ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റി ആക്രമണം: പരുക്കേറ്റവരില്‍ ഇന്ത്യക്കാരും
ബെര്‍ലിന്‍: ജര്‍മന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് കമ്പോളത്തില്‍ കാറിടിച്ചു കയറ്റിയ ആക്രമണത്തില്‍ പരുക്കേറ്റവരില്‍ ഇന്ത്യക്കാരും. ഏഴ് ഇന്ത്യക്കാര്‍ക്കാണ് പരുക്കേറ്റതെന്നാണ് വിവരം. ഇവരില്‍ മൂന്നു പേര്‍ ചികിത്സക്ക് ശേഷം ആശുപത്രിവിട്ടു. പരിക്കേറ്റവര്‍ക്കും കുടുംബത്തിനും ബര്‍ലിനിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ക്രിസ്മസ് മാര്‍ക്കറ്റിനു നേരെ കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ ചിന്തകളും പ്രാര്‍ഥനകളും ഇരകള്‍ക്കൊപ്പമാണെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്ക് പരുക്കേറ്റു. 41 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കേറിയ കമ്പോളത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് പ്രതി കാറോടിച്ച് കയറ്റുകയായിരുന്നു.
സംഭവത്തില്‍ സഊദി പൗരനായ സൈക്യാട്രിസ്റ്റിനെ പൊലിസ് അറസ്റ്റ് ചെയ്തു. ജര്‍മന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് താലിബ് അബ്ദുല്‍ മുഹ്‌സിന്‍ എന്ന സൈക്യാട്രിസ്റ്റാണ് പ്രതി. മഗ്‌ഡെബര്‍ഗിന് തെക്ക് 40 കി.മി അകലെ ബേര്‍ണ്ബര്‍ഗിലാണ് ഇയാള്‍ താമസിക്കുന്നത്. സഊദിയില്‍നിന്ന്
2006ലാണ് താലിബ് ജര്‍മനിയിലെത്തിയത്. 2016ല്‍ അഭയാര്‍ഥിയായി അംഗീകാരം നേടുകയും ചെയ്തു.
താന്‍ ഒറ്റയ്ക്കാണ് കുറ്റം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കറുത്ത ബി.എം.ഡബ്ല്യു കാര്‍ ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനത്തിന്റെ മുന്നിലെ ബംബറും വിന്റ് സ്‌ക്രീനും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."