സ്‌കൂള്‍ പാചകശാലകളില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം
ചെറുവത്തൂര്‍: സ്‌കൂള്‍ പാചക ശാലകളില്‍ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ, സിലണ്ടര്‍ എന്നിവ അലക്ഷ്യമായി സൂക്ഷിക്കുന്നത് അപകട ഭീഷണിയുയര്‍ത്തുന്നു.
ചെറിയ കുട്ടികള്‍ക്കുപോലും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പലയിടങ്ങളിലും ഇവ സൂക്ഷിക്കുന്നത്. ഇതുമൂലം അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാലയ അധികൃതര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
വിറകടുപ്പിനു പകരം ഗ്യാസ് അടുപ്പുകള്‍ ഉപയോഗിച്ചാണ് നിരവധി വിദ്യാലയങ്ങളില്‍ ഇപ്പോള്‍ ഉച്ചഭക്ഷണം തയാറാക്കുന്നത്. പാചകശാലകള്‍ എപ്പോഴും കുട്ടികള്‍ എത്തുന്ന ഇടമാണ്.
അതുകൊണ്ട് തന്നെ അലക്ഷ്യമായി അവര്‍ ഇത് കൈകാര്യം ചെയ്യാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ വന്നു ചേരുന്ന അപകടം വളരെ വലുതായിരിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചിരിക്കുന്നത്.
ഗ്യാസ് സ്റ്റൗ, സിലണ്ടര്‍ എന്നിവ അലക്ഷ്യമായി സൂക്ഷിക്കുന്നതുമൂലമുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും സ്‌കൂള്‍ അധികാരികള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും സര്‍ക്കുലറിലൂടെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."