ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം
കൊല്ലം: ദേശീയപാതകളില്‍ ടോള്‍ കൊടുത്ത് കാശുകളയുന്ന സ്ഥിരം യാത്രക്കാര്‍ക്ക് ആശ്വാസമായി ടോള്‍ പാസുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ദേശീയപാതകളിലെ ടോള്‍ ഗേറ്റുകളില്‍ വാര്‍ഷിക, ആജീവനാന്ത (15 വര്‍ഷം) കാലാവധിയുള്ള ടോള്‍ പാസുകള്‍ അനുവദിക്കാനാണ് നീക്കം. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇത്തരം പാസുകള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം അംഗീകരിച്ചതായാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഉടന്‍തന്നെ പ്രഖ്യാപനമുണ്ടാകും.
ആദ്യഘട്ടത്തില്‍ സ്വകാര്യ കാറുകള്‍ക്കാണ് പാസുകള്‍ അനുവദിക്കുക. നിലവില്‍ ഫാസ്ടാഗുകള്‍ റീചാര്‍ജ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് വാര്‍ഷിക പാസുകള്‍ എടുക്കുമ്പോള്‍ നിരക്കുകളില്‍ കുറവ് വരും. സ്ഥിരമായി ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇത് ലാഭകരമാകും. കൂടാതെ ടോള്‍ ബൂത്തുകളിലെ തിരക്കു കുറയ്ക്കാനും സഹായകമാകും.വാര്‍ഷിക പാസിന് 3,000 രൂപയും 15 വര്‍ഷത്തേക്കുള്ള ആജീവനാന്ത പാസിന് 30,000 രൂപയുമാണ് ഈടാക്കുക.
ഈ പാസ് ഉപയോഗിച്ച് രാജ്യത്തെ എല്ലാ ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും പരിധിയില്ലാതെ കാലാവധി തീരുന്നതുവരെ യാത്ര ചെയ്യാനാകും. തുക ഒറ്റ തവണയായി തന്നെ അടയ്ക്കണം. നിലവിലുള്ള ഫാസ്ടാഗില്‍ തന്നെ വാര്‍ഷിക പാസുകള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ സ്ഥിരമായി കടന്നുപോകുന്നവര്‍ക്ക് പ്രതിമാസ പാസുണ്ട്. ഇതിന് 340 രൂപയാണ് നല്‍കേണ്ടത്. ഈ നിരക്കില്‍ വര്‍ഷത്തില്‍ 4,080 രൂപ വരുന്നുണ്ട്.
പുതിയ പാസ് സംവിധാനം എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ല. നിലവിലുള്ള രീതിയും ഇതോടൊപ്പം തുടരും. ദേശീയ പാതയില്‍ കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ ടോള്‍ നിരക്കുകള്‍ ക്രമീകരിക്കുന്നതും പരിഗണനയിലാണ്. നിലവില്‍ രാജ്യത്തിന്റെ മൊത്തം ടോള്‍ വരുമാനത്തിന്റെ 26 ശതമാനവും സ്വകാര്യ വാഹനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ വിവിധ ടോള്‍ ഗേറ്റുകളില്‍ നിന്ന് പിരിച്ചത് 55,000 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."