നാളെ ലോക എയ്ഡ്സ് ദിനം: ഓരോ വര്‍ഷവും 1000 പുതിയ എയ്ഡ്സ് ബാധിതര്‍
കോഴിക്കോട്: എച്ച്.ഐ.വിക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കുമ്പോഴും ഓരോ വര്‍ഷവും ശരാശരി ആയിരത്തോളം പുതിയ എച്ച്.ഐ.വി ബാധിതര്‍. 9-10 ലക്ഷത്തോളം പേരെ പരിശോധിക്കുമ്പോഴാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തുന്നത്.
ഈവര്‍ഷം ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1,065 പേര്‍ക്ക് എച്ച്.ഐ.വി പോസിറ്റീവായിട്ടുണ്ട്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ പുരുഷന്മാരിലാണ്. 8,43,585 പുരുഷന്‍മാര്‍ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയതില്‍ 805പേര്‍ക്ക് പോസിറ്റീവായി. സ്ത്രീകളില്‍ 10,70,200 പേരിൽ പരിശോധന നടത്തിയപ്പോൾ 258 പേര്‍ പോസിറ്റീവായി. 6,486 ട്രാന്‍സ്ജെന്‍ഡേഴ്‌സിൽ പരിശോധന നടത്തിയപ്പോള്‍ രണ്ടുപേര്‍ പോസിറ്റീവായി.
2023ല്‍ 1,270 പേരും 2022ല്‍ 1,126 പേരും എച്ച്.ഐ.വി പോസിറ്റീവായി. കൊവിഡ് വന്ന രണ്ട് വര്‍ഷങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയായത്. 2021ല്‍ 866 പേരും 2020ല്‍ 840 പേരുമായിരുന്നു രോഗബാധിതര്‍. ആദ്യകാലങ്ങളില്‍ പ്രതിവര്‍ഷം 2,500 മുതല്‍ 3,000 വരെ പേരിലാണ് എച്ച്.ഐ.വി ബാധ റിപ്പോര്‍ട്ട് ചെയ്തത്. അക്കാലങ്ങളില്‍ പരിശോധനയും താരതമ്യേന കുറവായിരുന്നു. 2005ല്‍ ആകെ 30,596 പരിശോധനകളാണ് നടത്തിയത്.
അതില്‍ 2,627 പേര്‍ പോസിറ്റീവായി. 2006ലും 2007ലും രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു. യഥാക്രമം 3348, 3972എന്നിങ്ങനെയായിരുന്നു രോഗബാധിതർ. 2015ല്‍ പരിശോധനകളുടെ എണ്ണം 4,75,414 ആയി ഉയര്‍ന്നു. 1,494 പേരാണ് ആ വര്‍ഷം പോസിറ്റീവായത്. പരിശോധന വര്‍ധിച്ചപ്പോള്‍ അണുബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെ എത്തിയെന്നത് ആശ്വാസമാവുകയാണ്.
എച്ച്.ഐ.വി ബാധ താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. എങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും അവിടെ നിന്ന് ഇങ്ങോട്ടുമുള്ള കുടിയേറ്റം വര്‍ധിച്ചത് എച്ച്.ഐ.വി വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്ന് കോഴിക്കോട് ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫിസര്‍ ഡോ.കെ.വി സ്വപ്ന പറഞ്ഞു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം കൂടുതലായി പകരുന്നത്. കൂടാതെ കൂട്ടംകൂടി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിലൂടെയും രോഗം വ്യാപിക്കുന്നുണ്ട്.
2025നുള്ളില്‍ 95: 95: 95 എന്ന ലക്ഷ്യമാണ് കേരളത്തിന് മുന്നിലുള്ളത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95ശതമാനം ആളുകളും അവരുടെ അവസ്ഥ തിരിച്ചറിയുകയെന്നതാണ്. അണുബാധിതരായിട്ടും അത് തിരിച്ചറിയാതെ ജീവിക്കുന്നവർ സമൂഹത്തിലുണ്ട്. എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയവരിലെ 95 ശതമാനവും എന്‍.ആര്‍.ടി ചികിത്സയ്ക്ക് വിധേയരാവുക എന്നതാണ് രണ്ടാമത്തെ 95. ഇവരിലെ 95ശതമാനം ആളുകളിലും വൈറസ് നിയന്ത്രണവിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95കൊണ്ട് ഉദ്ദേശിക്കുന്നത്. 'അവകാശങ്ങളുടെ പാത സ്വീകരിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."