വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ ഇളം വെയിലല്ല കൊള്ളേണ്ടത്; ഈ സമയം ആണ് നല്ലത്
ആരോഗ്യത്തിന് ആവശ്യമായ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് ഡി വിറ്റാമിന്‍. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ നമ്മുടെ ശരീരം വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കുന്നു. അതുപോലെ വൈറ്റമിന്‍ ഡി ഭക്ഷണത്തില്‍ കൂടെയും കുറച്ച് ലഭിക്കുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും നല്ല ഉറക്കം ലഭിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി ഒരേസമയം പോഷകമായും ഹോര്‍മോണ്‍ ആയും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ലഭിക്കുന്നതിനും വിറ്റാമിന്‍ ഡി അനിവാര്യമാണ്.
വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍
നല്ല ക്ഷീണം ഉണ്ടാവുക
ഉറക്കക്കുറവ് ഉണ്ടാവുക
വിഷാദം ഉണ്ടാവുക
മുടികൊഴിച്ചില്‍
വിശപ്പില്ലായ്മ
വിളറിയ തൊലി
ഇങ്ങനെയുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് ഉചിതമായിരിക്കും.
ഭക്ഷണത്തില്‍ ഡി വിറ്റാമിന്‍ ലഭിക്കാനായി നാം കഴിക്കേണ്ടവ
മത്സ്യത്തിന്റെയും ബീഫിന്റെയും കരള്‍ കഴിക്കുന്നത് നല്ലതാണ്. മുട്ടയുടെ മഞ്ഞ, അയല, മത്തി, ട്യൂണ, സാല്‍മണ്‍ഫിഷ് എന്നിവയും പാല്‍, ബദാം, ഓറഞ്ച് എന്നിവയുമൊക്കെ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. അള്‍ട്രാവയലറ്റ് രശ്മികളുടെ സഹായത്താല്‍ വളരുന്ന മൈടേക്ക്, ഷിറ്റേക്ക് തുടങ്ങിയ കൂണ് ഇനങ്ങളിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് ബി (യുവിബി) രശ്മികള്‍ ചര്‍മത്തില്‍ പതിക്കുമ്പോഴാണ് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നും പറയാറുണ്ട്.
വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊള്ളുന്നത്് നല്ലതാണെന്നാണ് കാലങ്ങളായി നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍, പുതിയ കണ്ടെത്തലുകള്‍ ചൂണ്ടിക്കാണിക്കുന്നത് അത് തെറ്റാണെന്നാണ്.
ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കണമെങ്കില്‍ യുവി സൂചിക മൂന്നില്‍ കൂടുതലായിരിക്കണം. ഇത് സാധാരണയായി രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് ഉണ്ടാവുക. ഈ സമയത്തെ വെയിലാണ് കൊള്ളേണ്ടത്. വര്‍ഷം, ലാറ്റിറ്റൂഡ്, കാലാവസ്ഥ, വായു മലിനീകരണം, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിവയെ ആശ്രയിച്ച് യുവി സൂചികയില്‍ മാറ്റം വന്നേക്കാം.
പുലര്‍ച്ച സമയവും വൈകുന്നേരമുള്ള സമയവും സൂര്യനില്‍ നിന്നു വരുന്നത് യുവിഎ രശ്മികളാണ്. ഇത് ശരീരത്തിന് നൈട്രിക് ഓക്‌സൈഡ് നല്‍കുന്നു. എന്നാല്‍, വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ ഇത് ഉപകരിക്കില്ല.
വിറ്റാമിന്‍ ഡി കിട്ടുന്ന സമയം എങ്ങനെ തിരിച്ചറിയാം
നിങ്ങള്‍ സൂര്യപ്രകാശത്തിന് കീഴില്‍ നില്‍ക്കുമ്പോള്‍ നിഴലിന്റെ വലുപ്പവും നിങ്ങളുടെ വലുപ്പവും ശ്രദ്ധിക്കുക. നിങ്ങളുടെ ഉയരത്തെക്കാള്‍ നിഴല്‍ ചെറുതാണെങ്കില്‍ അതാണ് കൃത്യസമയം. ഈ സമയം യുവിബി രശ്മികള്‍ ചര്‍മത്തില്‍ എത്തുന്നത് വിറ്റാമിന്‍ ഡി മികച്ച രീതിയില്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
ഇരുണ്ട ചര്‍മുള്ളവരില്‍ ആവശ്യത്തിന് സൂര്യപ്രകാശം കിട്ടിയാലും അതായത് ഉയര്‍ന്ന അളവില്‍ മെലാനില്‍ ഉള്ളവരില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ പ്രയാസമാണ്. പ്രായം കൂടുന്നതനുസരിച്ചും ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉല്‍പാദനം കുറയുന്നതാണ്.
പൊണ്ണത്തടി, ദഹനസംബന്ധമായ തകരാറുകള്‍, വൃക്കരോഗങ്ങള്‍ എന്നിവ നേരിടുന്ന പ്രായമായവരിലുമൊക്കെ വിറ്റാമിന്‍ ഡി പ്രോസസ് ചെയ്യാന്‍ കഴിയുന്നതല്ല. മുതിര്‍ന്നവര്‍ക്ക് ഒരു ദിവസം 600 മുതല്‍ 800 ഐയു (ഇന്റര്‍നാഷനല്‍ യൂനിറ്റ്) വരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. പ്രായമായവരില്‍ അത് 800 മുതല്‍ 1000 ഐയു വരെയും കുട്ടികളില്‍ അത് 400 മുതല്‍ 600 ഐയു വരെയുമാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."