'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി നടത്തണമെന്ന ജോത്സ്യന്റെ വാക്ക് കേട്ട് 52 കാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം.
ചെരുപ്പുകുത്തിയായ 52കാരന്‍ പ്രഭാകര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡി എന്ന യുവാവിനെയും ഇയാളോട് നരബലി കഴിക്കാന്‍ നിര്‍ദ്ദേശിച്ച ജ്യോത്സ്യന്‍ രാമകൃഷ്ണയേയും പൊലിസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക-ആന്ധ്ര അതിര്‍ത്തിക്ക് സമീപത്താണ് പ്രഭാകറിന്റെ മൃതദേഹം കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ ചില്ലക്കേരെ ബസ് സ്റ്റോപ്പിലിരുന്ന് ചെരുപ്പുകള്‍ തുന്നുന്നയാളാണ് പ്രഭാകര്‍. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്.
ഹോട്ടലില്‍ പാചക തൊഴിലാളിയായിരുന്ന ആനന്ദ് റെഡ്ഡി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് മാറാന്‍ വഴി തേടിയാണ് ആനന്ദ് ജ്യോത്സ്യനായ രാമകൃഷ്ണയുടെ അടുത്തെത്തുന്നത്.
പരശുരംപുരയില്‍ നിധിയുണ്ടെന്നും മനുഷ്യക്കുരുതി നടത്തി ആ രക്തം മാരമ്മയ്ക്ക് സമര്‍പ്പിച്ചാല്‍ അത് സ്വര്‍ണമായി ലഭിക്കുമെന്നായിരുന്നു രാമകൃഷ്ണ, ആനന്ദിനെ വിശ്വസിപ്പിച്ചത്. ഇതോടെ ആനന്ദ് നരബലി നടത്താനായി ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
ഇതിനിടെയാണ് പ്രഭാകറിനെ ആനന്ദ് നോട്ടമിടുന്നത്. സംഭവ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനൊരുങ്ങിയ പ്രഭാകറിനോട് താന്‍ ബൈക്കില്‍ വീട്ടിലേക്ക് ഇറക്കാമെന്ന് ആനന്ദ് പറഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച് വാഹനത്തിന്റെ പെട്രോള്‍ തീര്‍ന്നെന്ന് പറഞ്ഞ് ആനന്ദ് പ്രഭാകറിനെ ബൈക്കില്‍ നിന്നും ഇറക്കി. തുടര്‍ന്ന് കൈവശം സൂക്ഷിച്ചിരുന്ന മൂര്‍ച്ചയുള്ള ആയുധം കൊണ്ട് നിരവധി തവണ പ്രഭാകറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു.
ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്നത് പോലെയുള്ള മൂര്‍ച്ചയുള്ള കത്തിയാണ് പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത്. കൊലപാതകത്തിന് ശേഷം നരബലിക്ക് ആളെ കിട്ടിയെന്ന് പ്രതി ജോത്സ്യനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇരുവരുടേയും ഫോണ്‍ കോളുകള്‍ പരിശോധിച്ച് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നരബലി ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ആനന്ദും, ജ്യോത്സ്യനും പൊലിസിന്റെ പിടിയിലാകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."