വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു വ്യാപാര സ്ഥാപനത്തില്‍ കയറി കടയുടമയെ നാലംഗ സംഘം മര്‍ദിച്ചു
കൊടുങ്ങല്ലൂര്‍: നഗരത്തില്‍ വ്യാപാര സ്ഥാപനത്തില്‍ കയറി കടയുടമയെ നാലംഗ സംഘം മര്‍ദിച്ചു. തെക്കെ നടയിലെ കര്‍ണ്ണകി സില്‍വര്‍ ജ്വല്ലറി ഉടമ പുല്ലൂറ്റ് നാരായണമംഗലം മൂലേക്കാട്ട് വിനോദ്(40) നാണ് മര്‍ദനമേറ്റത്. ഇയാളെ ഒ.കെ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വൈകീട്ട് നഗരത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ 9.30 ഓടെ കട തുറന്ന ഉടനെയാണ് നാലംഗ സംഘം കടയിലേക്ക് ഇരച്ച് കയറി വ്യാപാരിയെ മര്‍ദിച്ചത്.
ഇടികട്ട ഉപയോഗിച്ചുള്ള ഇടിയേറ്റ് ഇയാളുടെ തലക്ക് അഞ്ച് തുന്നലുകള്‍ ഇടേണ്ടി വന്നു. സംഭവത്തിനിടയില്‍ അതുവഴി എത്തിയ സ്ഥലം എം.എല്‍.എ. അഡ്വ. വി.ആര്‍. സുനില്‍കുമാറും ഓടിയെത്തിയ വ്യാപാരികളും ചേര്‍ന്നാണ് എം.എല്‍.എ.യുടെ വാഹനത്തില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ സംബന്ധിച്ച് പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
വ്യാപാരിക്ക് നേരെ അക്രമം നടത്തിയവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ നടത്തിയത്. തുടര്‍ന്ന് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ഇ. ധര്‍മ്മപാലന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."