ട് ചികിത്സ തേടേണ്ടതാണ്.
കണ്ണുകളുടെ വരള്‍ച്ച
കണ്ണുനീരിന്റെ മതിയായ ഉല്‍പാദനവും ഗുണനിലവാരവും ഇല്ലാതെ വരുമ്പോള്‍ കണ്ണുകളിലുണ്ടാവുന്ന അവസ്ഥയാണ് ഡ്രൈ ഐ ഡിസീസ് അഥവാ കണ്ണ് വരള്‍ച്ച.
വാര്‍ദ്ധക്യം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സ്‌ജോഗ്രെന്‍സ് സിന്‍ഡ്രോം തുടങ്ങിയ അസുഖങ്ങള്‍, നീണ്ടു നില്‍ക്കുന്ന സ്‌ക്രീന്‍ സമയം, എയര്‍ കണ്ടീഷനിംഗ് അല്ലെങ്കില്‍ ഹീറ്റിംഗ് സിസ്റ്റങ്ങള്‍ എന്നിവയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് വരണ്ടതോ കാറ്റുള്ളതോ ആയ ചുറ്റുപാടുകള്‍ എന്നിവയെല്ലാം കണ്ണുവരള്‍ച്ചയ്ക്ക് കാരണമാകാം. കണ്ണുകള്‍ക്ക് എരിവ്, വരള്‍ച്ച, ചൊറിച്ചില്‍, ചുവപ്പു നിറം, കണ്ണിന് ക്ഷീണം, കണ്ണില്‍ നനവ്, കാഴ്ച മങ്ങല്‍ എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങള്‍ ആവാം. സ്‌ക്രീന്‍ സമയത്ത് കൃത്യമായി ഇടവേളകള്‍ എടുക്കുക, ജീവിത ശൈലിയില്‍ ചെറിയ, ചെറിയ മാറ്റങ്ങള്‍ വരുത്തുക ഇതോടൊപ്പം തന്നെ നേത്രരോഗ വിദഗ്ദ്ധനെ സമീപിച്ച് ചികിത്സ തേടുകയും ചെയ്താല്‍ ഒരു പരിധിവരെ ഇത് തടയാവുന്നതാണ്.
തിമിരം
കണ്ണിലെ ലെന്‍സ് സുതാര്യമല്ലാതാകുന്നതുമൂലം ക്രമേണ കാഴ്ച മങ്ങുന്ന അവസ്ഥയാണ് തിമിരം. ചികിത്സ ലഭ്യമായില്ലെങ്കില്‍ പൂര്‍ണമായ അന്ധതയിലേക്ക് പോകാവുന്നതാണ്. കാഴ്ച മങ്ങല്‍, രണ്ടായി കാണുക, പ്രകാശത്തിന് ചുറ്റും വലയം കാണുക, രാത്രി കാഴ്ചയിലുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ ലക്ഷണങ്ങളായി കാണാം. ചികിത്സ എന്നുപറയുന്നത് ശസ്ത്രക്രിയയാണ്. ലെന്‍സ് മാറ്റി കൃത്രിമ ലെന്‍സ് ഇടുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.
ഡയബറ്റിക് റെറ്റിനോപ്പതി
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ റെറ്റിനയിലെ രക്തക്കുഴലുകളില്‍ തടസങ്ങളും വീക്കങ്ങളും ഉണ്ടാകാം. ചിലപ്പോള്‍ കണ്ണിലെ നേരിയ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകാം.
കാഴ്ച മങ്ങല്‍, കണ്ണിനു മുന്നില്‍ കറുത്ത പൊട്ടുകള്‍, രാത്രി കാഴ്ച കുറയുക, പെട്ടെന്ന് കാഴ്ച പൂര്‍ണമായും നഷ്ടമാകുക എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ലേസര്‍ ഇന്‍ട്രാവിട്രിയല്‍ ഇഞ്ചക്ഷന്‍, വിട്രെക്ടമി ശസ്ത്രക്രിയ എന്നിവയൊക്കെയാണ് ഇതിന്റെ ചികിത്സകള്‍.
തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല. അതിനാല്‍ പ്രമേഹരോഗികള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നേത്രരോഗ വിദഗദ്ധനെക്കണ്ട് നേത്രരോഗ പരിശോധന നടത്തേണ്ടതാണ്.
ഗ്ലോക്കോമ
കണ്ണിന്റെ ആന്തരിക ദ്രാവക മര്‍ദ്ദത്തിലെ മാറ്റമാണ് ഗ്ലോക്കോമയുടെ ഏറ്റവും സാധാരണമായ കാരണം. ഇതുമൂലം കണ്ണുകളില്‍ നിന്ന് തലച്ചോറിലേക്ക് വിവരങ്ങള്‍ കൈമാറുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഇത് അന്ധതയ്ക്ക് കാരണമാകുകയും ചെയ്യും. മങ്ങിയ പ്രകാശത്തിലെ കാഴ്ച്ചക്കുറവ്, ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാന്‍ സാധിക്കാതെ വരുക, വേദന, പ്രകാശ സ്രോതസ്സുകള്‍ക്ക് ചുറ്റും പ്രകാശവലയം കാണുന്നതായി തോന്നുക, മനംപുരട്ടലും ഛര്‍ദ്ധിയും എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളായി കാണാം. കാഴ്ചയുടെ നിശബ്ദ കള്ളന്‍ എന്നറിയപ്പെടുന്ന ഗ്ലോക്കോമ പ്രാരംഭഘട്ടത്തില്‍ പൊതുവേ രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. എന്നാല്‍ പിന്നീട് അത് പരിഹരിക്കാനാവാത്ത അന്ധതയിലേക്ക് നയിക്കാന്‍ കാരണമാകും. അതുകൊണ്ട് ചെറിയ ലക്ഷണങ്ങള്‍ പോലും അവഗണിക്കാതെ നേത്രരോഗ വിദഗ്ദ്ധനെ കണ്ട് ചികിത്സ തേടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."