ജാമ്യത്തില്‍ ഇളവ് തേടി മനോജ് വധക്കേസ് പ്രതികള്‍
തലശ്ശേരി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ ജാമ്യത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ഹരജികളില്‍ ഇന്നലെ വാദം നടന്നു. മൂന്നാംപ്രതി കിഴക്കെ കതിരൂരിലെ കീര്‍ത്തനം വീട്ടില്‍ ചപ്ര പ്രകാശന് എന്ന സി പ്രകാശന് (51), 12ാം പ്രതി കിഴക്കെ കതിരൂരിലെ പുത്തലത്ത് പൊയില്‍ രാമന് എന്ന എ രാമചന്ദ്രന് (55) എന്നിവര്‍ തങ്ങള്‍ക്ക് ഓണത്തിനു വീട്ടിലെത്തി കുടുംബാംഗങ്ങളോടൊത്ത് ഓണമുണ്ണാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ഹരജി നല്‍കിയത്. 14ാം പ്രതി കതിരൂര്‍ ഉക്കാസ്മെട്ടയിലെ കാനത്തില്‍ വീട്ടില്‍ മുത്തു എന്ന വിജേഷ് തന്റെ ഗൃഹപ്രവേശനം നടക്കുന്ന സെപ്റ്റംബര്‍ അഞ്ചിനു ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കി വീട്ടില്‍ പോകാന്‍ അനുമതി നല്‍കണമെന്നും ആറാം പ്രതി കോട്ടയംപൊയില്‍ ചൂളാവില്‍ വീട്ടില്‍ അച്ചാര്‍ സുജിത്ത് എന്ന പി സുജിത്ത് (32) അസുഖംമൂലം വീട്ടില്‍ കിടപ്പിലായ അമ്മ രേവതിയെ കാണാന്‍ അനുമതി നല്‍കണമെന്നും 11ാം പ്രതി തളിപ്പറമ്പ് തടിക്കടവിലെ മണിക്കല്‍ അറപ്പയില്‍ കൃഷ്ണന് (45) തളിപ്പറമ്പ്, കണ്ണൂര്‍ താലൂക്കുകളില്‍ തനിക്കു താമസിക്കാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യമുന്നയിച്ചുമാണു കോടതിയെ സമീപിച്ചത്. ഇവര്‍ക്കു കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇവര്‍ ജാമ്യത്തില്‍ ഇളവുതേടി കോടതിയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."