കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത: എൻ.ജി.ഒ.എ പിളർന്നു
പത്തനംതിട്ട: സംസ്ഥാന കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത സർവിസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷനിലും ശക്തമായതോടെ സംഘടന രണ്ടായി. നിലവിലെ പ്രസിഡൻ്റ് ചവറ ജയകുമാറും ജനറൽ സെക്രട്ടറി ജാഫർഖാനും രണ്ട് വിഭാഗങ്ങളായി പരസ്പരം പുറത്താക്കിയതോടെയാണ് സംഘടനയിലെ പിളർപ്പ് പൂർണമായത്. വിഭാഗീയത രൂക്ഷമായതോടെ കഴിഞ്ഞ സെപ്റ്റബറിൽ ചേർന്ന സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന കൗൺസിലും ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നില്ല.
കെ.പി.സി.സി ജനറൽ സെക്രട്ടറി സുബോധന്റെ നേതൃത്വത്തിൽ ഭാരവാഹികളുമായി ഒറ്റയ്ക്കൊറ്റയ്ക്കു ചർച്ച നടത്തിയിരുന്നെങ്കിലും ഭാരവാഹികളെ തെരഞ്ഞെടുക്കാൻ കഴിയാതിരുന്നത് സംഘടനയ്ക്ക് നാണക്കേടായി മാറിയിരുന്നു. ഇത് സമ്മേളനത്തിനെത്തിയ അംഗങ്ങൾക്കിടയിലും കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു തുടർന്ന് കെ.പി.സി.സി നേതൃത്വം രൂപീകരിച്ച ഉപസമിതി പലവട്ടം ചർച്ച നടത്തിയ ശേഷമാണ് ഇന്നലെ കൗൺസിൽ യോഗം ചേർന്നത്.
അസോസിയേഷൻ പുനഃസംഘടന നീണ്ടതോടെ കെ.പി.സി.സി സമിതി നിർദേശപ്രകാരം ആരംഭിച്ച മെംബർഷിപ്പ് കാംപയിൻ നിലച്ചിരുന്നു. ഭിന്നത രൂക്ഷമായ സാഹചര്യത്തിലായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
പോഷക സംഘടനകളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവും പാർട്ടിയുടെ നിയന്ത്രണവും കെ.പി.സി.സി നേതൃത്വം ആദ്യമായി ഏർപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്.
2024 സെപ്റ്റംബർ 25,26 തീയതികളിൽ അടൂരിലായിരുന്നു 49-ാ മത് സംസ്ഥാന സമ്മേളനം സമാപിച്ചത്. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരനെ അനുകൂലിക്കുന്നവരാണ് ചവറ ജയകുമാർ വിഭാഗം. ജാഫർ ഖാൻ വിഭാഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുകൂലികളാണെന്നാണ് അസോസിയേഷൻ പ്രവർത്തകർ പറയുന്നത്.
കഴിഞ്ഞ അഞ്ചര വര്‍ഷമായി ചവറ ജയകുമറാണ് അസോസിയേഷന്‍ പ്രസിഡന്റ്. ജാഫർഖാൻ ജനറൽ സെക്രട്ടറി ആയത് രണ്ടു വർഷം മുമ്പായിരുന്നെങ്കിലും ഇദ്ദേഹം നേരത്തേ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്നാൽ നിലവിലെ കമ്മിറ്റി മൊത്തത്തിൽ മാറി പുതുമുഖങ്ങളെ നേതൃസ്ഥാനത്ത് കൊണ്ടു വരണമെന്ന് കഴിഞ്ഞ സമ്മേളന കാലയളവിൽ ശക്തമായ ആവശ്യം ഉയർന്നിരുന്നു.
നേരത്തേ എ-ഐ വിഭാഗങ്ങളായി രണ്ട് സംഘടനകളെ പോലെ പ്രവർത്തിച്ച എൻ.ജി.ഒ അസോസിയേഷനിൽ 2014 മുതലാണ് കെ.പി.സി.സി ശക്തമായ ഇടപെടലുകൾ നടത്തിയത്. സംഘടനയിലെ ചേരിപ്പോരും പരസ്പരമുള്ള പുറത്താക്കലും അസോസിയേഷൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. ചവറ ജയകുമാറിനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയിട്ടില്ലെന്നും നേതൃമാറ്റം ഉണ്ടായിട്ടില്ലെന്നുമാണ് കെ.പി.സി.സിയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."