2034 ലോകകപ്പില്‍ മദ്യം ഉണ്ടാകില്ല, സ്ഥിരീകരിച്ച് സഊദി, മദ്യപിക്കാനായി ആരും വണ്ടി കയറേണ്ട
റിയാദ്: 2034ല്‍ സഊദി അറേബ്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ മദ്യം ഉണ്ടാകില്ലെന്ന് സ്ഥിരീകരിച്ച് സഊദി. 2034ലെ ഫിഫ ലോകകപ്പില്‍ മദ്യം അനുവദിക്കില്ലെന്ന് യുകെയിലേക്കുള്ള സഊദി അറേബ്യയുടെ അംബാസഡര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ ബന്ദര്‍ അല്‍ സൗദ് പറഞ്ഞു.
ഫെബ്രുവരി 12 ബുധനാഴ്ച ബ്രിട്ടനിലെ മുന്‍നിര റേഡിയോയായ എല്‍ബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിന്‍സ് ഖാലിദ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സ്റ്റേഡിയങ്ങള്‍ എന്നിവയുള്‍പ്പെടെ എവിടെയും മദ്യം ലഭ്യമാകില്ലെന്ന് പ്രിന്‍സ് ഖാലിദ് വ്യക്തമാക്കി.
'ഞങ്ങള്‍ മദ്യം അനുവദിക്കില്ല. അതില്ലാതെ തന്നെ ലോകകപ്പ് ആസ്വദിക്കാം. അത് 100 ശതമാനം ആവശ്യമുള്ള ഒന്നല്ല. സഊദിയില്‍ നിന്ന് മടങ്ങിയ ശേഷം നിങ്ങള്‍ക്ക് വേണമെങ്കില്‍ മദ്യപിക്കാം, പക്ഷേ ഞങ്ങള്‍ മദ്യം അനുവദിക്കില്ല, എല്ലാവര്‍ക്കും അവരുടേതായ സംസ്‌കാരമുണ്ട്. ഞങ്ങളുടെ സംസ്‌കാരത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, പക്ഷേ മറ്റൊരാള്‍ക്ക് വേണ്ടി ഞങ്ങളുടെ സംസ്‌കാരം മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ശരിക്കും? നിങ്ങള്‍ക്ക് ഈ പാനീയം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലേ?' അദ്ദേഹം ചോദിച്ചു.
ഫിഫ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആരാധകര്‍ സ്റ്റേഡിയങ്ങളില്‍ മദ്യപിക്കുന്നത് നിരോധിക്കുമെന്ന് ഫിഫ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദി ഗാര്‍ഡിയനോട് പറഞ്ഞിരുന്നു.
മദ്യ ഉപഭോഗത്തിന് കര്‍ശനമായ നിരോധനമാണ് സഊദിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയമലംഘനങ്ങള്‍ക്ക് പിഴ, തടവ്, നാടുകടത്തല്‍ അല്ലെങ്കില്‍ ശാരീരിക ശിക്ഷ എന്നിവ ലഭിച്ചേക്കാം. എന്നിരുന്നാലും, 2024 ജനുവരി മുതല്‍, കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ റിയാദിലെ ഒരു കേന്ദ്രത്തിന് മുസ്‌ലിംകള്‍ അല്ലാത്ത നയതന്ത്രജ്ഞര്‍ക്ക് മദ്യം വില്‍ക്കാന്‍ അനുമതിയുണ്ട്.
കഴിഞ്ഞ ഡിസംബര്‍ 11ന് ഫിഫ, 2034 ലോകകപ്പിന് സഊദി ആതിഥേയത്വം വഹിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഖത്തറിന് ശേഷം ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമായി ഇതോടെ സഊദി മാറും. 48 ടീമുകളെ ഉള്‍കൊള്ളിച്ച് നടത്തുന്ന ആദ്യ ലോകകപ്പായിരിക്കും സഊദിയില്‍ നടക്കുക. റിയാദ്, ജിദ്ദ, അല്‍ ഖോബാര്‍, അബഹ, നിയോം എന്നീ അഞ്ച് നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുക. റിയാദിലെ 92,000 പേര്‍ക്ക് ഇരിക്കാവുന്ന കിംഗ് സല്‍മാന്‍ സ്റ്റേഡിയം ഉള്‍പ്പെടെ പത്ത് പുതിയ സ്റ്റേഡിയങ്ങള്‍ ഉദ്ഘാടന, സമാപന മത്സരങ്ങള്‍ക്കായി നിര്‍മ്മിക്കും.
There will be no alcohol in the 2034 World Cup, Saudi Arabia has confirmed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."